മസ്‌ക്കറ്റ് :  പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്ത 222 കടകൾ മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി പൂട്ടി. നിയമലംഘനം നടത്തിയ 1205 കടകൾക്ക് നോട്ടീസും നൽകിയതായാണ് റിപ്പോർട്ട്.

മുൻസിപ്പാലിറ്റിയുടെ ഇൻസ്‌പെക്ഷൻ ആൻഡ് കൺട്രോൾ വിഭാഗം നടത്തിയ 23213 പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 5308 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും, പഴങ്ങളും, പച്ചക്കറികളും പിടിച്ചെടുത്ത് നശിപ്പിച്ചു.

കാലാവധി കഴിഞ്ഞ 943 ലിറ്റർ പാൽ, പാചകത്തിന് ഉപയോഗിച്ച 1505 കാലാവധി കഴിഞ്ഞ കാനുകൾ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു. ഷോപ്പുകളെ കുറിച്ച് ഉപഭോക്താക്കൾ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയതെന്ന് മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പൊതു ജനാരോഗ്യത്തെ   ദോഷകരമായി ബാധിക്കുന്ന എന്ത് കാര്യം ശ്രദ്ധയിൽപ്പെട്ടാലും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

പൊതുജനാരോഗ്യത്തെ ഹനിക്കുന്ന നടപടികൾക്കെതിരെ ആർട്ടിക്കിൾ 2 പ്രകാരം നടപടിയെടുക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി. ഈ വർഷം ഇതുവരെ മസ്‌കറ്റ് ഗവർണറേറ്റിൽ 500 ഷോപ്പുകളാണ് നിയമലംഘനത്തെ തുടർന്ന അടച്ചു പൂട്ടിയത്. മൂന്ന് ദശലക്ഷത്തിലധികം ഭക്ഷ്യവസ്തുക്കളും പഴങ്ങളും പച്ചക്കറികളും 2014ൽ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.