ശയവിനിമയ രംഗത്ത് തരംഗം സൃഷ്ടിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയിയകൾ കടന്ന് വന്നത്. അത്ഭുതപ്പെടുത്തുന്ന വളർച്ചയാണ് ഇവകൾ നേടിക്കൊണ്ടിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ കുറ്റകൃത്യങ്ങളും തട്ടിപ്പും വെട്ടിപ്പും മാത്രമാണ് നടക്കുന്നത് എന്നതായിരുന്നു ഒരു കാലഘട്ടം വരെ ആളുകൾ പറഞ്ഞു കൊണ്ടിരുന്നത്. പതിയെപ്പതിയെ പരസ്പര ആശയ വിനിമയത്തിനും സംവാദത്തിനും ഉതകുന്ന വേദിയായി അവ പരിണമിച്ചു.

ക്രമേണ ആളുകൾക്ക് പരസ്പരം വിവരങ്ങളും അഭിപ്രായങ്ങളുടെ പങ്കുവെക്കലിനും സോഷ്യൽ മീഡിയകൾ മാറി. അത് പിന്നീട് സാമൂഹിക സേവനങ്ങൾക്കും സന്നദ്ധപ്രവർത്തനങ്ങൾക്കും വഴിമാറിക്കൊടുത്തു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സൗഹൃദക്കൂട്ടായ്മകളും നിലവിലുണ്ട്. അവരിൽ നിന്നെല്ലാം പ്രവർത്തന മികവുകൊണ്ട് വേറിട്ടു നിൽക്കുകയാണ് മസ്‌കറ്റ് മലയാളീസ്.

ഒമാനിലെ മലയാളി ഫേസ്‌ബുക്ക് കൂട്ടായ്മയായാണ് 'മസ്‌കറ്റ് മലയാളീസ്'. 2012 ഫെബ്രുവരി എട്ടാം തീയതി ഒമാനിലെ നിസ്വയിൽ വച്ചാണ് മസ്‌കറ്റ് മലയാളീസ് എന്ന ഓൺലൈൻ സൗഹൃദ കൂട്ടായ്മയ്ക്ക് ശ്രീ രാകേഷ് വായ്പൂര് രൂപം നൽകിയത്. എന്തിനാണ് ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങിയത് എന്ന് കേട്ടാൽ കൗതുകം തോന്നും. ഒമാനിൽ എത്ര മലയാളികൾ ഉണ്ട് എന്നറിയാനുള്ള ഒരു കൗതുകത്തിൽ തുടങ്ങിയതാണ് ഈ ഫേസ്‌ബുക്ക്. ഇന്ന് ഗ്രൂപ്പിൽ പ്രവാസ സംബന്ധമായ വാർത്തകളും ജോലി ഒഴിവുകളും ഒമാനിൽ അനുസരിക്കേണ്ട തൊഴിൽ നിയമങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുമുള്ള അറിവുകൾ പ്രവാസി മലയാളികളുടെ ഇടയിൽ എത്തിക്കുവാൻ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. അതിനുവേണ്ട പിന്തുണ രാകേഷിനു നൽകിയത് ശ്രീ മോനാസ് റഷീദ് എന്ന സുഹൃത്തും വഴികാട്ടിയും ആയിരിന്നു.

നാല് വർഷം പൂർത്തിയായി അഞ്ചാം വർഷത്തിലേക്ക് കൂട്ടായ്മ പ്രവേശിക്കുമ്പോൾ 23000 ത്തിലധികം അംഗങ്ങളുണ്ട്. പ്രവാസി മലയാളികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, രക്തദാനം, ജീവൻ രക്ഷാപ്രവർത്തനങ്ങൾ, ഇൻഫർമേഷൻ സംവിധാനം, സ്‌നേഹ സംഗമങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ മസ്‌കറ്റ് നടത്തിവരുന്നുണ്ട്.

ഫേസ്‌ബുക്ക് പേജും ഒരു വെബ്സൈറ്റും മസ്‌കറ്റ് മലയാളീസ് കൂട്ടായ്മയ്ക്കുണ്ട്. പ്രവാസലോകത്ത് ആരും ഒറ്റപെടാതിരിക്കുക എന്നതാണ് മസ്‌ക്കറ്റ് മലയാളികളുടെ ലക്ഷ്യം. കളി ചിരി തമാശകളോടൊപ്പം പരസ്പരം അറിവുകൾ പങ്കു വച്ചും, സഹായിച്ചും, വിമർശിച്ചും, സംവദിച്ചും, സ്നേഹിച്ചും, സൗഹൃദം പങ്കുവെയ്ക്കാം.എല്ലാം ഈ രാജ്യത്തിന്റെ നിയമങ്ങൾ പലിച്ചുകൊണ്ടാവണം. വ്യക്തിഹത്യ/വിശ്വാസങ്ങൾ അവഹേളിക്കുന്നത് ആവരുത്. എല്ലാ മലയാളിയും അംഗമാകുക എന്നതാണ് മസ്‌ക്കറ്റ് മലയാളിയുടെ അടിസ്ഥാനം. അതോടൊപ്പം തന്നെ മസ്‌ക്കറ്റിലുള്ള വിശേഷങ്ങൾ ജോലിസാദ്ധ്യതകൾ നിയമങ്ങൾ അറിവുകൾ പോസ്റ്റ് ചെയ്തു മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കുകയും കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്.

ഒമാൻ രാജ്യത്തിന്റെ നിയമ പരിധിയിൽ വരുന്ന പോസ്റ്റുകൾ മാത്രമേ മസ്‌കറ്റ് മലയാളീസ് എന്ന ഓൺലൈൻ ഗ്രൂപ്പ് വഴി പ്രസധീകരിക്കാറുള്ളൂ. അതിനായി കേരളത്തിലും ഒമാനിലുമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പത്തിലധികം (ങീിശീേൃശിഴ ജമിലഹ) ആളുകളുടെ നിരീക്ഷണത്തിലൂടെയാണ് മസ്‌കറ്റ് മലയാളീസ് ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഓരോ പോസ്റ്റുകളും കമെന്റ്സ് കടന്നു പോകുന്നത്. അതിലുപരി നല്ലവരായ അംഗങ്ങളുടെ നിസ്വാർത്ഥമായ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് ഈ 'മസ്‌കറ്റ് മലയാളീസ് ഗ്രൂപ്പ്' ഒമാനിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായി മാറിയതും.

നാലു മാസത്തിലധികമായി മസ്‌കറ്റിൽ തൊഴിൽ തട്ടിപ്പിൽ കുരുങ്ങി ജോലിയും ഭക്ഷണവുമില്ലാതെയും നാട്ടിലേക്കു മടങ്ങാനാവാതെയും വലഞ്ഞ ഏഴു മലയാളികൾ മസ്‌കറ്റിലെ ഓൺലൈൻ മലയാളി കൂട്ടായ്മയായ 'മസ്‌കറ്റ് മലയാളീസി'ന്റെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തി എന്ന വാർത്തയാണ് നമ്മൾ കേട്ടത്. വെറുതെ സോഷ്യൽ മീഡിയയിൽ ലൈക്‌സും കമന്റുകളും പിന്നെ സ്വയം പബ്‌ളിസിറ്റിയും മാത്രം ആഗ്രഹിക്കുന്ന കൂട്ടായ്മയിൽ നിന്നും മസ്‌കറ്റ് മലയാളീസ് വേറിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്.

തിരുവനന്തപുരം സ്വദേശി മോഹനൻ രാഘവൻ, കൊല്ലം സ്വദേശികളായ അനിൽകുമാർ സദാനന്ദൻ, നാണു സുരേന്ദ്രൻ, മോഹനൻ ദാമോദരൻ, പ്രിജു സുകുമാരൻ, മനോജ് പുരുഷോത്തമൻ, അജികുമാർ വേലായുധൻ എന്നിവരാണ് ഇന്നലെ വൈകിട്ട് എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്.

ഒന്നര വർഷം മുമ്പാണ് ഇവർ നാട്ടിൽ നിന്നു മസ്‌കറ്റിലേക്ക് ഒരുമിച്ചു പോയത്. ഇബ്രി എന്ന സ്ഥലത്ത് നിർമ്മാണ തൊഴിൽ മേഖലയിൽ കരാർ അടിസ്ഥാനത്തിലായിരുന്നു ഇവർക്കു ജോലി. ഒരു വർഷം കഴിഞ്ഞപ്പോൾ തൊഴിലുടമ കമ്പനി മറ്റൊരാൾക്ക് കൈമാറ്റം ചെയ്തതോടെയാണ് ഇവരുടെ ദുരിതങ്ങൾ ആരംഭിച്ചത്. പുതിയ തൊഴിലുടമ ഇവർക്ക് ജോലിയോ, ശമ്പളമോ നൽകിയില്ല. ഭക്ഷണത്തിനു പോലും ഏറെ ബുദ്ധിമുട്ടി. താമസം പഴയ സ്ഥലത്തു തന്നെയായതിനാൽ മറ്റുള്ളവരോടൊപ്പം തല ചായ്ക്കാൻ ഇടം കിട്ടി. ഇതിനിടെ നാട്ടിലേക്ക് മടങ്ങാൻ ഇവർ തയാറായെങ്കിലും രേഖകൾ കൈവശമില്ലാതിരുന്നത് പ്രശ്‌നമായി.

ഇവരുടെ ലേബർ കാർഡ് പഴയ തൊഴിലുടമയുടെ പേരിലും പാസ്‌പോർട്ട് പുതിയ തൊഴിലുടമയുടെ കൈവശവുമായിരുന്നു. പലരുടെയും ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസത്തോളവുമായി. നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നതിനാൽ ഒരാളുടെ വിവാഹവും ഒരാളുടെ മകളുടെ വിവാഹവും പല തവണ മാറ്റിവയ്‌ക്കേണ്ടി വന്നു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിലും ഒമാൻ തൊഴിൽ മന്ത്രാലയത്തിലും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇവരിലൊരാൾ 'മസ്‌കറ്റ് മലയാളീസി'ലേക്ക് അയച്ച സന്ദേശമാണ് രക്ഷപ്പെടാൻ നിമിത്തമായത്. ഗ്രൂപ്പ് അഡ്‌മിൻ ആയ രാകേഷ് വൈപ്പൂർ ഇവരുമായി ബന്ധപ്പെടുകയും കൂട്ടായ്മയിലെ പ്രവർത്തകർ വഴി രണ്ട് തൊഴിലുടമകളെയും പല പ്രാവശ്യം സന്ദർശിച്ചു ചർച്ചകൾ നടത്തി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. ഇവരുടെ പേരിലുണ്ടായിരുന്ന കേസുകൾ പിൻവലിപ്പിച്ചു. ലേബർ കാർഡ് തീർന്നതിനെത്തുടർന്നുണ്ടായ പിഴയടയ്ക്കാനും നാട്ടിലേക്കുള്ള ടിക്കറ്റിനുമായി 2.6 ലക്ഷത്തോളം ഇന്ത്യൻ രൂപ കൂട്ടായ്മയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ നൽകി. തൊഴിൽ ചെയ്ത വകയിൽ ഇവർക്ക് സ്ഥാപനമുടമ പണം നൽകാനുണ്ട്. എന്നാൽ നിയമനടപടികൾക്കും മറ്റും പണം കെട്ടിവയ്ക്കാൻ പണമില്ലാത്തതിനാൽ കേസെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

 മസ്‌ക്കറ്റ് മലയാളീസിന്റെ നാൾവഴികളിലെ ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം. കഴിഞ്ഞ നാല് വർഷക്കാലമായി ചെറുതും വലുതുമായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾ ഈ കൂട്ടായ്മ ചെയ്തു വരുന്നു.

എംബസിയിൽ അംബാസഡറുടെ ശ്രദ്ധയിൽ പ്രവാസികളുടെ പ്രശ്‌നം ധരിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നിരവധി ഇടപെടലുകളിലൂടെ എംബസിയിൽ അംബാസഡറുടെ ശ്രദ്ധയിൽ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങൾ എംബസിയുടെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് ഉറപ്പും ലഭിക്കുകയും ഉണ്ടായ സംഭവങ്ങൾ ഇന്ന് ഉണ്ട്. കൂട്ടായ്മ വഴി തൊഴിൽ സാധ്യതകൾ അറിയിക്കുന്നതിനും നിരവധി കൂട്ടുകാർക്ക് ജോലി ലഭിക്കുകയുണ്ടായി. മസ്‌ക്കറ്റിലെ നിയമങ്ങളെക്കുറിച്ചു അംഗങ്ങളെ കൂടുതൽ ബോധാവന്മാരാക്കുവാൻ കൂട്ടായ്മ വഴിസാധിച്ചിട്ടുണ്ട്.

ഒമാനിലെ പ്രവാസി കലാകാരന്മാരുടെ സംഗീത നൃത്ത നാടക കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ കൂട്ടായ്മയുടെ സ്നേഹസംഗമത്തിലൂടെ നിരവധിപേർക്ക് അവസരങ്ങൾ നൽകുവാനും സാധിച്ചു. എല്ലാ ആഘോഷ വേളകളിലും വിവിധ പ്രോഗ്രാമുകൾ മസ്‌ക്കറ്റ് മലയാളീസ് നടത്തി വരുന്നുണ്ട്. 25 വർഷത്തിലധികമായി ഈ പ്രവാസലോകത്ത് കുടുങ്ങി കിടന്ന ഒരുപറ്റം ആളുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപേർക്ക് ചികിത്സ, വിദ്യഭാസം, യാത്ര, മറ്റു ശാരീരിക സഹായങ്ങളും കൂട്ടായ്മ വഴി നൽകുവാൻ സാധിച്ചു. ദിവസേനയുള്ള വ്യതസ്തമായ ബോധവല്കരണ പോസ്റ്റുകൾ (വാർത്തകൾ, ആരോഗ്യ ടിപ്സ്, പാചകം, ബിസിനസ്) മൂലം നിരവധിയാളുകൾക്ക് ഉപയോഗപ്രദമാകുന്നുണ്ട്.

ജന്മദിന, വാർഷിക ആശംസാ പോസ്റ്റുകൾ വഴി ഏതു സാധാരണക്കാരനെയും ഒരു ദിവസം 'സ്റ്റാർ' ആക്കുന്നു. ഒമാനിലെ പ്രശസ്തരും കഴിവുള്ളതുമായ മലയാളികളായ സുഹൃത്തുക്കളെ പരിചയപെടുത്തുന്ന 'സ്നേഹസല്ലാപം' പംക്തി. മലയാളി സുഹൃത്തുക്കളുടെ ബിസിനെസ്സ് സംരംഭത്തിനെ പ്രതിപാദിക്കുന്ന 'ചായപീടികയിലൂടെ' എന്ന പംക്തിയിലൂടെ സ്വാദിഷ്ടമായ ആഹാരങ്ങൾ അംഗങ്ങൾക്ക് ലഭ്യമാകുന്നു.
എംബസിയിലെ ഓപ്പൺ ഹൗസ് പങ്കെടുക്കുന്നതു വഴി അത്യാഹിത പ്രശ്നങ്ങളുമായി വലയുന്ന പ്രവാസി കൂട്ടുകാരുടെ പ്രശ്നങ്ങൾ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുന്നു.

കളഞ്ഞുപോയ പാസ്പോർട്ട്, വിസ, ലേബർ കാർഡ്, എടിഎം, പേഴ്സ് മുതലായവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് വഴി എളുപ്പത്തിൽ ഉടമസ്ഥന് ലഭ്യമാകുന്നു. അത്യാവശ്യഘട്ടങ്ങളിൽ രോഗികൾക്ക് രക്തം വേണ്ടി വരുമ്പോൾ മസ്‌ക്കറ്റ് മലയാളിയിലെ ലിസ്റ്റിലെ ആയിരത്തിൽപരം രക്തദാതാക്കളുടെ സഹായത്തോടെ രക്തം തക്ക സമയത്ത് ലഭ്യമാക്കുവാനും സാധിക്കുന്നു. വിവിധ രക്തദാന ക്യാമ്പുകൾക്കും നേതൃതം നൽകുന്നു.

ചെറുതും വലുതുമായ ഒട്ടനവധി സാമൂഹ്യ പ്രവർത്തനങ്ങൾ നമ്മുടെ ഈ സൗഹൃദ കൂട്ടായ്മ വഴി ദിവസേന ചെയ്യുവാൻ സാധിക്കുന്നതിൽ ഈ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളുടെയും നിസ്വാർത്ഥമായ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.. ഒരു സോഷ്യൽമീഡിയ കൂട്ടായ്മ വഴി ഇത്രയധികം നിസ്വാർത്ഥമായ നല്ല പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചതിൽ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട്. എന്ന് മസ്‌ക്കറ്റ് മലയാളീസ് അഡ്‌മിൻ രാകേഷ് വായ്പൂർ ഫേസ്‌ബുക്ക് പേജിൽ കുറിക്കുന്നു.