കൊച്ചി: കൈയിൽ ഓപ്പറേഷൻ ചെയ്ത ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്. ഇനി രണ്ട് ഓപ്പറേഷൻ കൂടി കഴിഞ്ഞാലെ ഭാഗീകമായിട്ടെങ്കിലും സ്വാധീനം ലഭിക്കു. ഇതിനായി വൻതുക ആവശ്യമാണ്. നിത്യചെലവിന് വകയില്ലാതെ വിഷമിക്കുമ്പോൾ ഇതേക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.. ഇനി എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ..എല്ലാത്തിനും തുണ ഈശോ മാത്രം ..ദീർഘ നിശ്വാസത്തോടെ ഉണ്ണി പറയുകയാണ്. ദുരിതങ്ങൾ വിവരിച്ച് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിലാണ് ഇനി ഇവരുടെ ശുഭ പ്രതീക്ഷ.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പരീക്ഷണത്തിനായി സ്വകാര്യ സ്ഥാപനം സ്ഥാപിച്ച ചപ്പാത്തി നിർമ്മാണ മിഷ്യനിൽ കൈ കുടുങ്ങി പരിക്കേറ്റപ്പോൾ ആശുപത്രിയിലാക്കി. പൊലീസ് കേസ് വേണ്ടെന്നും തുടർചിക്തസയും മറ്റും നടത്താമെന്നും ഫാ. മാത്യൂസ് ഇലവുങ്കൽ ഉറപ്പ് നൽകി. രണ്ട് ഓപ്പറേഷൻ ബാക്കി നിൽക്കേ 10000 രൂപ കൈയിൽ തന്നിട്ട് ഇറങ്ങി പൊയ്ക്കള്ളാൻ പറഞ്ഞു. തെരുവിലായപ്പോൾ അഭയമേകിയത് ഭാര്യ സഹോദരി. ജോലിയെടുക്കാൻ പറ്റാതായി. ഭാവി ജീവിതം അനിശ്ചിതത്വത്തിൽ. കുട്ടിയുടെ വിദ്യാഭ്യത്തിനും ഭക്ഷണത്തിനുമെങ്കിലും മാർഗ്ഗമുണ്ടായാൽ മതിയായിരുന്നു.

പത്ത് വർഷത്തോളം താനും 19 വർഷത്തോളം ഭാര്യയും സൗജന്യസേവനം അർപ്പിച്ച മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം നടത്തിപ്പുകാരുടെ കൊടുംചതിയെക്കുറിച്ചും ഇതുമൂലമുണ്ടായ ദുരിതങ്ങളെകുറിച്ചും മലപ്പുറം തിരൂർ വടക്കുംപാട്ട് പടിക്കൽ വി പി ഉണ്ണിയുടെ മറുനാടനോട് വെളിപ്പെടുത്തി. 2012 ഓഗസ്റ്റ് 1 -നായിരുന്നു ഉണ്ണിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ കരിനിഴൽ വീഴ്തിയ അപകടം.ആലുവയിലെ ഒരു സ്ഥാപനം നിർമ്മച്ച ഉപകരണം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ ധ്യാന കേന്ദ്രത്തിന്റെ അടുക്കളയിൽ സ്ഥാപിക്കുകയായിരുന്നെന്നും അപകടത്തിന് ശേഷം ഇത് ഇവിടെ നിന്നും മാറ്റുകയായിരുന്നെന്നും ഉണ്ണി വ്യക്തമാക്കി.

കൈമുട്ടുവരെ മിഷ്യനുള്ളിൽ പോയി. ബോളുകൾക്ക് പൊട്ടലും തൊലി ചതഞ്ഞരയുകയും ചെയ്തു. ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശൂപത്രിയിൽ എത്തിച്ചു. നില മോശമാതിനാൽ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. 9 മണിയോടെ തുടങ്ങിയ ശസ്ത്രക്രീയ പൂർത്തിയായത് വൈകിട്ട് നാല് മണിയോടെയായിരുന്നു. ഓപ്പറേഷന് ശേഷം ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള വിശ്രമം ധ്യാനകേന്ദ്രം നടത്തിപ്പുകാർ അനുവദിച്ച് നൽകിയില്ലെന്നും തുന്നിക്കെട്ടിയ കൈയുമായി ഏറെ വേദന സഹിച്ച് താൻ ജോലിചെയ്യേണ്ടി വന്നെന്നും ഉണ്ണി പറഞ്ഞു. ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞ് എത്തി ഏറെ താമസിയാതെ കേന്ദ്രത്തിലെ ടീ സ്റ്റാളിന്റെ ചുമതല തനിക്ക് നൽകുകയായിരുന്നെന്നും ഒരുകൈയുമായി ജോലി ചെയ്യവേ അന്ന് ഉണ്ണി അനുഭവിച്ച ബുദ്ധിമുട്ട് കണ്ട് പലവട്ടം കണ്ണ് നിറഞ്ഞിട്ടുണ്ടെന്നും ഭാര്യ ഇടുക്കി കരിമ്പൻ സ്വദേശി ജെസി മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ടാമത്തെ ഓപ്പറേഷൻ കഴിഞ്ഞ് ഏറെ താമസിയാതെ അടുക്കളയിൽ ജോലിയിൽ ജോലിക്ക് നിയമിതായ തനിക്ക് നേരെ സഹപ്രവർത്തകൻ മാള സ്വദേശി ജോസഫ് നടത്തിയ 'ആക്രമണം 'സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയെന്നും തന്നെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയത് ഇഷ്ടക്കാരനായ ഈ ജീവനക്കാരനെ സംരക്ഷിക്കാനായിരുന്നെന്നുമാണ് ഉണ്ണിയുടെ ആരോപണം. നിസ്സാര കശപിശയുടെ പേരിൽ ഇയാൾ അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കോഴിക്കറി കൈയിൽ ഓപ്പറേഷൻ ചെയ്ത ഭാഗത്തേക്ക് കോരിയൊഴിക്കുകയായിരുന്നെന്നും ഇതുമൂലം പ്ലാസ്റ്റിക് സർജ്ജറി ചെയ്ത ഭാഗത്തെ തൊലി വെന്തുപോയെന്നും ഇപ്പോഴും ഇതുമൂലമുള്ള അസ്വസ്ഥതകൾ വിട്ടുമാറിയിട്ടില്ലന്നും ഉണ്ണി അറിയിച്ചു.

തുന്നിക്കെട്ടിയ മുറിവ് വെന്ത് ,കഷ്ടടതയുമായി കഴിഞ്ഞിട്ടും ഉത്തരവാദിത്വപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല ,പരാതി പറഞ്ഞപ്പോൾ ലഭിച്ചിരുന്ന ഭക്ഷണം കൂടി അധികൃതർ വിലക്കി.പിന്നീട് ബ്രഡും പച്ചവെള്ളവും മാത്രം കഴിച്ച് ഒരാഴ്ച ജീവിച്ചു.പിന്നെ ഞങ്ങൾ പടിയിറങ്ങി..ജീവൻ രക്ഷിക്കാൻ ഇതല്ലാതെ മറ്റ് മാർഗ്ഗം ഇല്ലായിരുന്നു.ജെസി വ്യക്തമാക്കി. 15-ാം വയസിൽ ഇവിടെ ധ്യാനത്തിനെത്തിയ തന്നോട് ഇവിടുത്തെ ശ്രുശ്രൂഷയിൽ പങ്കെടുത്ത് കഴിയാൻ ഡയറക്ടർ അച്ചൻ നിർദ്ദേശിക്കുകയായിരുന്നുന്നെന്നും വീട്ടുകാർ സമ്മതിച്ചതിനെത്തുടർന്നാണ് ഇവിടെ തുടർന്നതെന്നും ജെസി പറഞ്ഞു.ഇവിടെ പ്രസ്സിലായിരുന്നു ഏറെ കാലവും ജോലിചെയ്തിരുന്നത്.

മദ്യപാനശീലം മാറ്റിയെടുക്കാനാണ് താൻ കേന്ദ്രത്തിലെത്തിയതന്നും ഇവിടുത്തെ ധ്യാനത്താലും ശുശ്രൂഷയാലും ഇത് മാറി ഇവിടെ നിന്നും പോകാനിറങ്ങിയപ്പോൾ പാചക ജോലി അറിയാവുന്നതിനാൽ അടുക്കളയിൽ ജോലിക്കായി നിയോഗിക്കുകയായിരുന്നും ഇതിനിടയിലാണ് ഇവിടെ വച്ച് ജെസിയെ കണ്ട് ഇഷ്ടത്തിലായതും വിവാഹം കഴിച്ചതെന്നും ഉണ്ണി പറഞ്ഞു.ഇപ്പോൾ ഈ ദമ്പതികൾക്ക് നാല് വയസായ കുട്ടിയുമുണ്ട്. ജോർജ്ജ് പനയ്ക്കൽ അച്ചൻ ഡയറക്ടർ ആയിരുന്നപ്പോൾ ഇവിടെ എല്ലാം നല്ലരീതിയിൽ ആയിരുന്നു നടന്നിരുന്നത് .ഇപ്പോഴത്തെ ഡയറക്ടർ ഫാ. മാത്യു ഇലവുങ്കൽ ചാർജ്ജെടുത്തതോടെയാണ് ഞങ്ങളുടെ കഷ്ടകാലം തുടങ്ങിയത്.ജെസി വ്യക്തമാക്കി.

'നിങ്ങൾ പോയാലും കുഴപ്പമില്ല, ജോസഫ് ഇവിടെ വേണ'മെന്നായിരുന്നു ഫാ.മാത്യൂസിന്റെ നിലപാടെന്നും പോകാനിടമില്ലന്നറിയിച്ചപ്പോൾ 10000 രൂപ കൈയിൽ തന്നിട്ട് സ്ഥലം വിടാൻ ആവശ്യപ്പെടുകയായിരുന്നെന്നുമാണ് ദമ്പതികളുടെ വെളിപ്പെടുത്തൽ. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ സൗജന്യ ഭവനപദ്ധതിയിൽ തങ്ങൾക്കൊരു വീട് അനുവദിച്ച് നൽകണമെന്ന് അപേക്ഷിച്ചെന്നും 50000 രൂപ നൽകാമെങ്കിൽ ഇത് നൽകാമെന്നായിരുന്നു ഈ അവസരത്തിൽ ഫാ.മാത്യൂസ് അറിയച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.സൗജന്യ സേവനം ചെയ്യുന്ന തങ്ങളുടെ കൈവശം പണം ഉണ്ടാവില്ലന്നറിയാമായിരുന്നിട്ടും വൈദീകൻ തങ്ങളോട് ഇത്തരത്തിൽ പെരുമാറിയതിന്റെ വിഷമം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ലന്നും ഇരുവരും തുടർന്ന് പറഞ്ഞു.

ചോറ്റാനിക്കരയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന ഭാര്യയുടെ ഭാര്യ സഹോദരിയുടെ കൂടെയാണ് ഇപ്പോൾ താമസം.ഒരു ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ലഭിച്ചെങ്കിലും ഇത് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.