തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഡൊണാൾഡ് ട്രംപിനെ വിവാദനായകനാക്കി നിർത്തിയ പല പ്രസ്താവനകളുണ്ടായിരുന്നു. അതിലേറ്റവും മുഖ്യം മുസ്ലീങ്ങൾക്കെതിരെ ട്രംപ് നടത്തിയ പ്രസ്താവനയാണ്. മുസ്ലീങ്ങൾ അമേരിക്കയ്ക്ക് ഭീഷണിയാണെന്നും മുസ്ലീങ്ങൾ അമേരിക്കയിൽ പ്രവേശിക്കുന്നത് പൂർണമായും നിരോധിക്കണമെന്നുമായിരുന്നു ട്രംപിന്റെ വാക്കുകൾ. ഈയൊരൊറ്റ പ്രസ്താവനയാണ് കടുത്ത ഇസ്ലാം വിരുദ്ധരുടെ വോട്ടുകൾ ട്രംപിന് അനുകൂലമാക്കിയതും അദ്ദേഹത്തെ പ്രസിഡന്റ് പദവിയിലെത്തിച്ചതും.

എന്നാൽ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് ആദ്യം ചെയ്തത് തന്നെ വിവാദ പുരുഷനാക്കിയ പ്രസ്താവന പിൻവലിക്കലാണ്. തന്റെ വെബ്‌സൈറ്റിൽനിന്നുതന്നെ ആ പ്രസ്താവന ട്രംപ് നീക്കം ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകം തന്നെ പ്രസ്താവന പിൻവലിക്കപ്പെട്ടതായാണ് കരുതുന്നത്.

2015 ഡിസംബറിലാണ് ട്രംപിനെ ആഗോളതലത്തിൽ വിവാദപുരുഷനാക്കിയ പ്രസ്താവനയുണ്ടായത്. ബ്രിട്ടനടക്കം അമേരിക്കയുടെ സഖ്യകക്ഷികൾ പോലും ഈ പ്രസ്താവനയെ അപലപിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചൂടേറിയ ചർച്ചയിൽ, ട്രംപിനെ ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നും ആവശ്യമുയർന്നിരുന്നു. ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഉൾപ്പെടെയുള്ളവർ ട്രംപിനെ വിമർസിക്കാൻ രംഗത്തുവന്നിരുന്നു.

വൈറ്റ് ഹൗസിൽ പ്രസിഡന്റ് ബരാക് ഒബാമയെ സന്ദർശിക്കാനെത്തുന്നതിന് മുമ്പുതന്നെ ഹാനികരമായ പ്രസ്താവന തന്റെ വെബ്‌സൈറ്റിൽനിന്ന് നീക്കിയിരുന്നുവെന്നാണ് സൂചന. രാഷ്ട്ര സുരക്ഷ, വിദേശ നയം തുടങ്ങിയ നിർണായക വിഷയങ്ങളെക്കുറിച്ച് ഇരുവരും ഒന്നരമണിക്കൂറോളം നീണ്ട ചർച്ചയിൽ സംസാരിച്ചിരുന്നു.

മെക്‌സിക്കോക്കാർക്കെതിരെ നടത്തിയതുൾപ്പെടെയുള്ള മറ്റു ചില വിവാദ പ്രസ്താവനകളും ട്രംപിന്റേതായിട്ടുണ്ട്. വിദേശ നയം രൂപപ്പെടുത്തുന്ന വേളയിൽ ഇക്കാര്യങ്ങളിലൊക്കെയുള്ള ട്രംപിന്റെ നിലപാട് നിർണായകമാകും. മുസ്ലീങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുകയെന്നതുപോലുള്ള മണ്ടത്തരങ്ങൾ അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ തന്റെ നയത്തിന്റെ ഭാഗമായിരിക്കില്ലെന്ന സൂചനയാണ് വെബ്‌സൈറ്റിൽനിന്ന് ആ പ്രസ്താവന പിൻവിച്ചതിലൂടെ ട്രംപ് തെളിച്ചതെന്നും വിലയിരുത്തപ്പെടുന്നു.