യുകെയിലെ മുസ്ലീങ്ങൾക്കിടയിലെ ഭിന്നിപ്പ് ഇവിടുത്തെ തെരുവുകളിൽ രക്തരൂക്ഷിതമായ കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും കാരണമാകുമെന്ന മുന്നറിയിപ്പുമായി കൗണ്ടർ ടെററിസം തിങ്ക് ടാങ്കായ ക്യുയിലിയാം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഹറാസ് റാഫിക് രംഗത്തെത്തി. ഇതിനെ തുടർന്ന് ഇവിടെ സിവിൽ വാറുണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീവ്രവിശ്വാസം പ്രചരിപ്പിക്കുന്ന മുസ്ലീമായി ജീവിക്കാത്ത മുസ്ലീങ്ങളെ കൊല്ലാൻ മതമൗലിക വാദികൾ ഓടി നടക്കുന്ന ഭീകരാവസ്ഥയാണിപ്പോൾ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇതിനെ തുടർന്ന് അധികം വൈകാതെ ഐസിസ് സ്‌റ്റൈലിലുള്ള കൊലപാതകങ്ങളായിരിക്കും ബ്രിട്ടനിൽ അരങ്ങേറുകയെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

രാജ്യത്ത് അടുത്ത കാലത്ത് നടന്ന മൂന്ന് മുസ്ലീങ്ങളുടെ കൊലപാതകങ്ങൾ ഈ ദുരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറയുന്നു. ഇവരെല്ലാം കടുത്ത വിശ്വാസം പ്രചരിപ്പിക്കുന്ന മുസ്ലീങ്ങളായി ജീവിക്കാത്തതിന്റെ പേരിലായിരുന്നു കൊല്ലപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.ഷരിയ നിയമത്തിന് കീഴിൽ ജീവിക്കുന്ന മുസ്ലീങ്ങളെല്ലാം കൊല്ലപ്പെടേണ്ടവരാണെന്നാണ് ഇസ്ലാമിന്റെ സലഫി പാത നിർദേശിക്കുന്നതെന്നും അതിനാൽ ഇത്തരം കൊലപാതകങ്ങൾ ഇനിയും ബ്രിട്ടനിൽ നടന്നേക്കാമെന്നും റാഫിക്ക് മുന്നറിയിപ്പേകുന്നു. മുസ്ലിം പള്ളിയിലെ അധികാരത്തർക്കത്തെ തുടർന്ന് മുസ്ലിം നേതാവായ ഖാലിദ് റഷാദ് ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ച് അബ്ദുൾ ഹാദി അർവാനിയെ കൊലപ്പെടുത്തിയിട്ട് അധികനാളായിട്ടില്ല. ഇതിനെ തുടർന്ന റഷാദിനെ ബുധനാഴ്ച ജയിലിൽ ഇടുകയും ചെയ്തിരുന്നു.

വെസ്റ്റ് ലണ്ടനിലെ മോസ്‌കിലുള്ള നൂർ കൾച്ചറൽ സെന്റർ നടത്തിക്കുന്നതിനുള്ള അധികാരം ആർക്കാണെന്ന തർക്കത്തെ തുടർന്നായിരുന്നു ഈ കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.അർവാനിയുടെ കൊലപാതകം സംഭവിച്ചത് മുസ്ലിം പള്ളിയുടെ ഭരണനിർവഹണ അധികാരത്തെ ചൊല്ലിയുള്ള തർക്കം മൂലമാണെന്നാണ് റാഫിക്ക് ദി ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സുന്നി ഇസ്ലാമിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് ഇത്തരം കൊലപാതകങ്ങളിൽ മിക്കവയുടെയും അടിസ്ഥാന കാരണമെന്നും റാഫിക് അഭിപ്രായപ്പെടുന്നു.സുന്നി-ഷിയാ സംഘട്ടനങ്ങളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും സുന്നികളെ പോലുള്ള ഒരു വിഭാഗത്തിൽ പെട്ട മുസ്ലീങ്ങൾക്കിടയിലെ ഇത്തരത്തിലുള്ള കുടിപ്പക നാം കാണാതെ പോകരുതെന്നും റാഫിക് നിർദേശിക്കുന്നു.അതിനാൽ തീവ്രമതവിശ്വാസം പുലർത്താത്ത ഏത് മതവിശ്വാസിയും ഇവിടുത്തെ തെരുവുകളിൽ ഏത് നിമിഷവും കൊല്ലപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇവിടെ ആരും എപ്പോഴും കൊല്ലപ്പെടാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും പ്രത്യേകിച്ച് പരസ്പരം തർക്കിക്കുന്ന ഒരേ മതത്തിലെ മിത വിശ്വാസികൾ കൊല്ലപ്പെടാൻ സാധ്യതയേറെയാണെന്നുമാണ് മെട്രൊപൊളിറ്റൻ പൊലീസിലെ കമാൻഡർ മാക് ചിസ്റ്റി വെളിപ്പെടുത്തുന്നത്. ഖുറാൻ പഠിക്കാൻ വഴങ്ങാത്ത തങ്ങളുടെ കുട്ടികളെ പോലും ക്രൂരമായി ആക്രമിക്കുന്ന മുസ്ലിം കുടുംബങ്ങൾ ബ്രിട്ടനിലുണ്ടെന്നാണ് കൗൺസിൽ ഓഫ് എക്സ്-മുസ്ലിം ബ്രിട്ടൻ വെളിപ്പെടുത്തുന്നത്.