- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബും മമ്മൂട്ടിയും ഉമ്മറും ലിസ്റ്റിൽ കടന്നത് തങ്ങളുടെ കാരുണ്യത്തിൽ; രണ്ടാംഘട്ട പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ച് പി എം സാദിഖലിയും യു സി രാമനും; വനിതകൾക്ക് അവസരമില്ലെന്ന് ഉറപ്പായി; ഷുവർ സീറ്റ് ചോദിച്ചവരോട് പോരടിച്ചു ജയിച്ചുവരാൻ തങ്ങളുടെ നിർദ്ദേശം
കോഴിക്കോട്: മുഖ്യമന്ത്രിക്കു മുമ്പേ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ഒരു മുഴം മുമ്പേ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ പാർട്ടി മത്സരിച്ച 24 സീറ്റിൽ നാലു സീറ്റുകളിലെ പ്രഖ്യാപനം ബാക്കിവച്ചാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹ
കോഴിക്കോട്: മുഖ്യമന്ത്രിക്കു മുമ്പേ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച മുസ്ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ച് ഒരു മുഴം മുമ്പേ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ പാർട്ടി മത്സരിച്ച 24 സീറ്റിൽ നാലു സീറ്റുകളിലെ പ്രഖ്യാപനം ബാക്കിവച്ചാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പട്ടിക പുറത്തുവിട്ടത്. ഇതിൽ സി മോയിൻകുട്ടി (തിരുവമ്പാടി), അഡ്വ. കെ എൻ എ ഖാദർ (വള്ളിക്കുന്ന്), എം പി അബ്ദുസ്സമദ് സമദാനി (കോട്ടക്കൽ), മമ്മദുണ്ണി ഹാജി (കൊണ്ടോട്ടി) എന്നീ നാലു സിറ്റിങ് എം എൽ എമാരെ മാറ്റിനിർത്തിയപ്പോൾ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പാർട്ടി സെക്രട്ടറിമാർ അടക്കം നാലു പുതുമുഖങ്ങൾക്ക് അവസരം നൽകി.
അഞ്ച് മന്ത്രിമാർക്കും സിറ്റിങ് സീറ്റ് അനുവദിച്ച പാർട്ടി പേരിനു പോലും ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തിയില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഷുവർ സീറ്റ് ആശിച്ചവർക്കും വീണ്ടും കടുത്ത അങ്കം വെട്ടിയാലേ അനന്തപുരിയിലെത്താനാവൂ. അഴീക്കോട് മണ്ഡലത്തിൽ നിന്ന് പാർട്ടിയിലെ യുവതുർക്കി കെ എം ഷാജിയും, മന്ത്രിസഭാ വകുപ്പ് വിഭജനത്തിൽ ഏറെ തഴയപ്പെട്ടുവെങ്കിലും ഉമ്മൻ ചാണ്ടി സർക്കാറിന് സാമൂഹ്യക്ഷേമം എന്ന ഗ്ലാമർ വകുപ്പ് സമ്മാനിച്ച മന്ത്രി ഡോ.എം കെ മുനീർ കോഴിക്കോട് സൗത്തിൽ നിന്നും, കൂടുതൽ സുരക്ഷിതമായ മണ്ഡലം ആഗ്രഹിച്ചെങ്കിലും നേതൃത്വം അത് പരിഗണിച്ചതേയില്ല. പുതുമുഖത്തെ പ്രതിഷ്ഠിച്ച പാർട്ടിയുടെ പൊന്നാപുരം കോട്ടയായ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കു കൂടുതൽ രൂക്ഷത പകരുംവിധമാണ് പുതിയ സ്ഥാനാർത്ഥി നിർണ്ണയമെന്നും നിരീക്ഷണമുണ്ട്. ഇവിടുത്തെ സിറ്റിങ് എംഎൽഎ. വി എം ഉമ്മർ മാസ്റ്ററെ തിരുവമ്പാടിയിലേക്കു മാറ്റിയത് ഇരു മണ്ഡലങ്ങളിലെയും ജയസാധ്യതയ്ക്കു മങ്ങലേൽപ്പിക്കുമെന്നാണ് പല പാർട്ടിക്കാരുടെയും വികാരം.
കഴിഞ്ഞതവണ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ട കുന്ദമംഗലം, കുറ്റ്യാടി, ഇരവിപുരം, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. യു ഡി എഫുമായുള്ള സീറ്റ് ധാരണ പൂർത്തിയാവാത്തതിനാലാണിത്. ഇതിൽ ഗുരുവായൂരിൽ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയെയാണ് നേതൃത്വം മുഖ്യമായും പരിഗണിക്കുന്നത്. കുന്ദമംഗലം സീറ്റ് കോൺഗ്രസിന് നൽകി പകരം ബാലുശ്ശേരി വാങ്ങാനാണ് നേതൃ ആലോചന. അങ്ങനെ വന്നാൽ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റും ഹാൻവീവ് ചെയർമാനുമായ യു സി രാമനെയാണ് ഇവിടേക്കു നിയോഗിക്കുക. കുറ്റ്യാടിയും നാദാപുരവും പരസ്പരം മാറാനും ചർച്ച നടക്കുന്നു. അവിടേക്ക് നാദാപുരം പഞ്ചായത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്ത സൂപ്പി നരിക്കാട്ടേരിയും യൂത്ത്ലീഗ് ജനറൽസെക്രട്ടറി സി കെ സുബൈറുമാണ് സാധ്യതാ ലിസ്റ്റിലുള്ളത്. സൂപ്പിക്കാണ് സാധ്യത കൂടുതൽ. ഇരവിപുരം ലീഗ് മത്സരിച്ച സീറ്റാണെങ്കിലും അവിടത്തെ സിറ്റിങ് എംഎൽഎ ആർ എസ് പിയിലെ എ എ അസീസും സംഘവും ഇപ്പോൾ യു ഡി എഫിന്റെ ഭാഗമായതിനാൽ പ്രസ്തുത സീറ്റിനു പകരം മറ്റൊരു സീറ്റ് കണ്ടെത്തേണ്ട സ്ഥിതിയാണ്.
മണ്ഡലം കമ്മിറ്റികളുടെ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ കടുത്ത ദയാവായ്പിലൂടെയാണ് മഞ്ചേരി, തിരുർ, തിരൂരങ്ങാടി സീറ്റുകളിൽ സിറ്റിങ് എം എൽ എമാർക്ക് വീണ്ടും ജനവിധി തേടാൻ അവസരമുണ്ടായത്. മഞ്ചേരിയിൽ അഡ്വ. എം ഉമറിനെ പാണക്കാട് തങ്ങൾ വീണ്ടും പരിഗണിച്ചപ്പോൾ മത്സരിക്കാൻ കുപ്പായം തുന്നിയ യു എ ലത്തീഫിനാണ് അവസരം നഷ്ടമായത്. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിനെ വീണ്ടും റബ്ബ് കാത്തപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിയും ഐ എൻ എലിന്റെ മുൻ നിയമസാമാജികനും കൂടിയായ അഡ്വ. പി എം എ സലാമിനാണ് നെഞ്ചിടിപ്പ് കൂട്ടിയത്. തിരൂരിൽ സി മമ്മുട്ടിക്കു വീണ്ടും നറുക്കു വീണതോടെ കുറുക്കോളി മൊയ്തീന്റെ മോഹവും പൊലിഞ്ഞു. പാർട്ടി ജനറൽസെക്രട്ടറി കെ പി എ മജീദ് രംഗം മുൻകൂട്ടി സ്ക്രീൻ ചെയ്ത് വിദഗ്ധമായി കളമൊഴിഞ്ഞതിനാൽ സീറ്റ് കിട്ടാത്ത യുവതുർക്കികൾ അടക്കമുള്ള സീറ്റ്മോഹികളുടെ നീരസം സമ്പാദിക്കാതെ രക്ഷപ്പെട്ടു.
അതിനിടെ, സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയ യൂത്ത്ലീഗ് അഖിലേന്ത്യാ കൺവീനറും സംസ്ഥാന സെക്രട്ടറിയുമായ പി കെ ഫിറോസിനെതിരെ സമസ്തയുടെ വിദ്യാർത്ഥി-യുവജന വിഭാഗത്തിൽ നിന്ന് കടുത്ത സമ്മർദ്ദം ഉയർന്നു. പാർട്ടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വിവിധ മുജാഹിദ് ഗ്രൂപ്പുകളുടെയും അനുഗ്രഹാശിസ്സുകൾ ഫിറോസിനുണ്ടായെങ്കിലും ഫിറോസിനെ വെട്ടാൻ ചില യുവതുർക്കികളും അമിതാവേഷം കാണിച്ചതായി വിവരമുണ്ട്. യൂത്ത്ലീഗിൽ സംസ്ഥാന പ്രസിഡന്റിനും ജനറൽസെക്രട്ടറിക്കും മാത്രമെ സീറ്റ് നൽകുന്ന കീഴ്വഴക്കമുള്ളൂവെന്നും അതിനാൽ അതിനപ്പുറം പോകരുതെന്നും ഇവർ നേതൃത്വത്തെ ഉപദേശിച്ചുപോൽ!
അതിനിടെ, സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എം എൽ എമാരായ അഡ്വ. കെ എൻ എ ഖാദറിനെ പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായും സി മോയിൻകുട്ടിയെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പരിഗണിച്ച് നേതൃത്വം രംഗം തണുപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ ചാനൽ വക്താവായ ഖാദർ നേരത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു. മോയിൻകുട്ടി ജില്ലാ വൈസ്പ്രസിഡന്റ്, ട്രഷറർ എന്നി പദവികൾ വഹിച്ചിരുന്നു.
സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയും സിറ്റിങ് എം എൽ എയുമായ വി എം ഉമ്മർ മാസ്റ്റർക്കു പകരം കൊടുവള്ളിയിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്ററെയാണ് നേതൃത്വം അവരോധിച്ചിട്ടുള്ളത്. ഉമ്മർ മാസ്റ്ററെ പകരം തിരുവമ്പാടിയിലേക്കാണ് ചുമതലപ്പെടുത്തിയതെങ്കിലും കാര്യങ്ങൾ അത്ര പന്തിയാവില്ല. തിരുവമ്പാടിയിലെ സിറ്റിങ് എംഎൽഎ സി മോയിൻകുട്ടിയെ മാറ്റി അവിടെ ഉമ്മർ മാസ്റ്ററെ നിർത്തിയതോടെ അവിടെയും ഗ്രൂപ്പ് പോരിന് ശക്തി കൂടാനാണ് സാധ്യത. തിരുവമ്പാടിയിൽ പ്രത്യേകിച്ച് ക്രിസ്ത്യൻ മേഖലയിൽ സി മോയിൻകുട്ടിയെ പോലൊരു സ്വീകാര്യൻ പാർട്ടിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പ്രചാരണം. മുമ്പ് ഉമ്മർ മാസ്റ്റർ തിരുവമ്പാടിയിൽ മത്സരിച്ചപ്പോൾ സീറ്റ് കിട്ടാത്തതിലുള്ള നീരസം കാരണം ഉമ്മർ മാസ്റ്ററെ മോയിൻകുട്ടിയുടെ അനുയായികൾ തന്നെ തോൽപ്പിച്ചതും അങ്ങാടിപ്പാട്ടാണ്.