കൊല്ലം; കുണ്ടറയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.വാക്ക് തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുണ്ടറ കേരളപുരം വേലംകോണം സുമിന മൻസിലിൽ നജീമിന്റെ മകൾ സുമിനയാണു(28) കൊല്ലപ്പെട്ടത്. ഭർത്താവ് നിഷാദ് (30) പൊലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രി എട്ടു മണിയോടടുത്ത് കേരളപുരം എടവട്ടത്ത് സുമിനയും മാതാപിതാക്കളും താമസിച്ചിരുന്ന വാടകവീട്ടിലാണു സംഭവം. ഏതാനും മാസങ്ങളായി ഇരുവരും അകൽച്ചയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ നിഷാദും സുമിനയുമായി വഴക്കുണ്ടായി. ഇതിനിടെ നിഷാദ് സുമിനയെ മർദിക്കുകയും കത്തിയെടുത്തു കുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മാതാപിതാക്കളും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേർന്നു നിഷാദിനെ പിടിച്ചുമാറ്റി. തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. ഉടനെ തന്നെ സുമിനയെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ രണ്ടു മണിയോടെ മരിച്ചു.