തിരുവനന്തപുരം: ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ കുഞ്ഞിനെ കാണാനെത്തിയ യുവാവിനെ ഭാര്യ പിതാവ് കുത്തികൊന്നത് മുൻവൈരാഗ്യം കാരണം. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്ന് പറഞ്ഞ് ഭാര്യപിതാവ് ഉദയകുമാറും മരുമകൻ കൃഷ്ണകുമാറും തമ്മിൽ നിരവധി തവണ വാക്കേറ്റത്തിലേർപ്പെട്ടിരുന്നതായിട്ടാണ് വിവരമെന്ന് വഞ്ചിയൂർ എസ്ഐ സാഗർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച വിഷു ദിവസം വൈകുന്നേരമാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയായ ഗോവിന്ദൻസിൽ വെച്ച് സംഭവം നടന്നത്. ആശുപത്രിയുടെ ക്യാന്റീന് സമീപമാണ് സംഭവം നടന്നത്. കൃഷ്ണകുമാറും ഉദയകുമാറിന്റെ മകൾ അലീനയും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരുവർഷം പോലും ആയിട്ടില്ല.

സംഭവത്തെക്കുറിച്ച് വഞ്ചിയൂർ പൊലീസ് എബ് ഇൻസ്പെക്ടർ സാഗർ പറയുന്നത് ഇങ്ങനെ

ഏകദേശം ഒരു വർഷം ആകുന്നതെയുള്ളു കൃഷ്ണകുമാറും അലീനയും തമ്മിലുള്ള വിവാഹം നടന്നിട്ട്. സെക്രട്ടേറിയറ്റിലെ സഹകരണ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നു കൃഷ്ണകുമാർ. ബിബിഎ വിദ്യാർത്ഥിനിയായ അലീനയുമായി പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുകയുമായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടി കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ ശേഷം അവരുമായി നല്ല പൊരുത്തതിലായിരുന്നില്ലെന്നാണ് ലഭിക്കുന്നവിവരം. ഭർത്താവിന്റെ വീട്ടിൽസ്ഥിരമായി പ്രശ്നങ്ങളായതോടെ അലീനയെ സ്വന്തം വീട്ടിൽ എത്തിക്കാൻ ഉദയകുമാർ ആവശ്യപ്പെടുകയും ചെയ്തു.

ഇരു വീട്ടുകാരും തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നത് പതിവായി. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു. കൃഷ്ണകുമാറിന്റെ വീട്ടിൽ അലീനയ്ക്ക് നിരന്തരം പീഡനമായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നത്. എന്നാൽ ഈ വാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സ്ഥിരമായി കൃഷ്ണകുമാറിന്റെ അമ്മയുമായി പെൺകുട്ടിവഴക്ക് കൂടിയെന്നാണ് മറ്റൊരു വാദം. കൃഷ്ണകുമാർ അമ്മ പറയുന്നത് മാത്രമെ കേൾക്കുന്നുള്ളുവെന്ന് പറഞ്ഞും പെൺകുട്ടിയുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു. പ്രസവത്തിനായി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ ഭാര്യയെ നേരിൽ കാണാൻ കൃഷ്ണകുമാർ ഇടയ്ക്ക് കല്ലിയൂരുള്ള വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഇവിടെ എത്തുമ്പോഴെല്ലാം ഉദയകുമാർ വീട്ടിലുണ്ടെങ്കിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും പതിവായിരുന്നു. പിന്നീട് കൃഷ്ണകുമാറിനെ ഭാര്യയെ കാണാൻ വീട്ടിൽ എത്തുന്നതിൽ നിന്നും ഉയദയകുമാർ വിലക്കുകയും ചെയ്തു. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അലീന പ്രസവിച്ചെങ്കിലും വിവരം ഭർത്താവായ കൃഷ്ണകുമാറിനെ അറിയിച്ചില്ല.

തന്റെ ഭാര്യ പ്രസവിച്ചിട്ട് മൂന്ന് ദിവസമായി എന്ന് ചില ബന്ധുക്കൾ പറഞ്ഞത് അനുസരിച്ചാണ് കൃഷ്ണകുമാർ അറിയുന്നത്. ചില സുഹൃത്തുക്കളേയും കൂട്ടി അപ്പോൾ തന്നെ കൃഷ്ണകുമാർ ആശുപത്രിയിൽ എത്തുകയും ചെയ്തു.അവിടത്തെ കാന്റീനിൽ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാർ മരുമകനെ കുത്തിവീഴ്‌ത്തുകയായിരുന്നു.തടയാൻ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൃഷ്ണകുമാറിനെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്‌ത്തിയ ഉടനെ തന്നെ ഉദയകുമാർ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒരു സുഹൃത്തിന്റെ കൈയിൽ നിന്നും കുറച്ച് പണം കടം വാങ്ങിയ ശേഷം ഒരു കാറിൽ അയാൾ സ്ഥലം വിട്ടു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.