- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട്സാപ്പ് ഹർത്താലിന്റെ മറവിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് മാപ്പ്; മലപ്പുറത്തെ താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും; കലാപത്തിന് ശ്രമിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടി; മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ പുനർനിർമ്മാണത്തിന് സഹായനിധി
മലപ്പുറം: താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും. പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നൽകി മന്ത്രി കെ.ടി.ജലീൽ. സഹോദര മതക്കാരുടെ കടകൾ തകർക്കപ്പെട്ടതിൽ ഉടമകളോട് ഞാൻ മാപ്പ് ചോദിക്കുന്നതായും മന്ത്രി ജലീൽ. സോഷ്യൽ മീഡിയാ ഹർത്താലിൽ അക്രമിക്കപ്പെട്ട താനൂരിലെ കടകൾ സന്ദർശിച്ച ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സോഷ്യൽ മീഡിയ ഹർത്താലിന്റെ മറവിൽ നാഥനില്ലാതെ അഴിഞ്ഞാടി നാട്ടിൽ വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ പാർട്ടി നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നശിപ്പിക്കപ്പെട്ട കടകൾ പൂർവ്വ സ്ഥിതിയിലാക്കുവാൻ പൗരപ്രമുഖരും ബിസിനസുകാരുമടങ്ങുന്ന മുസ്ലിം കൂട്ടായ്മയുടെ ലക്ഷങ്ങളുടെ ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. 25000 രൂപ സ്വയം നൽകി മന്ത്രി തന്നെ നേതൃത്വം നൽകി. എംഎൽഎ. വി.അബ്ദു റഹ്മാൻ ഒരു ലക്ഷവും മറ്റുള്ളവരുടെ ധനസഹായവും മന്ത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കളക്ടർ അമിത് മീണ യുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ പ്രവർത്തകരെ കണ്ടത്. മലപ്പുറം
മലപ്പുറം: താനൂരിൽ തകർത്ത കടകൾ മുസ്ലിം സഹോദരങ്ങൾ പുനർനിർമ്മിക്കും. പൊതു ധനസഹായ കൂട്ടായ്മക്ക് നേതൃത്വം നൽകി മന്ത്രി കെ.ടി.ജലീൽ. സഹോദര മതക്കാരുടെ കടകൾ തകർക്കപ്പെട്ടതിൽ ഉടമകളോട് ഞാൻ മാപ്പ് ചോദിക്കുന്നതായും മന്ത്രി ജലീൽ. സോഷ്യൽ മീഡിയാ ഹർത്താലിൽ അക്രമിക്കപ്പെട്ട താനൂരിലെ കടകൾ സന്ദർശിച്ച ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സോഷ്യൽ മീഡിയ ഹർത്താലിന്റെ മറവിൽ നാഥനില്ലാതെ അഴിഞ്ഞാടി നാട്ടിൽ വർഗ്ഗീയ കലാപത്തിന് ശ്രമം നടത്തിയവരെ പാർട്ടി നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നശിപ്പിക്കപ്പെട്ട കടകൾ പൂർവ്വ സ്ഥിതിയിലാക്കുവാൻ പൗരപ്രമുഖരും ബിസിനസുകാരുമടങ്ങുന്ന മുസ്ലിം കൂട്ടായ്മയുടെ ലക്ഷങ്ങളുടെ ധനസഹായം മന്ത്രി പ്രഖ്യാപിച്ചു.
25000 രൂപ സ്വയം നൽകി മന്ത്രി തന്നെ നേതൃത്വം നൽകി. എംഎൽഎ. വി.അബ്ദു റഹ്മാൻ ഒരു ലക്ഷവും മറ്റുള്ളവരുടെ ധനസഹായവും മന്ത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കളക്ടർ അമിത് മീണ യുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ പ്രവർത്തകരെ കണ്ടത്. മലപ്പുറം ജില്ലയിലെ സാമുദായിക സൗഹാർദ്ദം തകർക്കുവാൻ ഒരു നിലക്കും അനുവദിക്കില്ലെന്നും, നമ്മൾ അതിന് മാതൃകയാകുമെന്നും മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം:
'ജമ്മുവിലെ എട്ടു വയസുകാരിയുടെ കൊലപാതകം രാജ്യത്തിന് വേദനയുണ്ടാക്കി. രാജ്യത്തെ എല്ലാ ജാതി ജനങ്ങളും അമർഷം രേഖപ്പെടുത്തുകയും ഒറ്റക്കെട്ടാവുകയും ചെയ്തു. മത, ജാതി ഭേതമന്യേ ഇത്രമേൽ ജനത്തിന്റെ മനസിനെ ഒരുമിപ്പിച്ച ഒരു സംഭവം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ ബാബരി മസ്ജിദിന്റെ തകർച്ചയുടെ സമയത്ത് പോലും ഉണ്ടാകാത്ത വിധം മനുഷ്യരുടെ മനസ്സിന്റെ ഐക്യമാണ് ആ ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ രൂപപ്പെട്ട് വന്നത്. അത് കേരളത്തിൽ ജനങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കി. ആ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വാട്‌സ് ആപ്പ് കൂട്ടായ്മ എന്ന പേരിൽ ഹർത്താലിന് ഇവിടെ ആഹ്വാനം ചെയ്തത്. അതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ ആരാണെന്നു വച്ചാൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. അതിന്റെ പേരിൽ പല സ്ഥലങ്ങളിലും യുവാക്കളുടെ കൂട്ടം നഗരങ്ങളും പട്ടണങ്ങളും കൈയടക്കുന്ന സ്ഥിതിയുണ്ടായി.
ആരാലും നിയന്ത്രിക്കപ്പെടാനില്ലാത്ത കൂട്ടായ്മയുടെ ബവിശ്വത്ത് പല സ്ഥലത്തുമുണ്ടായി.
താനൂരിലുണ്ടായ ഈ സംഭവം വളരെ വേദകരമാണ്. മലപ്പുറം ജില്ല മതമൈത്രിക്ക് പേരുകേട്ട ഒരു പ്രദേശമാണ്. ബാബരി മസ്ജിദിന്റെ തകർച്ചയുടെ കാലത്തുപോലും മലപ്പുറം ജില്ല പാരമ്പര്യം കാത്ത് സൂക്ഷിച്ചു.അതിനു വിരുദ്ധമായാണ് ഇപ്പോഴത്തെ അക്രമം. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകും.
താനൂർ ഉൾപ്പടെയുള്ള മലപ്പുറം ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളിൽ എല്ലാ മതവിഭാഗക്കാരും സുരക്ഷിതമാവണം. അതിന്റെ ഉത്തരവാദിത്വം ഇവിടത്തെ ഭൂരിപക്ഷ വിഭാഗമെന്ന നിലയിൽ മുസ്ലിംഗൾ ഏറ്റെടുക്കുക തന്നെ വേണം. അതിനു വിരുദ്ധമായാണ് താനൂരിൽ മൂന്ന് കടകൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. അതിൽ ഏറ്റവും ഭീകരമായി ആക്രമിക്കപ്പെട്ടിരിക്കുന്നത് കെ.ആർ ബേക്കറിയാണ്. എന്റെ നാട്ടുകാരൻ കൂടിയായ ബാലേട്ടനാണ് കെ.ആർ ബേക്കറിയുടെ ഉടമ. ഞാൻ അവിടെ നിന്നുമാണ് സാധനങ്ങൾ വാങ്ങാറുള്ളത്. ശിഹാബ് തങ്ങൾ മരിക്കും വരെ വളാഞ്ചേരിയിലൂടെ പോകുമ്പോൾ കെ.ആറിന്റെ മുന്നിൽ നിർത്തും. ഞാൻ ഒരിക്കൽ ഇത് ചോദിച്ചപ്പോൾ തങ്ങൾ പറഞ്ഞു ഇവിടെ നിന്നാണ് നല്ല ബ്രഡ് കിട്ടുകയെന്ന്. അദ്ദേഹം കെ.ആർ ബേക്കറിയിലെ സ്ഥിരം കസ്റ്റമറായിരുന്നു. ബിസിനസ് രംഗത്തുള്ള കെ.ആർ ബേക്കറി യോടുള്ള വിദ്വേഷം ഈ സംഭവത്തിലുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.
ഏതായാലും ഇവിടെ അക്രമിക്കപ്പെട്ട മൂന്ന് കടകൾക്കായി ഒരു പൊതു സഹായ നിധി ഞങ്ങൾ രൂപം കൊടുക്കുകയാണ്. സർക്കാറിന്റെ സഹായമില്ലാതെ ഞങ്ങൾ ഒരുമിച്ച് കടകൾ പൂർവസ്ഥിതിയിലാക്കുകയാണ്. ഞാൻ തന്നെ 25000 രൂപ ആ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. സ്ഥലം എംഎൽഎ വി അബ്ദുറഹ്മാൻ ഒരു ലക്ഷവും സംഭാവന നൽകി. ലില്ലി ഗഫൂർ 25000 രൂപ, കൈനിക്കര ആഷിഖ് 25000 രൂപ, ലില്ലി ജംഷീദ് 25000 രൂപ, കള്ളിയത്ത് അൻവർ 25000 രൂപ, ഉസ്മാൻ ഹാജി ചെറിയമുണ്ടം 25000 രൂപ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വഹാബ് 25000 രൂപ, പി പി ലത്തീഫ് കുറ്റിപ്പുറം 25,000 രൂപ, പാട്ടത്തിൽ സലീം 25,000 രൂപ, ഡോ.മുജീബ് റഹ്മാൻ (എം.ഇ.എസ്) 25,000 രൂപ എന്നിങ്ങനെ ഇതിന് എത്ര തുകയാണോ അത് ഞങ്ങൾ കടകൾ പൂർവസ്ഥിതിയിൽ ആക്കിക്കൊടുക്കും.
മറ്റ് ഏതെങ്കിലും സ്ഥലങ്ങളിൽ ഇത്തരത്തിൽ അക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ സഹായത്തിന് പുറമെ ഇത് ഞങ്ങളുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ്. മഹല്ല് കമ്മിറ്റികളും മുസ്ലിം സംഘടനകളും ഇത് മാതൃകയായി ഏറ്റെടുക്കണം. അക്രമത്തിനു പിന്നിൽ എത് പാർട്ടിക്കാരാണെങ്കിലും കർശന നടപടിയുണ്ടാകും. ഇവിടെ കട തകർന്ന സഹോദര സമുദായക്കാരായ മൂന്ന് പേരോടും ഞാൻ മാപ്പ് ചോദിക്കുകയാണ്. ഞങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്വം നാളെ തന്നെ തുടങ്ങും' -മന്ത്രി കെ.ടി ജലീൽ പറഞ്ഞു.