നാദാപുരം: ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായിലി(20)നെതിരെ കാപ്പ ചുമത്തിയതിൽ മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു. ഇസ്മായീലിന് ഉപാധികളോടെ കോടതിയിൽനിന്നും ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങി ആഴ്ചകൾ പിന്നിട്ടപ്പോഴാണ് രണ്ടുദിവസം മുമ്പ് കാപ്പ (കേരളാ ആന്റി സോഷൽ ആക്ടിവിറ്റീസ് പ്രിവൻഷൽ ആക്ട്) നിയമം ചുമത്തി നാദാപുരം ഡിവൈ.എസ്‌പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കാപ്പ ചുമത്താൻ അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന കേസോ ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ടുകേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് ക്രിമിനൽ കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം. ഏഴുവർഷത്തിനുള്ളിലായിരിക്കണം ഈ കേസുകളെന്നും നിബന്ധനയുണ്ട്. അതേസമയം ഇസ്മായീലിനെതിരേ നിരവധി കേസുകൾ കെട്ടിച്ചമച്ച് കാപ്പ ചുമത്തുകയായിരുന്നെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്.

ഷിബിൻ വധക്കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ തെയ്യമ്പാടി ഇസ്മായീലിനെയും സഹോദരൻ മുനീറിനെയും പ്രതിചേർത്തതോടെ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്, ഇവർ പാർട്ടി പ്രവർത്തകരല്ലെന്നും സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നുമുള്ള പ്രസ്്താവനയിറക്കി രംഗത്തുവന്നിരുന്നു. എന്നാൽ ഇതു താൽക്കാലികമായി മുഖം രക്ഷിച്ചുവെങ്കിലും ഇപ്പോൾ ഇസ്മായിലിനെതിരേ കാപ്പ ചുമത്തിയ സാഹചര്യത്തിൽ പരസ്യമായി രംഗത്തു വരാൻ പറ്റാതെ പാർട്ടി നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. നാദാപുരത്തെയും തൂണേരിയിലെയും ലീഗ് പ്രവർത്തകർ നേതൃത്വത്തെ സമീപിക്കുകയും ഇസ്മായിലിനെതിരേ കാപ്പ ചുമത്തിയ നടപടിയിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഒരു വിഭാഗം ജില്ലാ, സംസ്ഥാന നേതാക്കളുടെ പിന്തുണയോടെ കാപ്പ ചുമത്തിയതിനെതിരേ അനിശ്ചിതകാല സമരപരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.

ഇസ്മായിലിനെതിരേ ഗുണ്ടാ ആക്റ്റ് പ്രകാരം നടപടിയെടുക്കണമെന്നുകാട്ടി മാസങ്ങൾക്കു മുമ്പു തന്നെ പൊലീസ് റിപ്പോർട്ട് ജില്ലാ കലക്ടർക്കു സമർപ്പിച്ചിരുന്നു. എന്നാൽ കാപ്പ ചുമത്താൻ പര്യാപ്തമല്ലാത്തതിനാൽ നടപടി നീട്ടുകയായിരുന്നു. ഒരു വർഷം മുമ്പ് നാദാപുരത്ത് അൽ ഷാൻ റെഡിമെയ്ഡ്‌സ് എന്ന തുണിക്കട തീയിട്ട സംഭവത്തിൽ മുഖ്യ പ്രതി ഇസ്മായിലാണെന്നു ദിവസങ്ങൾക്കു മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ കാപ്പ ചുമത്താനായി ഇസ്മായിലിനെതിരേ കേസ് പൊലീസ് ചമച്ചതാണെന്നാണ് ലീഗിന്റെ പക്ഷം. ലീഗിനെ പ്രതിരോധത്തിലാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കുന്നതായും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായിട്ടുണ്ട്. ഇസ്മായീലിനെതിരെ കാപ്പ ചുമത്തിയതിനു പിന്നിൽ സിപിഐ(എം) ഇടപെടലാണെന്നും സ്റ്റേഷനുകളിൽ സിപിഎമ്മിന്റെ ചൊൽപ്പടിക്കാരാണുള്ളതെന്നുമുള്ള ആരോപണവുമുണ്ട്. 2009 സെപ്റ്റംബർ 16ന് ഇസ്മായീലിനെതിരേ കാപ്പ ചുമത്തിയിരുന്നു. അന്ന് പ്രതിഷേധം ശക്തമായതോടെ ഒക്‌ടോബർ 12ന് കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. തുടർന്നു നടത്തിയ ഇടപെടൽ ഇസ്മായീലിനെ കേസിൽനിന്നും ഒഴിവാക്കാൻ സഹായിച്ചു. എന്നാൽ ഇന്ന് ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിൽ അണികൾക്കിടയിൽ കനത്ത അമർഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ലീഗ് നേതൃത്വത്തിന്റെ മൗനം മറികടന്ന് നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് ലീഗ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. കൂടാതെ നാദാപുരം ലീഗ് ഹൗസിൽ യൂത്ത് ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ പുതിയ സമരസമിതിക്ക് രൂപം നൽകിയിരുന്നു. തൂണേരി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലീഗ് ജനപ്രതിനിധികൾ രാജിവച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. ഷിബിൻ വധം സിബിഐക്ക് വിടുക, തൂണേരിയിലെ കൊള്ള മുതൽ തിരിച്ചു പിടിക്കുക, തൂണേരി സംഭവത്തിന് കൂട്ടുനിന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കുക, നിരവധി കൊലക്കേസുകളിൽ പ്രതികളായ സിപിഐ(എം) പ്രവർത്തകർക്കെതിരേ കാപ്പ ചുമത്തുക, നാദാപുരം പൊലീസിന്റെ മുസ്ലിം വിരോധം അവസാനിപ്പിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങളുന്നയിച്ചാണ് നാദാപുരത്തെ ലീഗ് പ്രവർത്തകർ സമരവുമായി രംഗത്തു വന്നിരിക്കുന്നത്. തൂണേരി, ചെക്യാട്, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ പഞ്ചായത്തുകളിലെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകരാണ് സമരത്തിൽ പങ്കാളികളാവുക.

തെയ്യമ്പാടി ഇസ്മായീലിനെതിരേ കാപ്പ ചുമത്തി ജയിലിലടച്ച സംഭവത്തിൽ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയയിലും സംവാദങ്ങൾ സജീവമായിരിക്കുകയാണ്. സിപിഎമ്മിന്റെ പാർട്ടിഗ്രാമമെന്നറിയപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിലടച്ച ഇസിമായിലിന് ജീവനു തന്നെ ഭീഷണിയുണ്ടാകുമെന്ന ആശങ്കയും ലീഗ് പ്രവർത്തകർ പങ്കുവെയ്ക്കുന്നു. നേരിന്റെ പക്ഷക്കാർ നിന്നെ കാത്ത് സെൻട്രൽ ജയിലിൽ കാത്തിരിക്കുന്നു.... എന്ന സഖാക്കന്മാരുടെ പോസ്റ്റുകളും ആശങ്കയെ ബലപ്പെടുത്തുന്നു.