പാലക്കാട്: പാലക്കാട് കോട്ടായിയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തോലന്നൂർ പൂളക്കപ്പറമ്പ് സ്വാമിനാഥൻ (72), ഭാര്യ പ്രേമ(62) എന്നിരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകസംഘത്തിൽ രണ്ടിലേറെപ്പേർ ഉണ്ടെന്നാണ് സൂചന. മാത്രമല്ല തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയതായി കണ്ടെത്തിയിട്ടുണ്ട്.

സ്വാമിനാഥനെ കഴുത്തറത്തും, ഭാര്യ പ്രേമയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആൺമക്കളും, മകളും സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി അനേഷ്രണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പരാതി ഗൗനിച്ചില്ലെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ പൊലീസിനെ വീടിനുള്ളിൽ കയറുന്നതിനു നാട്ടുകാർ തടഞ്ഞു. ഇവർ കൊല്ലപ്പെട്ടതായി സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്.

ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ ഷീജയ്ക്ക് അക്രമത്തിൽ പരിക്കേറ്റതായി വിവരങ്ങളുണ്ട്. ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ രാത്രിയാണ് കൊലപാതകം നടന്നത്. ഇവർ കൊല്ലപ്പെട്ടതായി പുലർച്ചെ സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദർ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്ത് എത്തി. കുഴൽമന്ദം, കോട്ടായി, ആലത്തൂർ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്ന സ്വാമിനാഥന്റെ പരാതിയെ പിന്തുടർന്നാകും അന്വേഷണമെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നിലാരാണെന്നതിന്റെ സൂചന പൊലീസിന് ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പ്രാഥമിക വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.