- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെ ആക്ഷേപിച്ച ഉമർ ഫൈസി മുക്കം; ഗുരുവായൂരിലെ കാണിക്കയിൽ വിവാദം കണ്ടെത്തിയ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്; പിന്നെ ആലിക്കുട്ടി മുസ്ല്യാറും പിണറായിയുടെ യോഗവും; യുഡിഎഫിനെ തോൽപ്പിച്ചത് സമസ്തയിലെ ഇകെ വിഭാഗമോ? തിരിച്ചടിച്ച അഞ്ച് കാര്യങ്ങളിൽ പരിശോധനയ്ക്ക് മുസ്ലിം ലീഗ്
കൊച്ചി: അഞ്ച് വിഷയമാണ് മുസ്ലിം ലീഗിനെ ഈ തിരഞ്ഞെടുപ്പിൽ ചതിച്ചത്. ഇതിന് പിന്നിൽ സമസ്തയിലെ ഒരുവിഭാഗമാണ്. മുസ്ലിം വിഭാഗത്തെ സിപിഎമ്മിലേക്ക് അടുപ്പിച്ചതും ഈ ഇടപെടലാണ്. അതുകൊണ്ട് ത്നെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ഇ.കെ.വിഭാഗം സമസ്തയുടെ പങ്ക് വിലയിരുത്താൻ മുസ്ലിംലീഗിൽ നീക്കം സജീവമാണ്.
പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവനയാണ് ഇതിൽ പ്രധാനം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽഹിയിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. അത് പാതിവഴിയിൽ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോരുന്നത് നല്ലൊരു കാര്യമല്ലെന്ന നിലപാട് തിരിച്ചടിയായി. എൽഡിഎഫ് സർക്കാർ ഒരു മുസ്ലിം വിരുദ്ധ സർക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരും സമസ്തയോട് ഇടപെട്ടത് മാന്യമായാണെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു. ഇത് മുസ്ലിം ലീഗിനെ ലക്ഷ്യമിട്ടുള്ള വാക്കുകളായിരുന്നുവെന്ന് ലീഗ് ഇപ്പോൾ തിരിച്ചറിയുന്നു.
ഉടൻ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ ഇക്കര്യം ചർച്ച ചെയ്യണമെന്ന് ചില ലീഗ് നേതാക്കൾ പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ കാലത്തും ഇ.കെ വിഭാഗം സമസ്തയുടെ നിലപാടുകളോടൊപ്പം മുസ്ലിംലീഗ് നേതൃത്വം അടിയുറച്ച് നിന്നിട്ടുണ്ട്. എന്നിട്ടും തിരഞ്ഞെടുപ്പു കാലത്ത് ലീഗിനെതിരെ പരസ്യ നിലപാടുകൾ സ്വീകരിച്ച് പാർട്ടിയുടെ പല സിറ്റിങ് സീറ്റുകളും നഷ്ടപ്പെടുത്തിയത് ഇ.കെ വിഭാഗം സമസ്തയാണെന്ന് പരാതി ഉന്നയിച്ചവർ പറയുന്നു.
ഇ.കെ വിഭാഗം സമസ്തയോടൊപ്പം നിലയുറപ്പിക്കുന്നതിനാൽ എ.പി വിഭാഗം സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിക്കുകയാണെന്നും ഇവർ വാദിക്കുന്നു. ഗുരുവായൂർ സീറ്റ് തിരിച്ചു പിടിക്കാൻ കഴിയാത്തതിന് പിന്നിലും ഇടപെടലുണ്ട്. കെ.എൻ.എ ഖാദറിന്റെ ഗുരുവായൂർ കാണിക്കയിടലിനെതിരെ അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനം രാഷ്ട്രീയ ബോധമില്ലാത്തതായി എന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്.
പിണറായി സർക്കാർ സമസ്തക്കെതിരല്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയും പിണറായി വിജയൻ വിളിച്ച യോഗത്തിൽ ആലിക്കുട്ടി മുസ്ല്യാർ പങ്കെടുക്കാൻ തീരുമാനിച്ചതും വിവാദമായപ്പോൾ പിന്മാറിയതും എല്ലാം ലീഗിന് തിരിച്ചടിയായി. ഈ വിവാദത്തിന്റെ പേരിൽ എം.സി. മായിൻഹാജിക്കെതിരെ സമസ്ത പ്രഖ്യാപിച്ച അന്വേഷണവും ലീഗിനെതിരെ വോട്ട് മറിക്കാൻ സിപിഎമ്മിന് സഹായകമായെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുക.
മറുനാടന് മലയാളി ബ്യൂറോ