ഷിക്കാഗോ: സംസ്ഥാത്തെ കൊലപാതക നിരക്കിൽ വൻ വർധന ഉണ്ടായതായി പൊലീസ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിൽ തന്നെ ഷിക്കാഗോയിലെ കൊലപാതക നിരക്കിൽ 84 ശതമാനമാണ് വർധന ഉണ്ടായിട്ടുള്ളതായി വ്യക്തമായിരിക്കുന്നത്. പുതുതായി ചാർജെടുത്തിരിക്കുന്ന പൊലീസ് ചീഫ് എഡ്ഡി ജോൺസണ് നേരിടേണ്ടി വരുന്നത് ഏറെ വെല്ലുവിളിയാണ്.

നാലു മാസത്തിനുള്ളിൽ ഷിക്കാഗോ പൊലീസ് തലപ്പത്തെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ജോൺസൺ. വെള്ളക്കാരനായ ഒരു പൊലീസ് ഓഫീസർ കറുത്ത വർഗക്കാരനായ ലക്വം മക്‌ഡൊണാൾഡ് എന്ന ടീനേജുകാരനെ വെടിവച്ചു കൊന്നതിനെ തുടർന്നുണ്ടായ കലാപത്തെ തുടർന്ന് ഗാരി മക് കാർത്തി പൊലീസ് മേധാവി സ്ഥാനം ഒഴിയുകയായിരുന്നു. ഈ സ്ഥാനത്താണ് എഡ്ഡി ജോൺസൺ പുതിയ സൂപ്രണ്ടായി ചുമതലയേൽക്കുന്നത്.

ഇക്കൊല്ലം മാർച്ച് 20 വരെ 575 വെടിവയ്പ് കേസുകളും 125 കൊലപാതകങ്ങളുമാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലഘട്ടത്തിൽ 290 വെടിവയ്പു കേസുകളും 68 കൊലപാതകങ്ങളുമേ ഉണ്ടായിരുന്നുള്ളു. രണ്ടു പതിറ്റാണ്ട് മുമ്പ് 1990 കളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ നിരക്ക് വളരെ കുറവാണ് എന്നതു മാത്രമാണ് ആശ്വാസം പകരുന്ന ഘടകം. വിശ്വസ്യത വീണ്ടെടുക്കുക എന്നതാണ് ഷിക്കാഗോ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനായി പരിശ്രമിക്കുമെന്നും പുതുതായി പൊലീസ് മേധാവിയായി സ്ഥാനമേറ്റ ജോൺസൺ പറഞ്ഞു. 55 വയസുള്ള ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോൺസൺ 27 വർഷമായി പൊലീസിൽ സേവനമനുഷ്ഠിക്കുന്നു.