കോഴിക്കോട്: പ്രാർത്ഥനയ്ക്കായി ആയിരങ്ങൾ ദിവസേന എത്തുന്ന കേഴിക്കോട് മടവൂർ മഖാമിന്റെ ഭാഗമായ സി.എം.എസ് പബ്ലിക്ക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾ മജീദിന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് പ്രദേശവാസികളെ. തന്റെ ലൈംഗിക വൈകൃതത്തിന് കൂട്ടുനിൽക്കാത്തതിനാണ് അബ്ദുൾ മജീദിനെ പ്രതി ഷംസുദ്ദീൻ കുത്തിക്കൊന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കാസർഗോഡ് സ്വദേശിയായ ഷംസുദ്ദീൻ കഴിഞ്ഞ ഒരു മാസമായി പള്ളിയും മഖാമും ചുറ്റിപ്പറ്റി നടക്കുകയായിരുന്നു. അലക്കിത്തേച്ച വസ്ത്രങ്ങളും സുഗന്ധവും പൂശി സിയാറത്തിന് എന്ന പേരിൽ പള്ളിപ്പരിസരത്ത് കറങ്ങാറുള്ള ഷംസുദ്ദീൻ തന്റെ ലൈംഗിക വൈകൃതത്തിനായി ഒരു ഇരയെ തേടി നടക്കുകയായിരുന്നു എന്ന് ആർക്കും മനസ്സിലായില്ല.

മദ്രസ-സ്‌ക്കൂൾ പഠനത്തിനായി ഒരു മാസം മുൻപാണ് മാനന്തവാടി കാരക്കക്കാമല ചിറകിൽ മമ്മൂട്ടിയുടെ മകൻ അബ്ദുൾ മജീദ് മടവൂർ എത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായിരുന്നു മജീദ്.പ്രഭാതകർമ്മം നിർവഹിച്ച് മടങ്ങിവരുമ്പോൾ ആയിരുന്നു മജീദിന് നേരെ ആക്രമണം നടന്നത്. പള്ളിയുടെ തൊട്ടു മുന്നിൽവച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനനത്തിന് ശ്രമിക്കുകയും സമ്മതിക്കാതിരുന്ന മജീറിന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കുകയുമായിരുന്നു.

കുത്തേറ്റ ഉടൻ മജീദ് അള്ളാ എന്ന് വിളിച്ച് പള്ളിയുടെ ഉള്ളിലെ താമസ സ്ഥലത്തേക്ക് ഓടി കട്ടിലിൽ കയറിക്കിടന്നു. കൂടെ ഉള്ള കുട്ടികൾ ബഹളം വച്ചു. ഇതോടെ ഷംസുദ്ദീൻ ഇറങ്ങി ഓടുകയായിരുന്നു. കുട്ടികൾ പുറകെ ഓടിയപ്പോൾ പരിസരവാസികളിൽ പലരും രാവിലെ ഉള്ള വ്യായമത്തിന്റെ ഭാഗമായി കുട്ടികളും ഉസ്താദും ഓടുകയാണ് എന്നാണ് ധരിച്ചത്. എന്നാൽ പിന്നീട് സംഭവം മനസ്സിലാക്കിയ നാട്ടുകാർ പിറകെ ഓടിപ്പിടിക്കുകയായിരുന്നു പ്രതിയെ. അപ്പോൾ മാനസികാസ്വസ്ഥം പ്രകടിപ്പിച്ച് പ്രതി നാട്ടുകാരെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ സംഭവം മനസ്സിലാക്കിയ നാട്ടുകാർ പ്രതിയെ ശരിക്കും കൈകാര്യം ചെയ്തു. ഇതിനിടെ തന്നെ പള്ളിയിലെ ഉസ്താദുമാർ കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റംസാൻ നോമ്പ് പകുതിയോടെ മഖാമിന്റെ പരിസങ്ങളിലെത്തിയ ഷംസുദ്ദീനെ സംശയാസ്പദമായ സാഹചര്യത്തിൽ പല തവണ കണ്ട മഖാമിലെ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പറയുന്നു. ഈ സംഭവത്തോടെ സ്‌കൂളലെ മറ്റു വിദ്യാർത്ഥികളും ഭയത്തിലാണ്. മഖാമിൽ ദിവസേന പ്രാർത്ഥനക്ക് എത്തുന്ന അപരിചിതരെ നിരീക്ഷിക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.