മംഗളൂരു: കർണ്ണാടകത്തിലെ സുള്ള്യ, പുത്തൂർ മേഖലകൾ കവർച്ചക്കാരുടെ ആവാസകേന്ദ്രമാണ്. ഒറ്റപ്പെട്ടു താമസിക്കുന്നവരെയാണ് അടുത്ത കാലത്തായി മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. ഇത്തരം സംഭവങ്ങൾക്ക് ഈ മേഖലയിൽ ഒട്ടേറെ പേർ ഇരയായിട്ടുണ്ട്. അവരുടെ പട്ടികയിൽ തനിച്ച് താമസിക്കുന്ന വയോധിക കൂടി ഉൾപ്പെട്ടിരിക്കയാണ്.

പുത്തൂരിലെ കാറടുക്ക ഹരാഡി കോമ്പൗണ്ടിൽ വാടക വീട്ടിൽ താമസിക്കുന്ന വിനോദിനി കമ്മത്ത് (79) ആണ് കവർച്ചക്കാരുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. ബാൻഡേഡ് തുണികൊണ്ട് കൈയും കാലും വരിഞ്ഞു കെട്ടിയ നിലയിലാണ് വിനോദിനിയുടെ മൃതദേഹം കണ്ടത്. വീടിന്റെ പ്രധാന കവാടത്തിനടുത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പുറത്ത് നിന്നും പൂട്ടിയ വീടിനുള്ളിൽ നിന്നും ജനാല വഴി ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സമീപ വാസികൾ തിരച്ചിൽ ആരംഭിച്ചത്.

വിനോദിനി തനിച്ചായതിനാൽ ചിലപ്പോഴൊക്കെ ബംഗളൂരുവിലുള്ള ഏക മകൾ മൈത്രിയോടൊപ്പം താമസിക്കാൻ പോകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീട് അടഞ്ഞു കിടന്നപ്പോൾ ആദ്യമാദ്യം അവർ മകളെ കാണാൻ പോയിരിക്കാമെന്ന് സംശയിച്ചു. കഴിഞ്ഞ ദിവസം വീടിന്നകത്തുനിന്നും പുറത്തേക്ക് ദുർഗന്ധം ഉയർന്നതോടെയാണ് അയൽവാസികളുടെ ശ്രദ്ധ പതിഞ്ഞത്. അവരുടെ തിരച്ചലിൽ അകത്ത് വിനോദിനിയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു. വയോധിക സ്ത്രീ തനിച്ചായതിനാൽ രാത്രിയിൽ വാതിലുകളടയ്ക്കും മുമ്പ് മോഷ്ടാക്കൾ അകത്ത് കടന്ന് കൂടിയിരിക്കാം. എന്നും സംശയിക്കുന്നുണ്ട്. അവസരം വന്നപ്പോൾ കവർച്ചക്കാർ അലമാരയും മേശ വലിപ്പുകളും തുറക്കാൻ ശ്രമം നടത്തിയപ്പോൾ ശബ്ദം പുറത്തറിയാതിരിക്കാൻ അവരിൽ ബലം പ്രയോഗിച്ചിരിക്കാം. ബാൻഡേഡ് തുണികൊണ്ട് അവരെ കെട്ടിയിടുന്നതിനിടെ കൊലപ്പെടുത്തുകയോ മരണം സംഭവിക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി വിനോദിനിയുടെ വാടക വീട് അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് സമീപ വാസികൾ പറയുന്നു. നേരത്തെ ഇവർ ബംഗളൂരുവിൽ ഭർത്താവിനൊപ്പം കഴിയുന്ന മകളുടെ കൂടെ താമസിക്കാറുണ്ടായിരുന്നു. എന്നാൽ അവിടുത്തെ കാലാവസ്ഥയിൽ ഇവരുടെ ആസ്തമാ രോഗം മൂർച്ഛിച്ചതോടെ പുത്തൂരിലേക്ക് തിരിച്ചു വരികയായിരുന്നു. മകളുടെ വിവാഹ ചെലവിനു വേണ്ടി സ്വന്തം വീട് വിൽപ്പന നടത്തിയതിനാൽ വിവാഹ ശേഷം മകൾക്കൊപ്പം താമസിക്കാമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പുത്തൂരിൽ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. മോഷ്ടാക്കൾ അലമാരയിൽ നിന്നും ആഭരണങ്ങളും പണവും കവർന്നിട്ടുണ്ടെന്നു നാട്ടിലെത്തിയ മകൾ മൈത്രി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വിശദമായ കണക്ക് ലഭ്യമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൽ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധരും പൊലീസും വീട്ടിലെത്തി തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും പ്രതികളെതേടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.