ശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു നിരപരാധിയെ തല്ലിക്കൊന്ന ഉത്തരേന്ത്യയിൽനിന്നാണ് മതസൗഹാർദത്തിന്റെ ഈ വേറിട്ട വാർത്ത. സമൂഹത്തിലെ മതസൗഹാർദം സംരക്ഷിക്കുന്നതിനായി രാജസ്ഥാനിലെ ലേദി ഗ്രാമത്തിലെ ഫൂലെ ഖാനും കുടുംബവും സംരക്ഷിക്കുന്നത് 600-ഓളം പശുക്കളെ.

1995-ൽ ഫൂലെ ഖാന്റെ സഹോദരൻ അസാവു ഖാനാണ് ഗോസംരക്ഷണം ഏറ്റെടുത്തത്. 20 പശുക്കളുമായി തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് 600 പശുക്കളായി വളർന്നത്. തെരുവിൽ അനാഥരായി അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ഇവർ ഏറ്റെടുത്തത്. കന്നുകാലികളുടെ സംരക്ഷണത്തിനൊപ്പം ഇവ കർഷകർക്ക് വരുത്തുന്ന നാശനഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇവർക്കുണ്ടായിരുന്നു.

ഗോസംരക്ഷണം ഇപ്പോൾ മതസൗഹാർദത്തിന്റെ ചിഹ്നം കൂടിയായെന്ന് ഫൂലെ ഖാൻ പറയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഭിന്നിച്ചുനിന്നാൽ രാജ്യത്തിന് പിടിച്ചുനിൽക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. പശുക്കളെ കൊല്ലു്ന്നത് നിരോധിച്ച രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു.

തന്റെ ഫാമിൽനിന്ന് വിൽക്കുന്ന പശുക്കളെയും കാളകളെയും അവയെ അറവുകാർക്ക് വിൽക്കില്ലെന്ന് ഉറപ്പുവരുത്താൻ ഫൂലെ ഖാനും കുടുംബവും മുൻകരുതൽ എടുക്കാറുണ്ട്. അത്തരത്തിലുള്ള സമ്മത പത്രം എഴുതി ഒപ്പിടുന്നവർക്ക് മാത്രമേ അവയെ വിൽക്കാറുള്ളൂ. മാത്രമല്ല, കന്നുകാലികൾക്ക് വയസ്സാകുമ്പോൾ ഫൂലെ ഖാനെ തിരിച്ചേൽപ്പിക്കുകയും വേണം.

സ്വന്തം സമ്പാദ്യത്തിൽനിന്നുള്ള പണമെടുത്താണ് ഫൂലെ ഖാനും കുടുംബവും ഗോസംരക്ഷണം നടത്തുന്നത്. ഓരോ മാസവും ഇതിനുവേണ്ടി ചെലവാകുന്നത് ഒരുലക്ഷത്തോളം രൂപയാണ്. ഫൂലെ ഖാന്റെ ഫാംഹൗസിൽനിന്നുള്ള ചാണകമാണ് ഗ്രാമത്തിലെ കർഷകർക്ക് വളമായി മാറുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ കൃഷി ചെയ്യാനും ഇതുപകരിക്കുന്നു.