ലണ്ടൻ: പ്രശസ്തമായ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു ബ്രിട്ടനിൽ തുടങ്ങിയ ശാഖയായ ഡാർലിങ്ടൺ ഡിവൈൻ റിട്രീറ്റ് കേന്ദ്രത്തെ മറയാക്കി 70000 പൗണ്ടിന്റെ(ഏതാണ്ട് 60 ലക്ഷം രൂപ) തട്ടിപ്പു നടത്തിയ മലയാളി യുവാവിന് ഒടുവിൽ ജയിൽ ശിക്ഷ. ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷകനായും സേവകനായും ചമഞ്ഞെത്തിയ നൈനാൻ വർഗീസ് എന്ന യുവാവാണ് കോടതി വിധിയിലൂടെ മൂന്നര വർഷത്തോളം ജയിൽ ജീവിതം അനുഭവിക്കാൻ തയ്യാറെടുക്കുന്നത്. ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥനക്കു എത്തിയ ബർമിങ്ഹാമിലെ ഡോക്ടർ ദമ്പതികൾക്ക് ചുളുവിലയ്ക്ക് വീട് വാങ്ങി നൽകാം എന്ന പ്രലോഭനം നൽകിയാണ് ഇയാൾ 70000 പൗണ്ട് കൈക്കലാക്കിയത് എന്നായിരുന്നു കേസ്. പതിവായി ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്ന ദമ്പതികളെ നല്ല വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം കൈക്കലാക്കിയത് എന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ഘട്ടത്തിൽ പാപ്പരായി മാറിയ ഇയാളിൽ നിന്നും പരാതിക്കാർക്കു നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതിനിടെ ഡാർലിങ്ടൺ ധ്യാന കേന്ദ്രത്തിന്റെ തുടക്കകാലത്തു മുൻനിരയിൽ നിന്ന രണ്ടു പ്രാർത്ഥനക്കാരുടെ പേരും ഇപ്പോൾ യുകെ മലയാളികൾ ചർച്ച ചെയ്യുകയാണ്. ധ്യാന കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ടു എത്തിയ വൈദികരെ ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഇരുവരും ഇപ്പോൾ പ്രമുഖ സംഘടനയുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകരായി സമൂഹത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇവരുമായി ബന്ധപ്പെട്ട തർക്കം പൊതു മധ്യത്തിൽ എത്തുന്നത് ധ്യാന കേന്ദ്രത്തിനു ക്ഷീണമാകും എന്ന ചിന്തയിൽ മൂടി വയ്ക്കപ്പെടുക ആയിരുന്നു എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. പ്രാർത്ഥന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ഇപ്പോൾ യുകെ മലയാളികൾ തിരിച്ചറിയുന്നത്.

ഏതാനും വർഷം മുൻപ് പ്രശസ്തമായ ധ്യാന കേന്ദ്രത്തിന്റെ മറവിൽ ഗ്യാസ്, ഇലക്ട്രിസിറ്റി ഇന്ധന വിതരണത്തിന് ഇറങ്ങിയ പ്രാർത്ഥനക്കാരൻ കോടീശ്വരനാകാൻ എളുപ്പ വഴിയായായാണ് പ്രാർത്ഥന ഉപയോഗപ്പെടുത്തിയത്. ഇയാൾക്കെതിരെ ബ്രിട്ടീഷ് മലയാളിയിൽ അടക്കം വാർത്ത എത്തിയപ്പോഴാണ് ധ്യാന കേന്ദ്രം ഇടപെട്ടു പ്രാർത്ഥന ബിസിനസ് അവസാനിപ്പിച്ചത്. ഇയാൾ ഇപ്പോഴും സ്വന്തം നിലയിൽ മുടക്കു മുതൽ ആവശ്യമില്ലാത്ത പ്രാർത്ഥന ബിസിനസ്സിൽ സജീവമാണെന്നാണ് സൂചന. ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്ന ഇത്തരക്കാരെ കുറിച്ച് ഇടയ്ക്കിടെ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും വിശ്വാസം മറയാക്കി നടത്തുന്ന ബിസിനസ് തളർച്ചയില്ലാതെ തഴച്ചു വളരുകയാണ്.

മിഡ്‌ലാന്റ്‌സിൽ ജിപിയായി ജോലി ചെയ്യുന്ന ദമ്പതികളെ നയചാതുരിയോടെ വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം തട്ടിച്ചതെന്നു പ്രോസിക്യൂട്ടർ ജോലിയോൺ പേർക്‌സ് റ്റീസൈഡ് ക്രൗൺ കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ഡോക്ടർ ദമ്പതികൾക്ക് വേണ്ടി ദൈവം നേരിട്ട് അയച്ച വ്യക്തിയാണ് താനെന്നു പരാതിക്കാരെ വിശ്വസിപ്പിക്കാൻ 43 കാരനായ നൈനാന് കഴിഞ്ഞുവെന്നും കോടതിയിൽ തെളിയിക്കാനായി. പരാതിക്കാരുടെ നിസ്സഹായത പ്രതി നന്നായി ചൂഷണം ചെയ്യുക ആയിരുന്നു എന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. വിധി കേട്ട് പുറത്തു വന്ന നൈനാൻ സ്‌കാർഫ് ഉപയോഗിച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ കൂളായി ചിരിച്ചു ഫോട്ടോക്ക് പോസ് ചെയ്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ നന്നായി ഉപയോഗിക്കുകയാണ്. ഇയാൾ ഒട്ടും മനസ്താപം പ്രകടിപ്പിച്ചിട്ടില്ലെന്നു കോടതിയും വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു. ഇതോടെ ജഡ്ജ് സൈമൺ ബേൺ ആർട്ടൻ ആരോപണ വിധേയൻ ശിക്ഷാർഹമാണ് ഏന് കണ്ടെത്തുക ആയിരുന്നു.

താമസിച്ചു ധ്യാനം കൂടാൻ എത്തിയ സന്ദർഭത്തിലാണ് നൈനാൻ വർഗീസ് ഡോകടർ ദമ്പതികളുമായി കൂടുതൽ അടുത്തത്. പരിചയം ആത്മബന്ധമായി വളർന്നപ്പോൾ രാവും പകലും നോക്കാതെ നൈനാൻ മിഡിൽസ്ബറോയിൽ നിന്നും മിഡ്‌ലാന്റ്‌സിലേക്കു ഡ്രൈവ് ചെയ്യുക പതിവായി. ധ്യാന കേന്ദ്രത്തിലെ പ്രാർത്ഥനക്കു പുറമെ ഡോക്ടറാമാരുടെ വീട്ടിലും പ്രാർത്ഥന പതിവായി. ഇതിനിടയിൽ നൂറ് കണക്കിന് ഫോൺ കോളുകളും കൈമാറി. ഡോക്ടർമാരുടെ വിശ്വാസം പിടിച്ചു പറ്റാൻ ധ്യാന കേന്ദ്രത്തിൽ എത്തുന്ന പ്രമുഖ വചന ശുശ്രൂഷകരെയും കൂടെ കൂട്ടാൻ നൈനാൻ മറന്നില്ല. ഇതെല്ലം തട്ടിപ്പിനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായി നൈനാൻ രൂപം നൽകിയതാണെന്നു കോടതിക്ക് ബോധ്യമായി.

ബന്ധം ബിസിനസിലേക്കു വളർത്താൻ ഡോക്ടർമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഈ ഘട്ടത്തിലാണ്. തനിക്കു പങ്കാളിത്തമുള്ള പ്രാദേശിക പത്ര വിതരണ സ്ഥാപനത്തിൽ ഷെയർ എടുക്കാൻ പ്രേരണയായി. ഇതിന്റെ ലാഭവിഹിതം വൈകാതെ നൽകാതെ എന്ത് പറഞ്ഞാലും ഡോക്ടർമാർ വിശ്വസിക്കും എന്നിടം വരെ കാര്യങ്ങൾ എത്തിച്ചു. ഇതേ തുടർന്നാണ് തന്റെ അറിവിൽ ചുളു വിലയ്ക്ക് വിൽക്കാൻ ഇട്ടിരിക്കുന്ന കെട്ടിടം സ്വന്തമാക്കുന്ന കാര്യം ഇയാൾ അവതരിപ്പിക്കുന്നത്. പണം തന്റെ പേരിൽ സ്വീകരിച്ച ഇയാൾ കെട്ടിടം വാങ്ങി അതിൽ ബിസിനസ് തുടങ്ങിയപ്പോഴാണ് തങ്ങൾ സമർത്ഥമായി വഞ്ചിക്കപ്പെട്ടു എന്ന് ദമ്പതികൾക്ക് ബോധ്യമാകുന്നത്. ഇതേ തുടർന്നാണ് നിയമ നടപടികൾ ആരംഭിക്കുന്നത്.

രണ്ടു വർഷം മുൻപാണ് ഈ കേസിനു ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. വസ്തു ഇടപാടിലും ബിസിനസിലെ വ്യാജ പ്രമാണങ്ങൾ സൃഷ്ടിച്ചും നൈനാൻ തന്റെ കുരുട്ടു ബുദ്ധി നന്നായി ഉപയോഗിച്ചു. പണം കിട്ടിക്കഴിഞ്ഞതോടെ ബന്ധത്തിൽ നിന്നും അകന്ന ഇയാൾ പിന്നീട് ധ്യാന കേന്ദ്രത്തിൽ വച്ച് തന്നെ പണം താൻ കൈക്കലാക്കുക ആയിരുന്നു എന്ന് സമ്മതിക്കുക ആയിരുന്നു. പൊലീസ് കേസിനു പോകാതായാൽ 250 പൗണ്ട് വീതം നൽകി കടം തീർക്കാം എന്നതായിരുന്നു ഇയാളുടെ ഓഫർ. എന്നാൽ തന്റെ കബളിപ്പിക്കൽ നാടകം സമർത്ഥമായി വിജയത്തിൽ എത്തിക്കാൻ വേണ്ടിയുള്ള സാവകാശത്തിനു വേണ്ടിയാണ് ഇയാൾ ഈ ഓഫർ മുന്നോട്ടു വച്ചത്. കൃത്യം ഒരു വർഷത്തിനകം പാപ്പരായി മാറിയ ഇയാൾ ഡോകട്ർമാരിൽ നിന്നും കിട്ടിയ പണം തന്റെ 90000 പൗണ്ട് കടം തീർക്കാൻ ഉപയോഗിച്ചതായി കുറ്റസമ്മതവും നടത്തി.

മറ്റൊരു ബിസിനസ്സിൽ നികുതി വെട്ടിപ്പ് നടത്തിയതിനു നിയമനടപടികൾ നേരിട്ട ചരിത്രവും നൈനാന്റെ പേരിലുണ്ട്. ഡോക്ടർമാരുടെ ജീവിത സമ്പാദ്യം അതി നിഷ്ടൂരമായി കൈക്കലാക്കിയ ക്രിമിനൽ എന്ന നിലയിൽ നൈനാൻ ദയ അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇയാൾ ഒരിക്കൽ പോലും പശ്ചാത്തപിക്കാൻ ശ്രമിക്കാഞ്ഞതും കോടതി നിരീക്ഷിച്ചു. നൈനാന് വേണ്ടി ദയാപൂർമായ നടപടികൾ ഉണ്ടാകണമെന്നും കോടതിയിൽ ആവശ്യമുണ്ടായി. ഇയാൾക്ക് മൂന്നു കുട്ടികൾ ഉള്ളതിനാൽ ദീർഘകാല ജയിൽ ശിക്ഷ നൽകരുതെന്നും ആവശ്യപ്പെട്ടത് കോടതി പരിഗണിച്ചില്ല.