ദുബായ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്ന് മുൻ പാക് പ്രസിഡന്റ് പർവേസ് മുഷ്‌റഫ്. 2001 ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിന്റെ വക്കോളമെത്തിയ സമയത്താണ് ഇങ്ങനെയൊരു സാദ്ധ്യത തങ്ങൾ ആലോചിച്ചതെന്നാണ് മുഷ്‌റഫിന്റെ വെളിപ്പെടുത്തൽ. എന്നാൽ അത്തരമൊരു ആക്രമണം നടത്തിയാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അതിനാൽ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്നും മുഷ്‌റഫ് പറയുന്നു.

ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നൽകിയ അഭിമുഖത്തിലാണ് മുഷ്റഫ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ആണവയാധുങ്ങൾ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികൾ കഴിച്ചുകൂട്ടിയെന്നും വന്നുവെന്നും അദ്ദേഹം പറയുന്നു. അന്ന് ഇന്ത്യയോ പാക്കിസ്ഥാനോ മിസൈലുകളിൽ ആണവപോർമുനകൾ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്റഫ് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാൻ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ആണവപോർമുന ഘടിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.