കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പേതന്നെ കോഴിക്കോട് തോൽവി സമ്മതിച്ച രീതിയിലാണ് യുഡിഎഫിന്റെ പ്രവർത്തനങ്ങൾ. ഇടതു സ്ഥാനാർത്ഥികൾ എല്ലാം അനൗദ്യോഗികമായി തീരുമാനമായെങ്കിലും യു.ഡി.എഫിൽ കാര്യങ്ങൾ എവിടെയും എത്തിയിട്ടില്ല. അതിനിടെ പാർട്ടിയിലെ വിഭാഗീയതയും സ്ഥാനാർത്ഥി ആരാവണമെന്നതിനെ ചൊല്ലിയുള്ള തർക്കവും കാരണം മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കൈവിടുകയാണെന്നതും പ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തി. നാല് പതിറ്റാണ്ടിലേറെയായി ലീഗ് മത്സരിച്ചുവരുന്ന മണ്ഡലമാണ് ഇവിടം. കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി വച്ചുമാറാനാണ് ലീഗും കോൺഗ്രസുമായുള്ള ധാരണ.

കാലങ്ങളായി സംവരണമായിരുന്ന കുന്ദമംഗലം 2011ലാണ് ജനറൽ സീറ്റായി മാറിയത്. ഇത്തവണ യൂത്ത്‌ലീഗ് അഖിലേന്ത്യാ കൺവീനർ പി.കെ. ഫിറോസിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ, ഫിറോസിനെതിരെ ഒരുവിഭാഗം സുന്നി നേതാക്കളും യൂത്ത്‌ലീഗ് ഭാരവാഹികളിൽ ഒരുവിഭാഗവും രംഗത്തത്തെിയതോടെ നേതൃത്വം ആശങ്കയിലായി. പകരം തിരുവമ്പാടി എംഎ‍ൽഎ സി. മോയിൻകുട്ടിയുടെ പേര് ഉയർന്നുവന്നെങ്കിലും പാണക്കാടുനിന്ന് അതിന് പച്ചക്കൊടി ലഭിച്ചില്ല. മണ്ഡലത്തിലെ പല നേതാക്കളും സ്ഥാനാർത്ഥിത്വത്തിന് ചരടുവലി നടത്തിയെങ്കിലും പൊതു അംഗീകാരം ആർക്കും ലഭിച്ചില്ല. ഇതേതുടർന്നാണ് മണ്ഡലം വച്ചുമാറുന്നതിനെക്കുറിച്ച് ചർച്ച വന്നത്. കഴിഞ്ഞതവണ കുന്ദമംഗലത്ത് പി.ടി.എ. റഹീമിനോട് മത്സരിച്ച് തോറ്റയാളും രണ്ടുതവണ എംഎ‍ൽഎയുമായ യു.സി. രാമനെ ബാലുശ്ശേരിയിൽ പരിഗണിക്കാനാണ് നീക്കം.

അതിനിടെ തിരുവമ്പാടി മണ്ഡലത്തിൽ മലയോര വികസന സമിതി ഉയർത്തിയ വെല്ലുവിളി ലീഗിന് പിന്നാലെയുണ്ട്.ലീഗിന്റെ കുത്തക സീറ്റായ കൊടുവള്ളിയിൽ മുൻ മണ്ഡലം സെക്രട്ടറി കാരാട്ട്് റസാഖ് ഇടതുസ്വതന്ത്രനായി മൽസര രംഗത്ത് എത്തുന്നതോടെ ഇവിടെയും കടുത്ത മൽസരമാണ്. ബാക്കിയുള്ള സീറ്റുകളിലൊക്കെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
എന്നാൽ സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി ജില്ലയിൽ ഇടതുമുന്നണി ഒരു ചുവട് മുന്നിലത്തെിയിട്ടുണ്ട്. ബേപ്പൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മെഹബൂബിനെ മൽസരിക്കുന്നതിനെതിരെ ഉയർന്ന കടുത്ത പ്രതിഷേധം, ക്‌ളീൻ ഇമേജുള്ള മേയർ വി.കെ.സി മമ്മദ് കോയയെ സ്ഥാനാർത്ഥിയാക്കുന്നതോടെ പാർട്ടിക്ക് പരിഹരിക്കാനായി.

ഇതോടെ കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ അവസാന ചിത്രം ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ അവതരിപ്പിച്ചു. കോഴിക്കോട് നോർത്തിൽ സിപിഎമ്മിലെ എ. പ്രദീപ് കുമാറും സൗത്തിൽ ഐ.എൻ.എല്ലിലെ പ്രഫ. എ.പി. അബ്ദുൽ വഹാബും എലത്തൂരിൽ എൻ.സി.പിയുടെ എ.കെ. ശശീന്ദ്രനും ബാലുശ്ശേരിയിൽ സിപിഎമ്മിലെ പുരുഷൻ കടലുണ്ടിയും കുന്ദമംഗലത്ത് പി.ടി.എ. റഹീമും കൊടുവള്ളിയിൽ ലീഗ് വിമതൻ കാരാട്ട് റസാക്കും ഇടത് സ്ഥാനാർത്ഥിയാകും. തിരുവമ്പാടിയിൽ ജോർജ് എം. തോമസ്, ബേപ്പൂരിൽ വി.കെ.സി. മമ്മദ് കോയ, പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ, കുറ്റ്യാടിയിൽ കെ.കെ. ലതിക, കൊയിലാണ്ടിയിൽ കെ. ദാസൻ എന്നിവർ സിപിഎമ്മിൽനിന്ന് സ്ഥാനാർത്ഥികളാകും. നാദാപുരത്ത് സിപിഐയുടെ ഇ.കെ. വിജയനും വടകരയിൽ ജനതാദൾഎസിലെ സി.കെ. നാണുവും മത്സരിക്കും.

ഏപ്രിൽ നാലിന് എലത്തൂരും അഞ്ചിന് കോഴിക്കോട് നോർത്, സൗത്, കൊയിലാണ്ടി, കുന്ദമംഗലം മണ്ഡലങ്ങളിലും കൺവെൻഷൻ നടക്കും. എന്നാൽ യു.ഡി.എഫിൽ കോൺഗ്രസ് മൽസരിക്കുന്ന സീറ്റുകളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കെ.സി അബുവും ടി.സിദ്ദീഖും തൊട്ട് എൻ.സുബ്രമണ്യവൻവരെയുള്ള നീണ്ട ലിസ്റ്റാണ് സ്ഥാനാർത്ഥി മോഹികളായി പറഞ്ഞുകേൾക്കുന്നത്.