അബ്ബാസിയ : കുളിരണിഞ്ഞ രാവിൽ പെയ്തിറങ്ങിയ സംഗീതവിരുന്ന് സമ്മാനിച്ച് ഇശൽ നില 2018 ന് സമാപനം. കടുത്ത ചൂടിനിടയിലും മനസ്സിലേക്ക് മഞ്ഞിൻകണങ്ങളായി സംഗീതം പെയ്തിറങ്ങിയ വെള്ളിഴാഴ്ച രാവ് ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ വേദിയിലേക്ക് ഒഴുകിയെത്തിയത്.

പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ് , ഫാസില ഭാനു , യുംന അജിൻ , ഓർക്കസ്ട്ര അംഗങ്ങളായ നബീൽ,ഹക്കിം ,മുബഷിർ തുടങ്ങിയവർ കാതിനിമ്പം പകരുന്ന പാട്ടുകളുമായി സദസ്സിനെ ഇളക്കിമറിച്ചു. കാണികൾക്കിടയിൽനിന്ന് പാട്ട് പാടി വേദിയിലേക്ക് കയറിവന്ന പ്രശസ്ത റിയാലിറ്റി ഷോ താരം യുംന അജിനെ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. വേദിയിലെ വെള്ളിവെളിച്ചത്തിൽ സംഗീതത്തിന്റെ ഇന്ദ്രജാലം തീർക്കുകയായിരുന്ന നബീലിന്റെ പറക്കും വിരലുകൾ.

ഒപ്പം തബലയുടെ താളങ്ങളും ഡ്രമ്മിന്റെ പ്രകമ്പനങ്ങളും ജാസിന്റെ ചടുലതയും പ്രകമ്പനം തീർത്തതോടെ സദസ്സ് ആനന്ദ നൃത്തമാടി. ഇശലിന്റെ തേന്മഴ പെയ്യിച്ച് കൊണ്ട് കണ്ണൂർ ശരീഫും താള ഭംഗിയും ഇമ്പമാർന്ന ഇശലുകളുടെ മാധുര്യവുമായി ഫാസിലയും അടിപൊളി ഹിന്ദി ഗാനങ്ങളുമായി യുംനയും സദസ്സിനെ കയ്യിലെടുത്തു.

പാട്ടിനോടപ്പം കുവൈത്തിലെ പ്രമുഖ ഡാൻസ് സ്‌കൂളായ ഡി.കെ ഡാൻസും ,പ്രതിഭയും നടത്തിയ ദൃശ്യാവിഷ്‌കാരവും പ്രേക്ഷകർക്ക് പുതുമയാർന്ന അനുഭവമായി.പഴയതും പുതിയതുമായ മലയാളം, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി നബീൽ ഗിറ്റാറിൽ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോഴും സദസ്സ് ഇളകി മറിഞ്ഞു. ഇതുവരെ കേട്ടതു മാത്രമല്ല സംഗീതമെന്നും ഇനി കേൾക്കാനേറെയുണ്ടെന്നും ഉള്ള തിരിച്ചറിവായിരുന്നു ഇശൽ നില സംഗീത സന്ധ്യ. മാപ്പിളപ്പാട്ടിനോടപ്പം കണ്ണൂർ ശരീഫിന്റെ കവ്വാലിയും ഗസലും വേദിയിൽ പെയ്തിറങ്ങി.

പ്രളയക്കെടുതിയിൽ മുങ്ങിപ്പോയ കേരളത്തിന് കൈത്താങ്ങായി റാഫിൽ കൂപ്പണിൽ നിന്നും ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും അതോടപ്പം കേരളത്തെ പ്രളയകെടുതിയിൽ നിന്ന് കരകയറ്റുന്നതിനും നവകേരളം കെട്ടിപ്പെടുക്കുന്നതിനും മുജ്തബയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സംഗീത സായാഹ്നത്തിന് ഉദ്യോഗിക ഉത്ഘാടനം കുവൈത്തിലെ പ്രമുഖ വ്യവസായിയും പൗര പ്രമുഖനുമായ ഇല്യാസ് അലി നിർവ്വഹിച്ചു. പരിപാടികൾക്ക് മുജ്തബ ക്രിയേഷൻ & ഇവന്റ്‌സ് അംഗങ്ങളും പ്രവർത്തകരും നേതൃത്വം നൽകി. പരസ്യദാതാക്കൾക്കും കലാകാലന്മാർക്കുമുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു.