- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലെ നാലുപവൻ മാത്രം; കട്ടപ്പനിയിലെ വില്ലനെത്തേടി പൊലീസ്
ഇടുക്കി: കട്ടപ്പനയിലെ ചിന്നമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞതോടെ ഒരു തുമ്പും കിട്ടാതിരുന്നു അന്വേഷണ സംഘത്തിന് അൽപ്പം ആശ്വാസമായിട്ടുണ്ട്.കട്ടപ്പന ഡിവൈ.എസ്പി ജെ.സന്തോഷ്കുമാറും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
മൃതശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും ഇൻക്വസ്റ്റിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റമോർട്ടത്തിൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണസംഘം ഉണ്ടായിരുന്നത്. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ച് പോസ്റ്റമോർട്ടം നടത്തിയതോടെയാണ്് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.പുലർച്ചെ നാലരയോടെ റൂമിനുള്ളിൽ ചിന്നമ്മയെ ചോരയൊലിപ്പിച്ച നിലയിൽ ഭർത്താവ് ജോർജ് കണ്ടെത്തുകയായിരുന്നു. ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശരീരത്തിൽ ധരിച്ചിരുന്ന മാലയും വളകളും മോതിരവും അടക്കം നാലു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഭർത്താവിന്റെ മൊഴിയെ തുടർന്നാണ് പൊലീസ് അന്വേഷണം വിപുലീകരിച്ചത്. മോഷണമാവാം ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, മുറിയിൽ മൽപ്പിടുത്തം നടത്തിയതായി യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ വീടിന്റെ പിറകിലത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
ഇന്നലെ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരിയിൽ 25 പവന്റെ സ്വർണാഭരണങ്ങൾ ഇരിപ്പുണ്ടായിരുന്നു. വീടുപണി നടക്കുന്നതിനാൽ ബാങ്കിൽ നിന്നും എടുത്തവച്ച ഒരു ലക്ഷത്തോളം രൂപയും അലമാരിയിൽ തന്നെ ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ജോർജിന്റെ വീട്ടിൽ പണമുണ്ടാവുമെന്ന് കരുതി കയറിയ മോഷ്ടാക്കൾ എന്തുകൊണ്ട് അലമാര പരിശോധിച്ചില്ലായെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു കാര്യം.ജോർജിന് ശത്രുക്കളൊന്നും ഉള്ളതായി അറിയില്ല.
വീടുപണി നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴെത്തെ നിലയിലുമാണ് കിടന്ന് ഉറങ്ങിയിരുന്നത്. തൃശൂരിലെ മകളുടെ വീട്ടിലേക്ക് വെളുപ്പിനെ പോവാനായി തലേദിവസം തന്നെ ഡ്രസുകളും മറ്റും ബാഗിലാക്കി വച്ചിരുന്നു. ഇന്നലെ വെളുപ്പിന് നാലരയോടെ ചിന്നമ്മയെ വിളിച്ചുണർത്താനായി താഴത്തെ നിലയിൽ എത്തിയപ്പോൾ കട്ടിലിൽ നിന്ന് താഴെവീണുകിടക്കുന്ന നിലയിലായിരുന്നു. വായിൽ നിന്ന് രക്തം വന്നിരുന്നു. കൂടാതെ ഒരു തുണി വായിൽ കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
വിവരമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ നഷ്ടമാവാതിരിക്കാൻ നടപടി സ്വീകരിച്ചു. ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യുസിലന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് 2 പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ