തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായി കവിതയെഴുതിയ റഫീക്ക് അഹമ്മദിനെതിരെ സൈബർ അറ്റാക്ക് രൂക്ഷമാകുന്നതിനിടെ മറുപടി കവിതയുമായി മുരുകൻ കാട്ടാക്കട.ഫേസ്‌ബുക്കിൽ സിൽവർ ലൈൻ എന്ന പേരിൽ തന്നെയാണ് മുരുകൻ കാട്ടാക്കടയും കവിതയെഴുതിയിരിക്കുന്നത്.

സിൽവർലൈൻ
'കെ റെയ്‌ല് വേണ്ട.'
അല്ല, നാലു മണിക്കൂറുകൊണ്ട് കാൻസർ രോഗിക്ക് കാസറഗോട്ട് നിന്ന് RCCയിലെത്താം.

'ന്നാലും കെ റെയ്‌ല് വേണ്ട.'
അല്ല റെയിൽവെ ട്രാക്കിന്റെ പകുതി പരിസ്ഥിതി ആഘാതമെ
കെ ട്രാക്കിനുള്ളത്രെ!
'ന്നാലും കെ റെയ്‌ല് വേണ്ട.'
കേടാകാതെ വേഗം എത്തുമ്പോൾ പച്ചക്കറി, പഴം വില കുറയുമത്രെ!
'ന്നാലും വേണ്ട.'
കാർബൺ ന്യൂട്രൽ.. പെട്രോൾ ഡീസൽ ഉപയോഗിക്കുറവ്....
'ന്നാലും വേണ്ട.'
ഹാ വിശേഷം ചോദിക്കാൻ മറന്നു ,എങ്ങനെ ഉണ്ടായിരുന്നു കവീ സിംഗപൂർ യാത്ര?'എന്റ്റിഷ്ടാ, മിനിറ്റിനുള്ളിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തെത്താം, സ്വർഗ്ഗം സ്വർഗ്ഗം തന്നെ. നമ്മള് കണ്ടു പഠിക്കണം'.

എന്നീ വരികളാണ് മുരുകൻ കാട്ടാക്കട കുറിച്ചിരിക്കുന്നത്.

 

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് അദ്ദേഹം കെറെയിലിനെതിരെ റഫീക്ക് അഹമ്മദ് കവിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.'എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്നു തുടങ്ങുന്ന കവിതയ്ക്കും (കെറെയിൽ) കവിത എഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം വ്യാപകമാവുകയാണ്.

ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമർശനം.വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ സൈബർ ആക്രമണങ്ങളെ പുച്ഛിച്ച് 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് മുരുകൻ കാട്ടാക്കടയിലുടെ സിപിഎം മറുപടി നൽകുന്നത്.