കാസർഗോഡ്: ഒരുമിച്ചു നിന്ന് ലക്ഷങ്ങൾ കൊയ്യുന്ന മണൽ സാമ്രാജ്യം വളർത്തി അകന്നു പോയതോടെ ശത്രുക്കളുമായി. പിന്നെ ഇരുവർക്കും പരസ്പരം ജീവനു തന്നെ ഭീഷണിയായി. ആര് ആരെ കൊല്ലുമെന്ന ഭയത്തോടെ കഴിഞ്ഞു. കുമ്പള പേരാലിലെ അബ്ദുൾ സലാമെന്ന 32 കാരനെ കൊലപ്പെടുത്തിയത് കർണ്ണാടകത്തിൽ നിന്നും മണൽ കടത്തി അതി സമ്പന്നനായ കൂട്ടാളി തന്നെ. അടുത്ത കാലം വരെ മണൽ മാഫിയാ സംഘമായി പ്രവർത്തിച്ച മാങ്ങാമുടി സിദ്ദിഖും സംഘവുമാണ് സലാമിനെ തലയറുത്തുകൊലപ്പെടുത്തിയത്.

പകയുടെ തീഷ്ണതയിൽ ഇത്രയും ക്രൂരമായ കൊലക്ക് സിദ്ദിഖിനെ പ്രേരിപ്പിച്ചതിന്റെ കാരണം ഇതാണ്. ഏപ്രിൽ 30 ഞായറാഴ്ച അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ സിദ്ദിഖിന്റെ വീട്ടിലെത്തി പണത്തിന് ആവശ്യപ്പെട്ടിരുന്നു. സിദ്ദിഖില്ലാത്ത സമയം അയാളുടെ അമ്മയേയും ഭാര്യയേയും മകളേയും ഭീഷണിപ്പെടുത്തി. അതിനു പ്രതികാരമായാണ് അബ്ദുൾ സലാമിന്റെ കൊലപാതകം അരങ്ങേറിയത്. ആവശ്യപ്പെട്ട പണം തരാമെന്ന് പറഞ്ഞ് അബ്ദുൾ സലാമിനേയും സംഘത്തേയും കോട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ബൈക്കിലെത്തിയ അബ്ദുൾ സലാമും കൂട്ടാളിയായ നൗഷാദും ഇറങ്ങിയ ഉടൻ സിദ്ദിഖും സംഘവും അക്രമം നടത്തുകയായിരുന്നു. മണൽ മാഫിയാ സാമ്രാജ്യത്തിന് അധിപനാകാൻ ഇനിയാരും ഉണ്ടാകരുതെന്ന് സിദ്ദിഖ് ഉറപ്പിച്ചിരുന്നു. തന്നെ എതിർക്കാൻ ആരും ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെ അബ്ദുൾ സലാമിന്റെ തല വെട്ടി മാറ്റി 30 മീറ്ററോളം ദൂരെ എറിഞ്ഞായിരുന്നു പക തീർത്തത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ദേഹമാസകലം വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവ സ്ഥത്തു നിന്നും ലഭിച്ച ബൈക്കുകൾ അക്രമിക്കപ്പെട്ടരുടേതാണെന്ന് നിർത്തിയിട്ട ഓട്ടോറിക്ഷ പ്രതിയുടേതാണെന്നും സംശയിക്കുന്നു.

വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അതിലൊന്നും രക്തക്കറ കണാത്തത് സംശയങ്ങൾക്ക് ഇട നൽകുന്നു. മണൽ മാഫിയാ സംഘങ്ങൾ രണ്ടു ചേരികളിലായി നാട്ടിൽ കലാപങ്ങൾ നടത്തുമ്പോഴും അവരെ ഒതുക്കാൻ പൊലീസ് നടപടിയൊന്നുമുണ്ടാകുന്നില്ല. അവർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. നേരത്തെ മുൻ പഞ്ചായത്ത് അംഗം മുഹമ്മദിന്റെ മകൻ ഷഫീക്കിനെ കൊലപ്പെടുത്തി മണലിൽ കുഴിച്ചിട്ട കേസിൽ കൊല്ലപ്പെട്ട അബ്ദുൾ സലാം പ്രതിയാണ്.

ബിജെപി .പ്രവർത്തകൻ ദയാന്ദൻ വധക്കേസിലെ പ്രതിയാണ് മാങ്ങാമുടി സിദ്ദിഖ്. വിവിധ കേസുകളിലെ പ്രതികൾ സ്വൈര്യ വിഹാരം നടത്തുന്ന പ്രദേശമായി കുമ്പള മാറിയിരിക്കയാണ്. കച്ചവടക്കാരേയും മറ്റും ഭീഷണിപ്പെടുത്തി ഹഫ്താ പിരിവ് നടത്തുന്ന സംഘവും ഇവിടെ വളർന്നു വരുന്നുണ്ട്. ഉപ്പള പോലെ തന്നെ കുമ്പളയിലും അധോലോക സംഘം വളർന്നു വരുന്നതിന്റെ സൂചനയാണിതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

കൊലയാളി സംഘത്തിൽ എട്ടുപേരാണുള്ളതെന്നാണ് വിവരം മുഖ്യ പ്രതി കുമ്പള പേരാൽ റോഡിലെ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് അടക്കമുള്ള ആറുപേരാണ് പൊലീസ് വലയിലായത്. കേസന്വേഷിക്കുന്ന കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് മുമ്പാകെ പ്രതികൾ ഹാജരാവുകയായിരുന്നുവെന്നാണ് വിവരം.