ലയാളി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കി ശ്രീലങ്കൻ വിമാന കമ്പനിയായ മിഹിൻ ലങ്ക മസ്‌കത്തിൽ നിന്ന് കേരളത്തിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 25 മുതൽ ആണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കുന്നത്. വിപണിയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഇവരുടെ വാഗ്ദാനം.

മസ്‌കത്തിൽ നിന്ന് കൊളംബോ വഴിയാണ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മിഹിൻലങ്ക സർവീസ് ആരംഭിക്കുന്നത്. ഈ മാസം 25 മുതൽ ആഴ്ചയിൽ നാലുദിവസം കേരളത്തിലേക്ക് മിഹിൻലങ്ക പറക്കും.അടുത്ത മാസം 25 മുതൽ ഇത് ആഴ്ചയിൽ അഞ്ച് ദിവസമാക്കും. മാർച്ച് മുതൽ ആഴ്ചയിൽ എല്ലാദിവസവും വിമാനമുണ്ടാകുമെന്ന് കൺട്രി മാനേജർ ദീപാൽ പല്ലേ ഗംഗോഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു വിമാനകമ്പനികളേക്കാൾ 40 ശതമാനം നിരക്കിളവാണ് മിഹിൻലങ്കയുടെ വാഗ്ദാനം. നിരക്കിളവിന് പുറമെ 50 കിലോ ബാഗേജ് അലവൻസാണ് മറ്റൊരു ആകർഷണം.

നേരത്തേ ശ്രീലങ്കൻ എയർലൈസൻസ് മസ്‌കത്തിൽ നിന്ന് സർവീസ് നടത്തിയിരുന്ന മുഴുവൻ നഗരങ്ങളിലേക്കും മിഹിൻലങ്കയാണ് ഇനി സർവീസ് നടത്തുക. ശ്രീലങ്കൻ എയർലൈൻസിന് കീഴിലെ ലോകോസ്റ്റ് വിമാനകമ്പനിയാണിത്. മസ്‌കത്തിലെ മസൂൺ ട്രാവൽസായിരിക്കും ജനറൽ സെയിൽസ് ഏജന്റ്.

കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി,
കൊൽക്കത്ത, വാരാണസി, ഗയ എന്നീ നഗരങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. എല്ലാ
സർവീസുകളും കൊളംബോ വഴിയാകും. കൊളംബോയിൽ ഒന്നേമുക്കാൽ മണിക്കൂറായിരിക്കും ട്രാൻസിസ്റ്റ് സമയം. കോഴിക്കോട്ടേക്കും സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ട്. നിലവിൽ ഷാർജ, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്ന് മിഹിൻലങ്ക സർവീസ് നടത്തുന്നുണ്ട്.