തിരുവനന്തപുരം: മുസ്ലിംലീഗ് വിരട്ടിയാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്ന കാര്യം എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയുടെ മുൾമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അഞ്ചാം മന്ത്രിസ്ഥാനം നേടിയെടുത്തവർക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമനത്തിന് വേണ്ടി അധികം പണിപ്പെടേണ്ടി വരില്ലെന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. പതിവു പോലെ ഉമ്മൻ ചാണ്ടിയെ വിരട്ടിക്കൊണ്ട് തന്നെ മുസ്ലിംലീഗ് തങ്ങളുടെ അപ്രമാധിത്തം ഇത്തവണയും നേടിയെടുത്തു. ന്യൂനപക്ഷ ക്ഷേമ വകുപ്പു ഡയറക്ടറായി സ്വകാര്യ എയ്ഡഡ് കോളജ് അദ്ധ്യാപകനെ ലീഗിന്റെ സമ്മർദ്ദത്തിൽ മുഖ്യമന്ത്രി നിയമിക്കുകയായിരുന്നു. ലീഗിന് വേണ്ടെപ്പെട്ട പി നസീറിനാണ് സർക്കാർ സെക്രട്ടറിക്ക് തുല്യമായ പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

ലീഗ് മന്ത്രിമാരുടെ കടുത്ത സമ്മർദത്തെ തുടർന്നാണു തീരുമാനം. ചീഫ് സെക്രട്ടറിയും നിയമ, ധന, ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പുകളും എതിർത്തിട്ടും ഗവ. സെക്രട്ടറി പദവിയിലുള്ള നിയമനം ഈ സ്വകാര്യ എയ്ഡഡ് കോളജ് അദ്ധ്യാപകനു നൽകുകയാണെന്ന് ആരോപണമുയർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെയും മറ്റും എതിർപ്പുണ്ടായിട്ടും നിയമനം നൽകിയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹത്തെ നിയമിക്കുന്നതിൽ അപാകതകളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി.

ലീഗ് അദ്ധ്യാപക സംഘടനാ നേതാവും പാങ്ങോട് മന്നാനിയ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ പി. നസീറിനെ 2011 ഓഗസ്റ്റ് 25നാണു സർക്കാർ സർവീസിൽ ഡപ്യൂട്ടേഷനിൽ നിയമിച്ചത്. ഇതിനെ അന്നത്തെ ചീഫ് സെക്രട്ടറി ചോദ്യം ചെയ്തിരുന്നു. നിയമവും കീഴ്‌വഴക്കവും അനുസരിച്ചു സർക്കാർ സർവീസിൽ ഇല്ലാത്തയാളെ സർക്കാർ പദവിയിലേക്ക് എടുക്കാനാവില്ലെന്നായിരുന്നു വകുപ്പുമേധാവികളുടെ നിലപാട്.

ഇതോടെ സിവിൽ സർവീസ് പദവിക്ക് തുല്യമായ സ്ഥാനമാണ് ലീഗിന്റെ സമ്മർദ്ദത്തിൽ ഒരു സ്വകാര്യ സ്‌കൂൾ അദ്ധ്യാപകന് ലഭിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ലീഗിനെ പിണക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ലീഗ് അദ്ധ്യാപക സംഘടനാ നേതാവായ സ്വകാര്യ എയ്ഡഡ് കോളേജ് അദ്ധ്യാപകനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ആക്കുന്നതിനെതിരെ സർവ്വീസ് സഘടനകൾ സജീവമായി രംഗത്തുണ്ടായിരുന്നു.

എന്നാൽ സർക്കാരിന്റെ പ്രത്യേക അധികാരമാണ് ഇത്തരം കാര്യങ്ങളെന്നാണ് മുസ്ലീ ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം. നിയമ, ധന, പൊതുഭരണ വകുപ്പുകളുടെ എതിർപ്പ് പോലും പ്രശ്‌നമാക്കാതെയാണ് ലീഗിന്റെ നടപടി. ആകെയുള്ള യോഗ്യതയായി സർക്കാർ കണ്ടത് ലീഗുകാരനാണ് എന്നത് മാത്രമാണ്. പിൻവാതിലിലൂടെ ഐ.എ.എസിന് പരിഗണിക്കേണ്ട സംസ്ഥാന കേഡർ ഉദ്യോഗസ്ഥരുടെ പട്ടികയിലണ് പി നസീർ പെടുന്നത്. സർവീസ് ചട്ടങ്ങൾ മറികടന്നാണ് ഈ നീക്കം.

ലീഗ് സംഘടനാ നേതാവെന്ന പരിഗണനയിലാണ് സർക്കാർ സർവീസിലില്ലാത്ത നസീറിനെ മൂന്ന് വർഷം മുമ്പ് ഡെപ്യൂട്ടേഷനിലെടുക്കുകയും ഐ.എ.എസുകാർ മാത്രം ഭരിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിക്കുകയും ചെയ്തത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ സ്ഥിരപ്പെടുത്തി. ഇതെല്ലാം ഐഎഎസ് തരപ്പെടുത്താനുള്ള നീക്കമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിന് ഫയലുകൾ അതിവേഗം നീങ്ങി.

എന്നാൽ പൊതുഭരണ, നിയമ, ധനവകുപ്പുകൾ ഉടക്കിയതോടെ ഫയൽ പൂഴ്‌ത്തി. സർക്കാരിന്റെ കാലാവധി തീരാറായതോടെ തിരക്ക് പിടിച്ച് ഫയൽ പുറത്തെടുത്ത് റെഗുലറൈസ് ചെയ്യാൻ ശുപാർശ ചെയ്യുകയായിരുന്നു. ലീഗ് മന്ത്രിമാർ ഒന്നിച്ച് രംഗത്തുവന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുട്ടിടിക്കുകായയിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയനുസരിച്ച് സർക്കാർ സർവീസിലെടുക്കുന്നതിനെയാണ് നിയമ, ധന, പൊതുഭരണ വകുപ്പുകൾ എതിർത്തത്.

കേരള സർവീസ് ചട്ടം 28 എ അനുസരിച്ച് ഈ ഡെപ്യൂട്ടേഷൻ നിയമനവും വകുപ്പ് തലവന്റെ തസ്തികയിൽ റെഗുലറൈസ് ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് നിയമ വകുപ്പ് സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എല്ലാം മന്ത്രിസഭ തീരുമാനിച്ചാൽ ഇതെല്ലാം അപ്രസക്തമാണെന്നാണ് ലീഗിന്റെ നിലപാട്. ഉമ്മൻ ചാണ്ടിയെ ഭീഷണിപ്പെടുത്തി തന്നെ ലീഗ് കാര്യങ്ങൾനേടുകയും ചെയ്തു.