മലപ്പുറം: തീവ്രവാദ വിരുദ്ധ പ്രചാരണങ്ങളുടെ പേരിൽ പരസ്പരം പോരടിക്കുന്ന മുസ്ലിം മത സംഘടനകളെ ഒരുമിപ്പിക്കാൻ പദ്ധതികളുമായി മുസ്ലിം ലീഗ്. മതനേതാക്കളുമായി ആലോചിച്ച് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും നീക്കം. ഇതിന്റെ മുന്നോടിയായി 24 ന് എറണാകുളത്തു മുഴുവൻ മുസ്ലിംമത സംഘടനാ നേതാക്കളെ ഉൾപ്പെടുത്തി ചർച്ച സംഘടിപ്പിക്കും. പിന്നീട് ഇ.കെ. സമസ്തയുമായും മുജാഹിദ് വിഭാഗങ്ങളുമായി പ്രത്യേകം ചർച്ചകളും നടത്തും.

സമസ്തയുടെ പോഷക സംഘടനയായ എസ്.വൈ.എസ്. നടത്തുന്ന ഐ.എസ്.,സലഫിസം, ഫാസിസം ക്യാമ്പയിനും സുന്നികളെയും ജമാഅത്തെ ഇസ്ലാമിയെയും പരോക്ഷമായി പരാമാർശിച്ച് മുജാഹിദ് വിഭാഗം നടത്തുന്ന ആത്മീയ തീവ്രത, സൂഫിസം, ഭീകരത ക്യാമ്പയ്‌നുകൾ മുസ്ലിം മതസംഘടനകൾക്കിടയിൽ ഭിന്നത ഉണ്ടാക്കിയതായി ലീഗ് ചൂണ്ടിക്കാട്ടുന്നു. പരസ്പരം പഴിചാരലിലൂടെ തീവ്രവാദ സംഘടനകളുമായി കേരളത്തിലെ സംഘടനകൾക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കുന്നതിനു മാത്രമാണു ഇത്തരം ക്യാമ്പയ്‌നുകൾ ഉപകരിക്കുവെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു.

തീവ്രവാദ വിഷയങ്ങളിൽ മുസ്ലിംവിഭാഗങ്ങളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ മത സംഘടനകൾ പരസ്പരം തമ്മിൽ തല്ലുന്നത് ശത്രുക്കൾക്ക് ആയുധം കയ്യിൽ കൊടുക്കുന്നതിനു തുല്യമാണെന്നും ഇത്തരം വിഷയത്തിൽ മതസംഘടനകളിൽ ഏകീകരണം കൊണ്ടുവരേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണു സമവായ ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. പാണക്കാട് തങ്ങളുടേയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടേയും നേതൃത്വത്തിലാണു ചർച്ച. ഏകോപന ചുമതല ഇ.ടി മുഹമ്മദ് ബഷീറിനാണ്.

ചർച്ചയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡോ. സെബാസ്റ്റ്യൻപോൾ അടക്കമുള്ളവർ പങ്കെടുക്കുമെന്നും മുഴുവൻ മുസ്ലിം മതനേതാക്കളെയും ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി.