- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ തുറന്നുകാട്ടാൻ ഇറങ്ങി പുറപ്പെട്ടു; ഗുജറാത്തിലെ ഇരകൾക്ക് വീട് വച്ചു നൽകി പൊല്ലാപ്പ് പിടിച്ചത് മുസ്ലിം ലീഗ്; വീടുകൾക്ക് കൈവശ രേഖ നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് ഇടി മുഹമ്മദ് ബഷീർ; ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ പ്രതിഷേധം പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇ അഹമ്മദിനെ
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കു വീടു വച്ചു നൽകിയെങ്കിലും അവർക്കു കൈവശാവകാശ രേഖ നൽകേണ്ട ബാധ്യത മുസ്‌ലിംലീഗിനല്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി. 12 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ചൂണ്ടിക്കാട്ടി ഇപ്പോൾ പാർട്ടിയെ ക്രൂശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ വംശഹത്യയിൽ വഴിയാധാരാമായ 40 കുടുംബങ്ങൾക്കാണ് മുസ്‌ലിംലീഗിന്റെ ഇടപെടലിലൂടെ വീട് നിർമ്മിച്ചുനൽകിയത്. എന്നാൽ വീടു ലഭിച്ച കുടുംബങ്ങൾക്കു ഇക്കാലമത്രയായിട്ടും രേഖകൾ ലഭിച്ചിരുന്നില്ല. ഇതിനായി നിരവധി തവണ ഇവർ പാർട്ടിയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിനായി പാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി പലതവണ ഇത് സംബന്ധിച്ച ഏജൻസികളുമായി സംസാരിച്ചെങ്കിലും എല്ലാം ജലരേഖകൾ മാത്രം. ഇതേ തുടർന്ന് ഏറ്റവും അവസാനം, രണ്ടും കൽപ്പിച്ചാണ് ഗുജറാത്തിലെ നരോദ പാട്യയി
കോഴിക്കോട്: ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കു വീടു വച്ചു നൽകിയെങ്കിലും അവർക്കു കൈവശാവകാശ രേഖ നൽകേണ്ട ബാധ്യത മുസ്‌ലിംലീഗിനല്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി. 12 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ചൂണ്ടിക്കാട്ടി ഇപ്പോൾ പാർട്ടിയെ ക്രൂശിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ വംശഹത്യയിൽ വഴിയാധാരാമായ 40 കുടുംബങ്ങൾക്കാണ് മുസ്‌ലിംലീഗിന്റെ ഇടപെടലിലൂടെ വീട് നിർമ്മിച്ചുനൽകിയത്. എന്നാൽ വീടു ലഭിച്ച കുടുംബങ്ങൾക്കു ഇക്കാലമത്രയായിട്ടും രേഖകൾ ലഭിച്ചിരുന്നില്ല. ഇതിനായി നിരവധി തവണ ഇവർ പാർട്ടിയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നപരിഹാരത്തിനായി പാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി പലതവണ ഇത് സംബന്ധിച്ച ഏജൻസികളുമായി സംസാരിച്ചെങ്കിലും എല്ലാം ജലരേഖകൾ മാത്രം. ഇതേ തുടർന്ന് ഏറ്റവും അവസാനം, രണ്ടും കൽപ്പിച്ചാണ് ഗുജറാത്തിലെ നരോദ പാട്യയിൽനിന്നുള്ള 20 പേരടങ്ങുന്ന ഇരകളുടെ കുടുംബസംഘം കോഴിക്കോട്ടെത്തിയത്. മോദി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ തുറന്നുകാട്ടാനുള്ള ലീഗ് ഇടപെടലാണ് വീട് വച്ചു നൽകിലിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിലയിരുത്തൽ.
സർക്കാർ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി അക്രമികൾ നിരപരാധികളുടെ ജീവനും സ്വത്തുക്കളുമെല്ലാം കൊള്ളയടിച്ചപ്പോൾ ഭയപ്പാടോടെയെങ്കിലും അന്തിമയങ്ങാൻ ഒരു കൂരയുണ്ടായത് ഇവർക്കു വലിയൊരു ആശ്വാസമാണ്. മുസ്‌ലിംലീഗ് ചെയ്ത മനുഷ്യസ്പർശമുള്ള ആ സഹായത്തിന് ഇവരെല്ലാം മനസ്സറിഞ്ഞ് നന്ദി പറയുമ്പോഴും തങ്ങൾക്കു വീടുണ്ടാക്കി തന്നവർക്കു, വീടിന്റെ കൈവശാവകാശ രേഖകൾ കൂടി വാങ്ങിത്തരാൻ സാധിച്ചിരുന്നെങ്കിൽ എന്നാണിവർ കലങ്ങിയ കണ്ണുമായി യാചിക്കുന്നത്. പക്ഷേ, വീടുണ്ടാക്കി നൽകിയെങ്കിലും രേഖ വാങ്ങിയെടുക്കേണ്ടത് തങ്ങളുടെ പണിയല്ലെന്ന മട്ടിലാണിപ്പോൾ ചില ലീഗ് നേതാക്കളുടെയെങ്കിലും സമീപനം. ഇത് അവരെ കൂടുതൽ വേദനിപ്പിക്കുന്നു.
പക്ഷേ, ഇരകളുടെ ആവശ്യം തീർത്തും ന്യായമാണെന്നു ശരിവെക്കുന്നവരും ലീഗിലുണ്ട്. പക്ഷേ, ഇരകൾ ഇതിനായി തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്നാണ് അവരുടെ പ്രധാന വിമർശം. ചെയ്ത സഹായത്തിനു നന്ദി കാണിച്ചില്ലെങ്കിലും ഒരു തെരഞ്ഞെടുപ്പ് പോർമുഖത്ത് രാഷ്ട്രീയ എതിരാളികൾക്കു വടി കൊടുക്കാനുള്ള ആയുധവുമായി ഇപ്പോൾ ഗുജറാത്തികൾ കേരളത്തിലേക്കു വണ്ടി കയറിയത് ഒട്ടും ശരിയായില്ലെന്നാണ് അവരുടെ പക്ഷം. എന്നാൽ നീണ്ട 12 വർഷക്കാലം രേഖകൾ ഇന്നല്ലെങ്കിൽ നാളെ ശരിയാവുമെന്ന പ്രതീക്ഷയിൽ ഇത്രയും നാൾ കാത്തിരുന്ന തങ്ങൾക്കു ഇതിലും മികച്ച മറ്റൊരു അവസരം ഇല്ലെന്നു തോന്നിയാൽ അതിനെ ആർക്കാണ് കുറ്റപ്പെടുത്താനാവുക? എന്ന ചോദ്യവും ഉയരുന്നു.
'വീടു നിർമ്മിച്ചു നൽകിയ പാർട്ടിക്കു കൈവശ രേഖ കൂടി നൽകേണ്ട ബാധ്യത ഉണ്ടായിരുന്നില്ലേ' എന്നു മുസ്‌ലിംലീഗ് നേതാവ് ഇ ടി ബഷീർ എംപിയോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്: 'രേഖകൾ കിട്ടിയില്ല എന്നത് ശരിയാണ്. വീടുണ്ടാക്കാനുള്ള ക്യാഷ് ഞങ്ങൾ സംഘടിപ്പിച്ചുകൊടുത്തിട്ടുണ്ട്. നിർമ്മാണപ്രവൃത്തികൾക്കായി ഒരു ഏജൻസിയെയും ഞങ്ങൾ ബന്ധിപ്പിച്ചുകൊടുത്തു. ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു ട്രസ്റ്റിന്റെ കയ്യിലാണ്. ആ ഭൂമിയിൽ വീടു നിർമ്മിച്ചു കൈമാറാനാണ് ആവശ്യപ്പെട്ടത്. അപ്രകാരം നടക്കുകയും ചെയ്തു. എന്നാൽ കൈവശാവകാശം അവരാണ് വാങ്ങിച്ചെടുക്കേണ്ടത്. അതിൽ തങ്ങൾക്കു എന്തു ചെയ്യാനാകും?! എന്തായാലും പ്രശ്‌നത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങൾ തിരിച്ചറിയുമ്പോൾ തന്നെയും ഇരകളുടെ പ്രശ്‌നം ന്യായമാണെന്നു മനസ്സിലാക്കുന്നു. അതിന് ആകാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗുജറാത്ത് സർക്കാറുമായും റവന്യു അധികൃതരുമായും ട്രസ്റ്റുമായും മറ്റും ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനു സാധ്യമായതെല്ലാം പാർട്ടിയുടെ പരിഗണനയിലുണ്ടെന്നും' ഇ ടി വ്യക്തമാക്കി.
കലാപത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് പാർട്ടിയുടെ നേതൃത്വത്തിൽ 40 വീടുകളാണ് നിർമ്മിച്ചു നൽകിയത്. പിന്നെ വീടുകൾ നിർമ്മിച്ചുനൽകുന്ന സമയത്ത് സ്ഥലത്ത് മാലിന്യപ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യത്തിൽ മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. വീട് നിർമ്മാണത്തിനായി പാർട്ടി എത്ര ഫണ്ട് പിരിച്ചുവെന്നും എത്ര ചെലവാക്കിയെന്നും ചോദിച്ചപ്പോൾ കണക്കുകളൊന്നും ഇപ്പോൾ അറിയില്ലെന്നും അതെല്ലാം പ്രവർത്തനത്തിനു നേതൃത്വം നൽകിയ പാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് സാഹിബുമായോ ഓഫീസുമായോ മറ്റോ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നരോദപാട്യയിൽ നിന്നുള്ള 20 പേരുടെ സംഘമാണിപ്പോൾ കോഴിക്കോട്ടുള്ളത്. നരോദ പാട്യ സംഭവത്തിലെ അഞ്ചു സാക്ഷികളടക്കം, 12 പുരുഷന്മാരും എട്ട് സ്ത്രീകളുമടങ്ങുന്നതാണീ സംഘം. കലാപബാധിതരെ വിവിധ ഭാഗങ്ങളിൽ മാറ്റിപ്പാർപ്പിച്ചിപ്പോൾ സിറ്റിസൺ നഗറിലാണ് ലീഗ് ഇവർക്കായി സ്വന്തമായി വീടുകൾ നിർമ്മിച്ചു നൽകിയത്. നഗരത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഗ്യാസ്പൂർ പിരാനയുടെ നടുവിലാണ് ഈ കോളനി.
ഇ അഹമ്മദുമായി നല്ല ബന്ധമുള്ള നവാബ് ബിൽഡേഴ്‌സാണ് ഇവർക്കുള്ള വീടുകളെല്ലാം നിർമ്മിച്ചത്. എന്നാൽ ഈ വീടുകളുടെ എല്ലാ രേഖകളും ഇപ്പോഴും നവാബ് ബിൽഡേഴ്‌സിന്റെ പേരിലാണ്. ഇതു കാരണം വീട് പുതുക്കിപ്പണിയാനോ കൂട്ടിചേർക്കാനോ മറ്റുമൊന്നും സാധിക്കാത്ത സ്ഥിതിയാണ് യഥാർത്ഥ അവകാശികൾക്കുള്ളത്. ദിവസം കഴിയും തോറും ജീവിതം കൂടുതൽ ദുരിതപൂർണമാവുകയാണ്. ഈ നിജസ്ഥിതി ബോധ്യപ്പെടുത്താനാണ് തങ്ങൾ കേരളത്തിലെത്തിയതെന്നും അതല്ലാതെ ഇവിടത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഞങ്ങളുടെ ലക്ഷ്യമല്ലെന്നും നരോദപാട്യ ഇരകൾ പറയുന്നു.
2004 മുതൽ 12 വർഷമായി ഗ്യാസ്പൂർ പിരാന മാലിന്യ കൂമ്പാരത്തിലാണ് ഇവരുടെ താമസം. വായുവും വെള്ളവുമെല്ലാം മലിനമായ ഇവിടെ മാറാരോഗങ്ങൾ പിടിച്ച് പലർക്കും ജീവഹാനിയുണ്ടായി. മരിച്ചവരിൽ പലരും കലാപത്തിന്റെ സാക്ഷികളുമാണത്രെ. എന്നാൽ സിറ്റിസൺ കോളനിക്കടുത്തുള്ള ദൊരാജി യത്തീം ഖാന കോളനി, ചീപ്പാ മേമൻ കോളനി എന്നിവിടങ്ങളിലെ താമസക്കാർക്ക് രേഖകളെല്ലാം താമസമാക്കിയപ്പോൾ തന്നെ ലഭിച്ചതായും പറയുന്നു. ഞങ്ങളുടെ പ്രശ്‌നം ആരെങ്കിലും ഇടപെട്ട് പരിഹരിക്കണമെന്നു മാത്രമേ ഇവർക്കു അഭ്യർത്ഥിക്കാനുള്ളൂ. ഞങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുകയോ വീടിന്റെ രേഖകൾ വാങ്ങിത്തരികയോ വേണം-അവർ വേദനയോടെ പറയുന്നു.
ഗുജറാത്തിലെ കോൺഗ്രസ് നേതാവും കോടീശ്വരനുമായ നവാബ് ഷരിഫ്ഖാനുമായി ബന്ധപ്പെട്ടാണ് ഇ അഹമ്മദ് വീടുകൾ നിർമ്മിച്ചത്. ഇയാൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഉന്നതങ്ങളിൽ വൻ സ്വാധീനമുണ്ടെന്നാണ് വിവരം. കക്ഷി മുന്നു കൊലക്കേസുകളിലെ പ്രതിയാണെന്നും ആരോപണമുണ്ട്. രേഖകളില്ലാത്ത ഭൂമികളും അന്യാധീനപ്പെടുന്ന മറ്റു വസ്തുവകകളുമെല്ലാം ചുളുവിൽ അടിച്ചുമാറ്റുന്ന സംഘത്തിന്റെ ഭരണതലങ്ങളിലുള്ള സ്വാധീനവും അപാരമാണത്രെ. ഗുജറാത്തിൽ അത്രമാത്രം പിടിപാടുള്ള സംഘം അയയാത്തതിനാലാണ് ഗുജറാത്ത് വംശഹത്യയിലെ ഇരകളുടെ കുടുംബംഗങ്ങൾക്കു കൈവശാവകാശ രേഖ ലഭിക്കാത്തതിനു പിന്നിലെന്നും പറയപ്പെടുന്നു. ലീഗ് ബോധപൂർവ്വം രേഖകൾ തമസ്‌കരിച്ചതല്ല, അബദ്ധവാശാൽ കുടുങ്ങിപ്പോയതാണെന്നും നിരീക്ഷണമുണ്ട്.