മലപ്പുറം: നാൽപ്പതു പേരെ ചോദ്യം ചെയ്തിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം. പാങ്ങ് ചേണ്ടി പെരുംചോലയിലെ ചെങ്കൽ ക്വാറിയിൽ യുവതി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു.

കരേക്കാട് ചേനാടൻകുളമ്പ് ചോലശ്ശേരി മൂസയുടെ മകൾ സാജിത(32)യെയാണ് ക്വാറിയിൽ മരിച്ചനിലയിൽ കണ്ടത്. ക്വാറിയിൽ ഭക്ഷണം പാകം ചെയ്യുന്ന ജോലി സാജിതയാണ് ചെയ്തിരുന്നത്. എന്നാൽ യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളും ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായതും സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു.

പാചക ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സാജിതയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ക്വാറിയും പരിസരവും കൃത്യമായി അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നും കൃത്യം നടത്താൻ ആസൂത്രണം നടന്നിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

അതേസമയം ഇതേ ക്വാറിയിൽ ജോലി ചെയ്തിരുന്ന രണ്ട് അസം സ്വദേശികളെ സംഭവത്തിനു ശേഷം കാണാതായിരുന്നു. എന്നാൽ ഇവർക്കു മാത്രമല്ല സംഭവത്തിൽ പങ്കുള്ളതെന്നാണ് പൊലീസ് നിഗമനം. ക്വാറിയുമായി ബന്ധപ്പെടുന്ന നാൽപ്പതിലധികം പേരെയാണ് ഇതുവരെ പൊലീസ് ചോദ്യം ചെയ്തത്. ക്വാറി ഉടമ, ക്വാറിയിൽ സ്ഥിരമായി എത്താറുള്ള ഡ്രൈവർമാർ, നാട്ടുകാരായ ചിലർ ചോദ്യം ചെയ്തവരിൽ പെടുന്നു. കാണാതായ അസം സ്വദേശികളിലേക്ക് അന്വേഷണം നീളുന്നതിനിടെയായിരുന്നു ചോദ്യം ചെയ്തവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചത്. സംഭവത്തിനു തൊട്ടു പിന്നാലെ അസമിലേക്ക് പുറപ്പെടാനിരുന്ന അന്വേഷണ സംഘം ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ക്വാറിയുമായി ബന്ധമുള്ള ചിലരെ പൊലീസ് രക്ഷപ്പെടുത്തുന്നതായി ആക്ഷേപവുമുണ്ട്. അതുകൊണ്ടാണ് പ്രിതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

അതേസമയം രണ്ട് അസം സ്വദേശികളും കേരളത്തിൽനിന്ന് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഇതുവരെയും വീട്ടിൽ എത്തിയിട്ടില്ല. അസം സ്വദേശികളിലേക്ക് മാത്രം കേന്ദ്രീകരിക്കാനിരുന്ന അന്വേഷണത്തിന് നാട്ടുകാരായ ചിലർക്ക് പങ്കുള്ളതായുള്ള മൊഴികളാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ക്വാറിയിലുണ്ടായിരുന്ന എട്ടു തൊഴിലാളികളിൽ രണ്ടു പേരെയാണ് കാണാതായത്. ബാക്കി ആറുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതുവരെയുള്ള ചോദ്യം ചെയ്യലിൽ ക്വാറിയുമായി അടുത്തിടപഴകുന്ന ചിലരുടെ മേൽ പൊലീസ് സംശയം ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ തലയിൽ കല്ലുപയോഗിച്ച് പരിക്കേൽപിച്ചും കഴുത്തിൽ ആയുധംകൊണ്ട് ആഴത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സാജിദയുടെ സ്വർണമാല നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങൾ മൊഴിനൽകിയിട്ടുണ്ട്. അതേസമയം, യുവതി ധരിച്ചിരുന്ന മോതിരം, കമ്മൽ എന്നിവയും കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപയും നഷ്ടപ്പെട്ടിട്ടില്ല. ഇതിനാൽ യുവതിയെ മാനഭംഗശ്രമം ഉണ്ടായതായും സംശയിക്കുന്നു.

എന്നാൽ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പോസ്റ്റുമോർട്ടത്തിനു നേതൃത്വം കൊടുത്ത കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു. തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡോഗ് സ്‌ക്വോഡും ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് ഇഴഞ്ഞു നീങ്ങുന്നത് സാജിതയുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശികളടക്കമുള്ളവരുടെ ഫോൺകോൾ വിശദാംശങ്ങളും ടവർ ലൊക്കേഷനുമെല്ലാം പൊലീസ് പരിശോധിച്ചു വരികയാണ്. പെരിന്തൽമണ്ണ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് സി.ഐ ബിജു അറിയിച്ചു.