- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ പാട്ടുകാർക്ക് എന്ത് പറ്റുന്നു? റിയാലിറ്റി ഷോകളിൽ നിന്ന് അവർ എവിടെ പോകുന്നു? സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു
'ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകാർ പിറന്നു വീഴുന്നത് മലയാളത്തിൽ ആയിരിക്കാം. ചാനലുകൾ തുറന്നിടുന്ന റിയാലിറ്റി ഷോ എന്ന വിസ്മയ ലോകത്ത് ഓരോ വർഷവും 200 ഓളം സംഗീത പ്രതിഭകൾ ആണ് പുറത്തു വരുന്നത്. എന്നാൽ ഇവർക്കൊക്കെ തുടർന്ന് അവസരങ്ങൾ കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. സിനിമയിലും മറ്റും പാടി തെളിഞ്ഞാലെ മലയാളി ശ്രദ്ധിക്കൂ. അതിന് അവസരം ലഭിക്കുന്നവ
'ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകാർ പിറന്നു വീഴുന്നത് മലയാളത്തിൽ ആയിരിക്കാം. ചാനലുകൾ തുറന്നിടുന്ന റിയാലിറ്റി ഷോ എന്ന വിസ്മയ ലോകത്ത് ഓരോ വർഷവും 200 ഓളം സംഗീത പ്രതിഭകൾ ആണ് പുറത്തു വരുന്നത്. എന്നാൽ ഇവർക്കൊക്കെ തുടർന്ന് അവസരങ്ങൾ കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. സിനിമയിലും മറ്റും പാടി തെളിഞ്ഞാലെ മലയാളി ശ്രദ്ധിക്കൂ. അതിന് അവസരം ലഭിക്കുന്നവർ കൂട്ടിയും കുറച്ചും നോക്കുമ്പോൾ വെറും മൂന്നോ നാലോ പേരുകളിലേക്ക് ഒതുങ്ങി പോകുന്നു. ഞാൻ തമിഴ്‌നാട്ടിലടക്കം റിയാലിറ്റി ഷോകളിൽ ജഡ്ജായും മറ്റും പങ്കെടുക്കുന്നതാണ്. വിജയ് ടിവിയുടെ സംഗീത പരിപാടിയിൽ പോലും വിജയികൾ ആകുന്നതു മലയാളികൾ ആണ്. എന്നാൽ ചാനലുകൾ തുറന്നിടുന്ന അവസരം പിന്നീട് സംഗീതം പ്രൊഫഷൻ ആയി സ്വീകരിക്കാൻ പലരും തയ്യാറാവുന്നുണ്ടാവില്ല. അതിനു ഏറെ കഷ്ടപ്പെട്ടെ മതിയാകൂ. ഒരവസരം തേടി ഇപ്പോഴും സിനിമയുടെ പിന്നാമ്പുറങ്ങളിൽ കാത്ത് നില്ക്കുന്നവരെ എത്ര വേണമെങ്കിലും കണ്ടെത്താം. കാര്യമായ പണം പോലും വാങ്ങാതെ പാടാൻ തയ്യാറാകുന്നതും ഇതിന്റെ പേരിലാണ്. ഒരു വർഷത്തെ റിയാലിറ്റി ഷോ കഴിഞ്ഞാൽ പലരും രണ്ടും മൂന്നും വർഷത്തെ ബ്രേക്കിലാണ്. പിന്നീട് സ്റ്റേജ് ഷോകളിലും പ്രൊഫഷണൽ വേദികളിലും കണ്ടേക്കാമെങ്കിലും സംഗീത വഴികളിൽ വിജയിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായി പോകുകയാണെന്ന്. ലോകം എമ്പാടുമുള്ള മലയാളികളുടെ ആവേശമായ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി ലണ്ടനിൽ വച്ച് മറുനാടൻ മലയാളിയോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്.
ഒരു ദശകം മുൻപ് ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജിൽ സംഗീതം പഠിക്കാനെത്തി 3 വർഷം കൊണ്ട് കോഴ്‌സ് പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡ് ഇന്നും സ്വന്തം പേരിൽ സൂക്ഷിക്കുന്ന മലയാളത്തിന്റെ അഭിമാനം ലോക പ്രശസ്ത പിയാനിസ്റ്റ് സ്റ്റീഫൻ ദേവസ്സി കഴിഞ്ഞദിവസം ലണ്ടനിലെ റോയൽ ഫെസ്ടീവ് ഹാളിൽ ആയിരങ്ങളെ ആണ് തന്റെ മാന്ത്രിക വിരൽ സ്പർശത്തിൽ ഇളക്കി മറിച്ചത്. നടൻ ജയറാമിനെ പോലുള്ളവർ അടക്കം ഒരു സ്റ്റേജ് ഷോയെക്കുറിച്ച് ആലോചിച്ചാൽ ആദ്യം സ്റ്റീഫന്റെ ഡേറ്റ് കിട്ടുമോ എന്നായിരിക്കും ചോദിക്കുക. ഇന്നലെ ലോകം അറിയുന്ന ഇന്ത്യൻ സംഗീതജ്ഞരായ ഹരിഹരൻ, ശിവ മണി, ബിക്രം ഘോഷ് എന്നിവരോടോപ്പമാണ് ലണ്ടൻ കൻസെർറ്റ് നയിക്കാൻ സ്റ്റീഫൻ എത്തിയത്. പരിപാടിക്കിടെ വീണുകിട്ടിയ ഇടവേളയിലാണ് സ്റ്റീഫൻ മറുനാടൻ മലയാളി ലണ്ടൻ ലേഖകൻ കെ ആർ ഷൈജുമോനുമായി സംഗീതത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്.
- സിനിമയിലൂടെ മാത്രമേ മലയാള സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുകയുള്ളോ
തീർച്ചയായും ചാനലിനെ അപേക്ഷിച്ച് സിനിമ വലിയൊരു പ്ലാറ്റ്‌ഫോം തന്നെ ആണ്. ഒരു വർഷം ചാനലിൽ എത്തി പാടിപ്പോകുന്ന കുട്ടികളിൽ എത്ര പേരെ നാം ഓർത്തിരിക്കും. അവരുമായി ഏറെ ഇടപഴുകാൻ അവസരം ഉണ്ടായിട്ടും ഞാൻ അടക്കം ഉള്ളവർ ചിലരെ എങ്കിലും മാത്രമാണ് ഓർത്തിരിക്കുന്നത്. എന്നാൽ ഒരു സിനിമയിൽ പാടി, പാട്ട് ഹിറ്റ് ആയാൽ അയാളുടെ/അവളുടെ പേര് എക്കാലത്തും ഓർമയിൽ നില്ക്കും. ആ ഒറ്റ പാട്ടിലൂടെ തന്നെ ഗായകന്റെ പേരും മനസ്സിൽ പതിയും. അതാണ് സിനിമ ഗാനത്തിന്റെ ശക്തി. ചാനൽ ഒരു ബിസിനസ്സിന്റെ ഭാഗമാണ്. അവർ പരിപാടികൾ തയ്യാറാക്കുന്നു. ആർട്ടിസ്റ്റുകൾക്ക് അവസരം ഒരുക്കുന്നു. അവിടെ നിന്ന് സ്വയം പരിശ്രമത്തിലൂടെയെ ഒരാൾക്കു ജനമനസ്സിൽ കയറി പറ്റാൻ കഴിയൂ. ഐഡിയ സ്റ്റാർ സിങ്ങർ ജേതാവ് നജീബ് സീസൺ കഴിഞ്ഞു മൂന്നു വർഷം ഒന്നും ചെയ്തില്ല. ഇപ്പോൾ രണ്ട് വർഷമായി അയാൾ നന്നായി പാടുന്നു. ഒരു സിനിമ ഒത്തു കിട്ടുന്നില്ലെങ്കിൽ ഒരു ഗായകനെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് മലയാളത്തിലെ സ്ഥിതി.
- സിനിമ ഇല്ലാതെ പാട്ടുകാർക്ക് ജീവിക്കാൻ കഴിയില്ല എന്നാണോ ഉദ്ദേശിച്ചത്
അങ്ങനെ അല്ല. കലാകാരൻ ഒരിക്കലും പട്ടിണി ആകില്ല എന്നാണ് എന്റെ അനുഭവം. സിനിമ ഇല്ലെങ്കിലും വേറെയും വേദികൾ ലഭിക്കും. പക്ഷെ, സ്ഥിരം പോപ്പുലാരിറ്റി കിട്ടണമെങ്കിൽ സിനിമ കിട്ടിയേ മതിയാകൂ. പാട്ടുകാർ ഏറെ കോമ്പ്രമൈസ് ചെയ്യുന്നുണ്ട്, ഒരവസരത്തിനായി. പാട്ടുകാരെ കിട്ടാൻ ഒട്ടും ബുദ്ധിമുട്ടില്ല എന്ന അവസ്ഥയാണ് മലയാളത്തിൽ. ആനന്ദ് നാരായൺ എന്ന ഗായകൻ അതി പ്രഗല്ഭൻ ആണെന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ അയാൾ പെട്ടെന്ന് പ്രശസ്തനായി. അത് പോലെ മൃദുലക്ക് 89 സിനിമകൾ കിട്ടി. ആരുടെ കാര്യത്തിലും ഭാവി വാഗ്ദാനം എന്നൊന്നും പറയാൻ കഴിയില്ല. പാട്ടിലൂടെ ഒരു തരം മാജിക്കൽ ഫീലിങ് സൃഷ്ടിക്കുന്നവരെ ജനം പെട്ടെന്ന് ഇഷ്ടപ്പെടും.
- താങ്കൾ ആദ്യ സിനിമ ചെയ്തത് 2003-ൽ. അടുത്ത പടം 2013-ൽ. പത്തു വർഷത്തെ അന്തരം. എന്ത് പഠിച്ചു സിനിമയിൽ നിന്ന്?
സിനിമയിൽ നിന്ന് ഒത്തിരി പഠിച്ചു. സ്‌ക്രിപ്റ്റ് കാണാതെ ഒരു സിനിമക്ക് വേണ്ടിയും ഇനി ജോലി ചെയ്യില്ല എന്നതാണ് ആദ്യ പാഠം. സ്‌ക്രിപ്റ്റ് കണ്ടാലും പ്രൊഡ്യുസർ പിന്നീട് കഥ സന്ദർഭത്തിൽ മാറ്റം വരുത്തിയാൽ നമ്മൾ ചെയ്ത പാട്ട് പൊളിയും. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിൽ നിന്നും കെ ക്യു എന്ന ചിത്രത്തിൽ എത്തിയപ്പോൾ ഞാൻ പഠിച്ചത് ഏറെയാണ്. എങ്കിലും നല്ല പ്രൊജക്ട് കിട്ടിയാൽ ഇനിയും സിനിമ ചെയ്യും. ഹരിഹരൻ പിള്ള ചെയ്യുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധയകാൻ ആയിരുന്നു. മിക്ക സംവിധായക സുഹൃത്തുക്കളും ആവശ്യപ്പെടുന്നുണ്ട്. ഒരു പക്ഷെ കമലിന്റെയോ രഞ്ജിത്തിന്റെയോ ഉണ്ണി കൃഷ്ണയുടെയോ ചിത്രത്തിൽ ഞാൻ സഹകരിച്ചേക്കാം.
- താങ്കളെ തേടി അവസരങ്ങൾ എത്തുക ആയിരുന്നു എന്ന് പറഞ്ഞാൽ?
100 ശതമാനം ശരിയാണ്. കൊച്ചി വിട്ടു മറ്റെങ്ങും പോകാത്ത ഞാൻ ആണ് ഇതിഹാസങ്ങളുടെ കൂടെ പാടിയത്. ഹരിഹരൻ, ശിവ മണി, എൽ സുബ്രമണ്യം തുടങ്ങിയ മഹാത്മാക്കളിൽ ആരാണ് കൂടുതൽ സഹായിച്ചത് എന്ന് പറയാൻ വിഷമം. ഇവരില്ലെങ്കിൽ എന്നിലെ സംഗീതം ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം. സത്യത്തിൽ പാട്ട് പഠിക്കാൻ എന്നെ വീട്ടുകാർ ഉന്തി തള്ളി വിട്ടതാണ്. പിന്നെ അതൊരു ആവേശമായി മാറുക ആയിരുന്നു. അക്കാലത്തു സ്‌കൂൾ കോളേജ് യുവജനോത്സവ വേദികളാണ് മുഖ്യ ആശ്രയം. 60 മുതൽ 100 രൂപ വരെ കിട്ടും. ഹരിഹരനെ കണ്ടു മുട്ടിയത് രസകരമായൊരു കഥയാണ്. ഒരിക്കൽ കോളേജ് ഇന്റർസോൺ മത്സരം പാതി രാത്രിയിലും തകർത്ത് നടക്കുന്നു. എനിക്ക് രാവേറെ ചെന്നാൽ ഉറങ്ങാതിരിക്കുന്നതും ഏറെ പ്രയാസമാണ്. ഒരു രണ്ടു മണി ആയിക്കാണും. പാട്ടൊക്കെ കഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ ഒരാൾ വന്നു പരിചയപ്പെട്ടു. പേര് ജാഫർ. ഹരിഹരന്റെ കൂടെ പാടുന്നു എന്നൊക്കെ പറഞ്ഞു. എന്നോട് ഫോൺ നമ്പർ ചോദിച്ചു. അന്ന് മൊബൈൽ ഒന്നും ഇല്ലാത്ത കാലം. വീട്ടിലെ നമ്പർ കൊടുത്തു. ഏതായാലും അവർ രണ്ടു മൂന്നു പേര് വീട്ടിൽ വന്നു എന്റെ പാട്ടു കേട്ട്. ഇവർ വരുന്ന കാര്യം പോലും വീട്ടിൽ പേടിച്ചാണ് പറഞ്ഞത്. ഹരിഹരൻ സാറിന്റെ മുന്നിൽ ഞാൻ ആര്? എനിക്ക് ഒന്നും നഷ്ടപ്പെടുവാൻ ഇല്ല. അതിനാൽ ധൈര്യം സംഭരിച്ചാണ് ചെയ്തത്.
എന്തായാലും സംഗതി അവർക്ക് ഇഷ്ടപ്പെട്ടു. അവർ ഹരിഹരൻ സാറിനെ ബന്ധപ്പെട്ടു. പാസ്‌പോർട്ട് ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്കതില്ല. എന്തായാലും ഹരിഹരാൻ സാറിന്റെ കൂടെ ഞാൻ ലണ്ടൻ, പാരിസ്, ജെർമനി, മുംബൈ എന്നിവിടങ്ങളിൽ ഒക്കെ പാടി. സത്യത്തിൽ ആ ട്രൂപ്പിൽ ഞാൻ ഒരു ആവശ്യ ഘടകം ആയിരുന്നില്ല. എനിക്ക് ആകെ രണ്ട് പാട്ടാണ് ഉണ്ടായിരുന്നത്. ഉയിരേ എന്ന പാട്ടാണ് അക്കാലത്തു ഏറ്റവും കൂടുതൽ പാടേണ്ടി വന്നത്. എന്നെ എന്തിനു ഹരിഹരൻ കൂടെ കൂട്ടി എന്ന് പലപ്പോഴും പിന്നീട് തോന്നിയിട്ടുണ്ട്. തുടർന്ന് അംജത് അലിഗന്റെ കൂടെ പാടി. ബ്രേക്കിങ് ബാരിയേഴ്‌സ് എന്ന ആൽബം ഒക്കെ ഹിറ്റ് ആകുന്നതും അക്കാലത്താണ്. എന്നാൽ ശിവമണിയെ പരിചയപ്പെടുന്നിടത് ഒരു ബ്രേക്കിങ് പോയിന്റ് ഉണ്ടാകുന്നുണ്ട്. അദ്ദേഹം വല്ലാതെ സഹായിച്ചിട്ടുണ്ട്. ഏറെ സപ്പോർട്ടീവ് ആയ ഒരു വ്യക്തിത്വം ആണ് അദ്ദേഹത്തിന്റെത്. അദ്ദേഹമാണ് പിന്നീട് സക്കീർ ഹുസൈനെ പരിചയപ്പെടുത്തുന്നത്. തുടർന്ന് ലണ്ടൻ റോയൽ ഹാളിൽ ഒക്കെ പാടുക എന്ന സ്വപനം ഞാൻ പോലും അറിയാതെ യഥാർത്ഥ്യമാകുക ആയിരുന്നു.
- സ്റ്റീഫൻ സംഗീതത്തിനു നല്കിയ സംഭാവന എന്താണ്
മലയാളത്തിൽ ഉപകരണ സംഗീതത്തിനു ഒരു മുഖമുദ്ര നല്കാൻ കഴിഞ്ഞു എന്നാണ് ഞാൻ ചിന്തിക്കുന്നത്. പാട്ടുകാരോടൊപ്പം കീ ബോർഡും വേദിയുടെ മുന്നിൽ എത്തി. ഒരു പരീക്ഷണം തന്നെ ആയിരുന്നു. ജനം അതേറ്റെടുത്തു. സ്ത്രീകൾ അടക്കം ഉള്ള വലിയൊരു വിഭാഗം പ്രേഷകർ അക്കാലത്തു ചാനലിൽ ആ പരിപാടിക്കായി കാത്തിരുന്നു. ഒട്ടു മിക്ക ചാനലുകളും പിന്നീട് ആ പാത പിന്തുടർന്നു. ലൈവ് പിയാനോ എന്നതൊന്നും ചിന്തിക്കാൻ കഴിയാത്ത കാലത്ത് ഒരു തരം സംഗീത വിപ്ലവം തന്നെ ആയിരുന്നു മനസ്സിൽ. ഒരു അമേരിക്കൻ അനുഭവം പറയാം. ഒരു മധ്യവയസ്‌കയായ സ്ത്രീ തന്റെ ഡ്രെെവിങ് ലൈസൻസ് കട്ട് ആകാൻ കാരണം ഞാൻ ആണെന്ന് പറഞ്ഞത് തീരെ മനസ്സിലായില്ല. പിന്നീട് അവർ വിശദീകരിച്ചു. ചാനലിലെ പരിപാടി ഓർത്ത് സ്പീഡ് ക്യാമറ ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചു അവരുടെ ലൈസൻസ് കട്ടായി പോയ കാര്യം ആണ് അവർ പറഞ്ഞത്. ഇതേ പോലെ എന്റെ പാട്ട് കാരണം വീട്ടിലെ ജോലികൾ പോലും നടക്കുന്നില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.
- പക്ഷെ സ്റ്റീഫൻ ദേവസി എന്ന് പറഞ്ഞാൽ ആദ്യം മനസ്സിൽ എത്തുക ഫ്യുഷൻ സംഗീതം ആണല്ലോ
അത് മറ്റൊരു പരീക്ഷണം. ചെണ്ടയും നാദസ്വരവും ഒക്കെ പാശ്ചാത്യ സംഗീതവുമായി സമരസപ്പെടുന്ന കാഴ്ച സുന്ദരം അല്ലെ. മട്ടന്നൂരിനെ കൊണ്ട് ചെണ്ട വായിപ്പിച്ചു ഒരു ഫ്യുഷൻ ഇംഗ്ലണ്ടിൽ വിദേശികൾക്ക് മുന്നിൽ ചെയ്യുക എന്നത് എന്റെ സ്വപനമാണ്.
- സ്വപ്നങ്ങളുടെ കൂട്ടത്തിൽ വേറെയും ഉണ്ടോ
ഇതുവരെ പറയാത്ത ഒരു കാര്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ്. ഹിന്ദു ഭക്തിഗാന ശേഖരത്തിൽ ഏറ്റവും അധികം വിറ്റു പോയ (10 ലക്ഷം കോപ്പികൾ ) സേക്രഡ് ചാന്റ് (വിശുദ്ധ മന്ത്രങ്ങൾ ) വെസ്റ്റേൺ രീതിയിൽ അവതരിപ്പിക്കുവാൻ ഉള്ള ശ്രമം ഏകദേശം 80 ശതമാനം പൂർത്തിയായി. ടൈംസ് മ്യൂസിക്കിലെ പ്രമോദ് ചന്ദിന്റെ പ്രോത്സാഹനം ആണ് ധൈര്യം ആകുന്നത്. ഗായകർ കീ ബോർഡിൽ വായിക്കുന്നത് എഴുതി എടുത്താണ് ഇത് ചെയ്യുന്നത്. ഏറെ പണിപ്പെട്ടു ചെയ്യുന്ന ഒരു ജോലി ആണിത്.
- 2002-ൽ ചെറു പ്രായത്തിൽ പോപിന്റെ മുന്നിൽ പാടാൻ അവസരം ലഭിക്കുമ്പോൾ ഇന്ത്യയിലെ ഏക ബാൻഡ് എന്ന അംഗീകാരം കൂടിയായിരുന്നല്ലോ
പലപ്പോഴും അവസരങ്ങൾ ഒരു വെല്ലുവിളി പോലെ വന്നെത്തുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നിൽ ദൈവ നിയോഗം നന്നായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എവിടെയാണ് എന്റെ സക്‌സസ് പോയിന്റ് എന്ന് ചോദിച്ചാൽ കുഴങ്ങി പോകും. ആർട്ട്, ഫിലിം, ഗോസ്‌പേൽ ഷോ തുടങ്ങി എവിടെയാണ് എനിക്ക് വിജയം എന്ന് എനിക്ക് പോലും അറിയില്ല.
- സംഗീതത്തിനു സ്റ്റീഫൻ നല്കുന്ന നിർവചനം
ദിവ്യത്വം. അതാണ് സംഗീതം. ദൈവവുമായി സംസാരിക്കാൻ സംഗീതം വഴി സാധിക്കും. മറ്റൊരർത്ഥത്തിൽ കർമ്മം ആണ് സംഗീതം എന്നും പറയാം. എന്റെ ജീവതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത് സംഗീതമാണ്. ചിന്തകൾ പലപ്പോഴും രൂപപ്പെടുന്നത് നല്ല പാട്ട് കേൾക്കുമ്പോഴോ അല്ലെങ്കിൽ പാടുമ്പോഴോ ഒക്കെ ആയിരിക്കും. സംഗീതം എന്നിൽ കൂടുതൽ ഉത്തരവാദിത്വ ബോധം നിറക്കുന്നു.
സ്റ്റീഫൻ എത്ര ലളിതമായി, ഒരു സാധാരണക്കാരനെ പോലെ സംസാരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം സംഭവിച്ചു. സംഭാഷണത്തിനിടയിൽ സ്റ്റീഫന്റെ വരവ് അറിഞ്ഞു കേട്ട് എത്തിയ കവൻട്രിയിലെ സുഹൃത്തുക്കളും സംഗീത പ്രേമികളും ആയി ചെറിയൊരു സദസ്സ് രൂപപ്പെട്ടപ്പോൾ കൂട്ടത്തിൽ ഒരാൾക്കു തന്റെ കീ ബോർഡ് സ്റ്റീഫൻ ഒന്ന് ട്യുൺ ചെയ്യണം. ഒട്ടും മടിക്കാതെ കീ ബോർഡ് എടുത്തു പരിശോധിച്ച് വായിച്ചു തുടങ്ങി. കൂടെ പാടാൻ കീ ബോർഡിന്റെ ഉടമ ബിജു യോഹന്നാനോട് സ്റ്റീഫനും. പിന്നെ സ്റ്റീഫന്റെ വക പാട്ടിന്റെ മേളം. യുകെ മലയാളികൾക്കായി ഒരു മ്യുസിക് സ്‌കൂൾ തുടങ്ങുക എന്ന തന്റെ സ്വപനത്തിനു ഡോക്ടർ അജിത് ജോർജിനെ പോലുള്ള സുഹൃത്തുക്കൾ നിറം പകർന്നു തുടങ്ങിയിട്ടുണ്ടെന്നു രഹസ്യം പറഞ്ഞാണ് സ്റ്റീഫൻ യാത്ര പറഞ്ഞത്. ഖത്തറിലും സ്റ്റീഫനു സംഗീത പഠനത്തിനു സ്വന്തം സ്ഥാപനം ഉണ്ട്. ചെന്നയിൽ സ്റ്റീഫനും സഹോദരനും ചേർന്ന് നടത്തുന്ന മ്യുസിക് ലോഞ്ച് എന്ന സംഗീത പഠന കേന്ദ്രത്തിന്റെ മാതൃകയിലാണ് യുകെ പദ്ധതിയും സ്റ്റീഫൻ മനസ്സിൽ തയ്യാറാക്കുന്നത്. ഇയ്യിടെ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് അടക്കം 200 ഓളം ചിത്രങ്ങളുടെ പാട്ട് പണി നടന്ന ഒരുഗ്രാൻ സ്റ്റുഡിയോയും സ്റ്റീഫന് ചെന്നയിൽ ഉണ്ട്.