തിരുവനന്തപുരം: ഭാര്യ പ്രസവിച്ചത് അറിഞ്ഞത് തന്നെ നാല് ദിവസത്തിന് ശേഷമാണ്. അറിഞ്ഞപ്പോൾ തന്നെ സുഹൃത്തിനൊപ്പം ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ ആദ്യമായി കാണാനെത്തിയയാളെയാണ് ഭാര്യാപിതാവ് കൈയിലിരുന്ന പേനകത്തി കൊണ്ട് കുത്തിക്കൊന്നത്. ഭാര്യയെ കാണാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ഭാര്യാപിതാവുമായി ആശുപത്രി കാന്റീനിൽ വെച്ചുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. തിരുവനന്തപുരം വെള്ളായണി സ്വദേശി ഊക്കോട് മുകളൂർമൂല മേൽതോട്ടത്ത് വീട്ടിൽ കൃഷ്ണകുമാർ(29) ആണ് മരിച്ചത്. ഭാര്യാപിതാവ് കല്ലിയൂർ വള്ളംകോട് സ്വദേശി ഉദയകുമാറി(52) ഒളിവിലാണ്.

സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരനാണ് കൃഷ്ണകുമാർ. വിഷു ദിവസം വൈകീട്ട് വഞ്ചിയൂരിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കൃഷ്ണകുമാറിന്റെ ഭാര്യ വ്യാഴാഴ്ചയാണ് പ്രസവിച്ചത്. ഭാര്യ പ്രസവിച്ച വിവരം കൃഷ്ണകുമാർ അറിഞ്ഞിരുന്നില്ല. ഞായറാഴ്ചയാണ് ഭാര്യ പ്രസവിച്ച വിവരം കൃഷ്ണകുമാർ അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി ആശുപത്രിയിൽ പോയി. അവിടത്തെ കാന്റീനിൽ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാർ മരുമകനെ കുത്തിയെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തടസംപിടിക്കാൻ ചെന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് വഴയില സ്വദേശി അഖിലിന് കുത്തേറ്റത്. ആശുപത്രിയിൽ നിന്ന് മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞവർഷം ജൂണിലാണ് അലീനയും സെക്രട്ടേറിയറ്റ് സഹകരണ വകുപ്പിലെ താത്കാലിക ഡ്രൈവറായ കൃഷ്ണകുമാറും തമ്മിലുള്ള വിവാഹം വീട്ടുകാർ നടത്തിയത്. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞതും കൃഷ്ണകുമാറും ഉദയകുമാറും തമ്മിൽ അകന്നു. ഈഴവ സമുദായാംഗമാണ് ഉദയകുമാർ. കൃഷ്ണകുമാറിന്റെ അച്ഛൻ ഈഴവ സമുദായവും അമ്മ പട്ടികവർഗക്കാരിയുമാണ്.

കല്യാണം കഴിഞ്ഞതോടെ, ഓരോ കാര്യങ്ങൾക്കും മകളെ കൃഷ്ണകുമാർ കുറ്റപ്പെടുത്തുമായിരുന്നുവത്രെ. ഇത് പിതാവ് ഉദയകുമാർ ചോദ്യം ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തിടെ ഇരുവരും തമ്മിലുള്ള വഴക്ക് വർദ്ധിച്ചു. മൊബൈൽഫോൺ വഴി ഭീഷണികളും നടത്തിയിരുന്നു. ഈ വഴക്ക് മൂത്തതാവാം കൊലയിലേക്ക് നയിച്ചതെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ശംഖുംമുഖം അസി. കമ്മിഷണർ ഷാനിഹാൻ പറഞ്ഞു.

ഈമാസം 12നാണ് കൃഷ്ണകുമാറിന്റെ ഭാര്യ അലീന ജനറലാശുപത്രിക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാൻ കൃഷ്ണകുമാറിനെ ഭാര്യവീട്ടുകാർ അനുവദിച്ചിരുന്നില്ല. കുഞ്ഞിനെ ആശുപത്രിയിൽ കാണാനെത്തിയ കൃഷ്ണകുമാറിന്റെ അമ്മയെയും ഭാര്യാവീട്ടുകാർ വഴക്കുപറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു. ഇതിനെത്തുടർന്നാണ് സുഹൃത്തിനോടൊപ്പം കൃഷ്ണകുമാർ ഞായറാഴ്ച ആശുപത്രിയിലെത്തിയത്. അതോടെ, ഇരുവരും തമ്മിൽ വാക്കേറ്റമായി.

വാക്കേറ്റം മൂത്തതോടെ ഉദയകുമാർ തന്റെ പക്കലുണ്ടായിരുന്ന കത്തിയെടുത്ത് കൃഷ്ണകുമാറിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കൃഷ്ണകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൃഷ്ണകുമാർ ഒരു വർഷം മുൻപാണ് അലീനയെ വിവാഹംചെയ്തത്. മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.