മസ്‌ക്കറ്റ്: എയർപോർട്ട് ടാക്‌സി താരിഫുകളിൽ കുറവ് വരുത്തി മസ്‌ക്കറ്റ് മുനിസിപ്പൽ കൗൺസിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. കസ്റ്റമേഴ്‌സിനും ടൂറിസ്റ്റുകൾക്കുമുള്ള മെച്ചപ്പെട്ട സേവനത്തിനായി ഡ്രൈവർമാരിൽ നിന്നുള്ള മോശം പെരുമാറ്റത്തിനും പിഴ ഈടാക്കാൻ  മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

എയർപോർട്ട് ടാക്‌സി നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് അടുത്തിടെയാണ് മുനിസിപ്പൽ കൗൺസിൽ പ്രഖ്യാപനം ഇറക്കിയത്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാർക്കും മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കും പിഴ ഈടാക്കും. ആറു ഒമാനി റിയാലിൽ തുടങ്ങുന്ന ടാക്‌സി ചാർജാണ് പുതിയ താരിഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഓരോ കിലോമീറ്ററിനും 50 ബെയ്‌സ വീതം വർധിക്കും. ഇതനുസരിച്ച് മസ്‌ക്കറ്റ് എയർപോർട്ടിൽ നിന്ന് ക്വറം വരെ എത്തുന്നതിന് എട്ട് ഒമാനി റിയാൽ ആണ് ചാർജ് വരുന്നത്.

ജനുവരി മുതൽ പുതിയ താരിഫ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എയർപോർട്ട് ടാക്‌സി സർവീസിൽ പുതുതായി ഏർപ്പെടുത്തുന്ന താരിഫും ഡ്രൈവർമാർക്കുള്ള പിഴയും ഒട്ടേറെ വിമർശനങ്ങൾക്കു കാരണമായിട്ടുണ്ട്. അതേസമയം ഡ്രൈവർമാർക്കുള്ള പിഴയുടെ കാര്യത്തിൽ കൗൺസിൽ കർശന നിലപാടു തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മദ്യപിച്ച് ജോലിക്കെത്തുന്ന ഡ്രൈവർമാരുടെ എണ്ണം വർധിച്ചുവരികയാണെന്നും ഇത് രാജ്യത്തിന്റെ പ്രതിഛായ ടൂറിസ്റ്റുകൾക്കിടയിൽ മോശമാക്കാനേ സഹായിക്കുകയുള്ളൂവന്ന് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടു തന്നെ നിലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പിഴ തന്നെ കുറവാണെന്നാണ് കൗൺസിൽ വിശ്വസിക്കുന്നത്. കൂടാതെ യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാരും നിരവധിയാണ്. ഏതു സാഹചര്യത്തിലും ഒട്ടും അനുവദനീയമല്ല ഈ സമീപനം.

രാജ്യത്തെത്തുന്ന ഒരു വിദേശിക്ക് ആദ്യം കണ്ടുമുട്ടേണ്ടി വരുന്ന ഒമാനി സ്വദേശിയാണ് ടാക്‌സി ഡ്രൈവർമാർ എന്നും അവരിലൂടെയാണ് ടൂറിസ്റ്റുകൾ രാജ്യത്തെ നോക്കിക്കാണുന്നതെന്നും കൗൺസിൽ വ്യക്തമാക്കി.