പാശ്ചാത്യലോകത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ പേടികളിലൊന്നാണ് മുസ്ലീങ്ങളോടുള്ള ഭയം. ലോകവ്യാപകമായി നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങളും അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളുമാണ് ഇത്തരമൊരു ഭയത്തിന് അടിസ്ഥാനം. നല്ലവരായ ഇസ്ലാം മതവിശ്വാസികളെപ്പോലും അവിശ്വസിക്കുന്ന തരത്തിലേക്ക് ഈ ഭയം വളർന്നിരിക്കുന്നു. ഇപ്പോഴിതാ, ഈ പേടി ആളിക്കത്തിക്കുന്ന തരത്തിലൊരു പഠന റിപ്പോർട്ടും വന്നിരിക്കുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റം അപകടം വിതയ്ക്കുമെന്നാണ് തന്റെ പഠനത്തിലൂടെ നെതർലൻഡ്‌സുകാരനായ പ്രൊഫ. റൂഡ് കൂപ്പമാൻസ് സ്ഥാപിക്കുന്നത്. ലോകത്തുള്ള 100 കോടി മുസ്ലിം ജനസംഖ്യയിൽ 50 കോടിയും യാഥാസ്ഥിതിക മനോഭാവമുള്ളവരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിൽത്തന്നെ അഞ്ചുകോടിയോളം പേർ മതത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതകളെയും ഭീകരപ്രവർത്തനങ്ങളെയും ന്യായീകരിക്കുന്നവരുമാണന്നും കൂപ്പ്മാൻസ് പറയുന്നു.

സ്വവർഗാനുരാഗികൾ, സ്ത്രീകൾ, ഇതര വിശ്വാസങ്ങൾ പുലർത്തുന്നവർ എന്നിവരോട് യാതൊരു മമതയും പുലർത്താത്ത യാഥാസ്ഥിതിക മനോഭാവമാണ് മുസ്ലിം ജനസംഖ്യയിൽ പാതിയോളം പേർക്കുള്ളത്. ഇവരിൽത്തന്നെ അഞ്ചുകോടിയോളം പേർക്ക് ജിഹാദിനെയും തീവ്രവാദത്തെയും ന്യായീകരിക്കാനും മടിയില്ലെന്ന് ജർമൻ ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ കൂപ്പ്മാൻസ് പറഞ്ഞു.

ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിലെ സോഷ്യോളജി ആൻഡ് മൈഗ്രേഷൻ റിസർച്ച് വിഭാഗത്തിലെ പ്രൊഫസ്സറാണ് കൂപ്പ്മാൻസ്. അഭയാർഥി പ്രശ്‌നത്തിൽ ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പലതും വളരെ പ്രാധാന്യതത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. തീവ്രവാദത്തെ അംഗീകരിക്കുന്ന അഞ്ചുകോടി മുസ്ലീങ്ങളുണ്ടെങ്കിലും നേരിട്ട് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരല്ല അതിൽ ഭൂരിപക്ഷമെന്നും അദ്ദേഹം പറയുന്നു.

തീവ്രവാദ ആശയമുള്ളവരെ പിന്തുണയ്ക്കുകയും ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കാൻ തയ്യാറാവുകയും ചെയ്യുന്നതിൽ അവർക്ക് മടിയുണ്ടാകാറില്ല. ജർമൻ മുസ്ലീങ്ങളിൽ ഇത്തരം നിലപാടുള്ളവർ എട്ടുശതമാനത്തോളം വരുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ലോകത്തെ മുസ്ലിം ജനസംഖ്യയിൽ ചെറിയൊരു ശതമാനത്തിന് നിരപരാധികൾക്ക്‌നേരെ നടക്കുന്ന ചാവേറാക്രമണങ്ങളെ ഇസ്ലാിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി ന്യായീകരിക്കാൻ മടിയില്ലെന്നും അദ്ദേഹം പറയുന്നു.