പാരിസ്: ഇക്കഴിഞ്ഞ ജൂലൈയിൽ ഫ്രാൻസിലെ നോർമാഡിയിലുള്ള റൗയനിലെ സബർബായ സെയിന്റ്എറ്റിന്നെഡുറൗവറിയിലെ ചർച്ചിലെ അൾത്താരയിൽ ഐസിസുകാരാൽ കഴുത്തറത്തുകൊല ചെയ്യപ്പെട്ട ഫ്രഞ്ച് വൈദികൻ ഫാ.ജാക്യൂസ് ഹാമലിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന സൂചനയുമായി പോപ്പ് ഫ്രാൻസിസ് രംഗത്തെത്തി. ഈ ഫാദറിന്റെ കല്ലറയിൽ പ്രാർത്ഥനയുമായി അനേകം വിശ്വാസികൾ എത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഫാ.ഹാമൽ ഒരു രക്തസാക്ഷിയാണെന്ന നിർണായക പ്രഖ്യാപനം പോപ്പ് ഇപ്പോൾ നടത്തിയിരിക്കുകയാണ്. ഫ്രഞ്ച് നഗരമായ റൗയനിൽ കൂടിയ അനേകം വിശ്വാസികളോട് സംസാരിക്കവെയാണ് പോപ്പ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.അബ്ദെൽ മാലിക്ക്, അഡെൽ കെർമിച്ചെ എന്നീ ഐസിസ് ഭീകരരായിരുന്നു വൈദികനെ അൾത്താരയിൽ വച്ച് വകവരുത്തിയിരുന്നത്. തുടർന്ന് ഇവർ അള്ളാഹു അക്‌ബർ എന്ന് വിളിച്ച് കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.

ഹാമലിന്റെ വധത്തിന് ശേഷമായിരുന്നു ഫ്രാൻസിലെ നേതാക്കന്മാർ ഇവിടെ വളർന്ന് വരുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള നടപടികൾ കർക്കശമാക്കിയിരുന്നത്. പടിഞ്ഞാറൻ യൂറോപ്പിലെ ചർച്ചിൽ ഇസ്ലാമിക് ഭീകരർ നടത്തിയ ആദ്യ ആക്രമണമായി ഇത് അറിയപ്പെടുന്നു. ഫ്രാൻസിലെ നൈസിൽ ബാസ്റ്റില്ലെ ഡേ ആഘോഷത്തിൽ ഏർപ്പെട്ടിരുന്ന ജനക്കൂട്ടത്തിന് നേരെ ലോറി ഓടിച്ച് കയറ്റി ഐസിസ് അനുഭാവി നടത്തിയ വെടിവയ്പിൽ 84 പേർ കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്ക് ശേഷമായിരുന്നു വൈദികൻ ഇത്തരത്തിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടിരുന്നത്. ദൈവത്തിന്റെ പേരിൽ ജനങ്ങളെ കൊല്ലുന്നത് പൈശാചികമാണെന്നും റൗയനിൽ വച്ച് പോപ്പ് പ്രസ്താവിച്ചു. ഫാ. ഹാമൽ അദ്ദേഹത്തിന്റെ ജീവൻ നമുക്കായി സമർപ്പിച്ച് രക്തസാക്ഷിയായെന്നും പോപ്പ് വിശ്വാസികളെ ഓർമിച്ചിരുന്നു.

സങ്കീർണമായ പ്രക്രിയകളിലൂടെ മാത്രമേ കത്തോലിക്കാ സഭ ഒരാൾക്ക് വിശുദ്ധപദവി നൽകാറുള്ളൂ. ഒരാൾ അത്ഭുത പ്രവർത്തികൾ ചെയ്തുവെന്ന് തെളിഞ്ഞാൽ മാത്രമേ വിശുദ്ധ പദവി ചാർത്തിക്കൊടുക്കുകയുമുള്ളൂ. എന്നാൽ രക്തസാക്ഷിയായി പ്രഖ്യാപിക്കപ്പെടുന്നവർക്ക് ഇത് ആവശ്യമില്ല. ലാളിത്യവും മനുഷ്യത്വവുമുള്ള വൈദികനായിരുന്നു ഫാ. ഹാമലെന്ന് പോപ്പ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഒരു ചിത്രം പ്രസ്തുത ചർച്ചിന്റെ അൾത്താരയിൽ സ്ഥാപിക്കണമെന്നും പോപ്പ് ഉത്തരവിട്ടിരുന്നു. ദൈവവുമായി അടുത്തിടപഴകാൻ കഴിയുന്നവരും അതിനാൽ അത്യത്ഭുതങ്ങൾ നിർവഹിക്കാൻ സാധിക്കുന്നവരുമായവരെയാണ് സാധാരണ വിശുദ്ധരായി പ്രഖ്യാപിക്കാറുള്ളത്.

സാത്താന്റെ സ്വാധീനത്തിൽ അകപ്പെട്ടിട്ടാണ് ഇസ്ലാമിക് തീവ്രവാദികൾ ഫാ. ഹാമലിനെ വധിച്ചതെന്നാണ് റൗയാനിലെ ബിഷപ്പായ ഡോമിനിക് ലെബ്‌റൻ റിപ്പോർട്ടർമാരോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ സഹോദരനെ കൊല ചെയ്തതിന് താൻ ഇസ്ലാമിനെ കുറ്റപ്പെടുത്തില്ലെന്നാണ് ഫാ.ഹാമലിന്റെ സഹോദരിയായ റോസ്ലിൻ പ്രതികരിച്ചിരിക്കുന്നത്. മുസ്ലിം സഹോദരന്മാർ സ്‌നേഹത്തിന്റെ ദൈവത്തെയാണ് പ്രാർത്ഥിക്കുന്നതെന്നും അത് നമ്മുടെ ദൈവമാണെന്നും അവർ പറഞ്ഞു. എന്നാൽ ഭീകരർ കൊല നടത്തിയത് ഇസ്ലാമിന്റെ ദൈവത്തിന്റെ പേരിലല്ലെന്നും അവർ അഭിപ്രായപ്പെട്ടു.