ഡാളസ്: ഈസ്റ്റർ ദിനത്തിൽ ഡാളസ്‌ഫോർട്ട് വർത്ത് മലയാളികൾക്കായി ഡാളസ് വൈഎംഇഎഫ് സംഗീത സായാഹ്നം ഒരുക്കുന്നു. മാർച്ച് 27 നു വൈകുന്നേരം ആറു മുതൽ രാത്രി എട്ടു വരെ നടക്കുന്ന സംഗീത വിരുന്നിനു ഇൻസ്‌പെക്ഷൻ ഗ്രൂപ്പാണ് സംഗീതമൊരുക്കുന്നത്.

1893 ൽ ജർമനിയിൽ നിന്നും മലയാളക്കരയിലെത്തിയ മിഷനറി വി. നാഗൽ സായിപ്പിന്റെ സംഗീത സാന്ദ്രമായ ജീവിത കഥയും ഗാനങ്ങളും കോർത്തിണക്കിയുള്ള അപൂർവ സംഗീത സായാഹ്നത്തിനു വേദിയൊരുക്കിയിരിക്കുന്നത് കരോൾട്ടൺ ബിലീവേഴ്‌സ് ചർച്ചിലാണ്.

ആംഗലേയ ഭാഷ ലവലേശം പോലും സ്വാധീനം ചെലുത്താതെ ശുദ്ധമലയാളത്തിൽ സംസാരിക്കുന്നതിനും എഴുതുന്നതിനും പ്രാവീണ്യം നേടിയ വി. നാഗൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ജനഹൃദയങ്ങളിൽ ആശ്വാസത്തിന്റേയും ആനന്ദത്തിന്റേയും അലയടികൾ സൃഷ്ടിക്കുവാൻ കഴിയുന്ന നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്.

താത്കാലികമായി മനുഷ്യ മനസിനെ മഥിക്കുന്ന ആയിരക്കണക്കിനു ക്രൈസ്തവ ഗാനങ്ങൾ സ്മൃതിപഥത്തിൽനിന്നു മാഞ്ഞുപോകുമ്പോഴും വി. നാഗൽ രചിച്ച 'സമയമാം രഥത്തിൽ', 'യേശുവേ നിന്റെ രൂപമീ എന്റെ കണ്ണുകൾ', ഭാഗ്യനാൾ, ഭാഗ്യനാൾ, യേശു എൻ സ്വന്തം തുടങ്ങിയ ഗാനങ്ങൾ ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു.

സൗജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്ന ഭക്തിനിർഭരവും ആസ്വാദ്യകരവുമായ സംഗീത വിരുന്നിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഷിബു ജേക്കബ് (സെക്രട്ടറി) 972 467 3030.