- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഹൈദരലി തങ്ങളുടെ കത്തും ഉയർത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തിൽ പരിസരം മറന്ന് ആനന്ദിക്കാൻ വരട്ടെ': ചന്ദ്രികയിലെ ബാധ്യതകൾ തീർക്കാൻ മുഈനലിക്ക് തങ്ങൾ നൽകിയത് ഒരുമാസം; സമയപരിധി ഏപ്രിൽ അഞ്ചിന് അവസാനിച്ചെന്ന വാദവുമായി ലീഗ് ജന: സെക്ര: പി.എം.എ.സലാം; മുഈനലിയെ തെറി വിളിച്ച ഗൂണ്ടയ്ക്കെതിരെ ലീഗ് നേതാക്കൾ മൗനം പാലിക്കുന്നു എന്ന് ജലീൽ
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ ബാധ്യതകൾ തീർക്കാൻ മുഈനലി തങ്ങൾക്ക് ഹൈദരലി തങ്ങൾ ചുമതല നൽകിയെന്ന കത്ത് പുറത്തുവന്നതോടെ ലീഗ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. മുഈനലിക്ക് ഹൈദരലി തങ്ങൾ ചുമതല നൽകിയിരുന്നതായി ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം സമ്മതിച്ചു. എന്നാൽ ഇതിന്റെ കാലാവധി ഏപ്രിൽ അഞ്ചിന് അവസാനിച്ചെന്നും പിഎംഎ സലാം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരലി തങ്ങളുടെ കത്ത് .
പി.എം.എ.സലാമിന്റെ പോസ്റ്റ്:
ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞ മാർച്ച് മാസം 3ാം തിയ്യതി ചന്ദ്രികയിലെ ബാധ്യതകൾ തീർക്കുന്നതിനായി മുഈൻ അലി ശിഹാബ് തങ്ങളെ ഒരു മാസത്തേക്ക് ഉത്തരവാദിത്വപ്പെടുത്തിയിരുന്നു എന്ന വിവരമടങ്ങുന്ന കത്തും ഉയർത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തിൽ പരിസരം മറന്ന് ആനന്ദിക്കുന്നവരോട്...
ഇതൊരു രഹസ്യരേഖയോ ഇന്നു ഏതെങ്കിലും ഡോക്ടർമാർ പുനർ ഗവേഷണം നടത്തി കണ്ടെടുത്തതോ ആയ അതി രഹസ്യസ്വഭാവമുള്ള ഒരു ഡോക്കുമെന്റൊന്നുമല്ല എന്ന് പ്രത്യേകം ഉണർത്തുന്നു. ആദ്യം കത്തിലെ തിയ്യതി വായിക്കുക. 05-03-21. ചന്ദ്രികാ മാനേജ്മെന്റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനകം ബാധ്യതകൾ തീർക്കണം'' എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് മനസ്സിലാക്കാൻ സ്പെഷ്യൽ ഡോക്ടറേറ്റ് ഒന്നും വേണ്ടാ..
അതായത് ജീവനക്കാരുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും,വിവിധ ദൈനംദിന ചെലവുകൾ തുടങ്ങി ഒരു മാധ്യമസ്ഥാപനം നടത്തികൊണ്ട് പോകാൻ വരുന്ന ഭീമമായ ചെലവുകളിൽ വന്ന ബാധ്യത തീർക്കാൻ ഒരു മാസം സമയം നൽകി കൊണ്ടുള്ള കത്താണ് ഹൈദരലി ശിഹാബ് തങ്ങൾ നൽകിയത്. ഏപ്രിൽ 5 ന് ഒരു മാസം പൂർത്തിയായി എന്ന് സാരം. ചന്ദ്രികയുടെ മാനേജ്മെന്റ് അംഗങ്ങളുമായി കൂടിയാലോചിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ബഹുമാനപ്പെട്ട തങ്ങൾ കത്തിൽ വ്യക്തമായ നിർദ്ദേശിക്കുന്നതും അക്ഷരാഭ്യാസമുള്ളവർക്ക് വായിക്കാം.
കുറച്ച് കാലമായി പാണക്കാട് നിന്ന് റസീത് ഒന്നും വാങ്ങാത്തതിനാൽ ചിലർക്ക് ഈ കത്തിന്റെ ഉള്ളടക്കം മനസ്സിലാകാത്തതിന് ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ല. ചന്ദ്രികയുടെ മാനേജിങ് എഡിറ്ററായി മുൻ എംഎൽഎ അഡ്വഃ എം. ഉമ്മർ സാഹിബിനെ കഴിഞ്ഞ മാസം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച രേഖകൾ കൂടി കണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങൾ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കൾ നൽകിയ വിശദീകരണം. എന്നാൽ മാർച്ചിൽ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരലി തങ്ങൾ കത്ത് നൽകിയിരുന്നു. ചന്ദ്രിക മാനേജർ സമീറുമായി ആലോചിച്ച് പ്രശ്നങ്ങൾ മുഈൻ അലി പരിഹരിക്കുമെന്നാണ് കത്തിൽ പറയുന്നത്.
അതേസമയം, പാണക്കാട് കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്ന ആവശ്യവുമായി മുൻ മന്ത്രി കെ ടി ജലീൽ. മുസ്ലിംലീഗ് ഓഫീസിൽവെച്ച് മുഈനലി തങ്ങൾക്ക് നേരെ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടന്നിട്ടും ലീഗ് നേതാക്കൾ മൗനം പാലിക്കുകയാണെന്നും കെ ടി ജലീൽ ആരോപിച്ചു.
ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്ന ലീഗ് നേതാക്കളുടെ വാദം പൊളിഞ്ഞെന്നും കെ ടി ജലീൽ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചുകൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ കോപ്പിയും കുറിപ്പിനൊപ്പം ജലീൽ പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്റെ കോപ്പിയാണ് ഇമേജായി നൽകിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ലീഗാഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്.
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ്. മുഈനലി തങ്ങളെ കേട്ടാൽ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണം.
ഹൈദരലി തങ്ങളുടെ കത്ത് പുറത്തു വന്നതോടെയാണ് ലീഗിലെ വിഷയങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം പി.കെ. കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മുഈനലി തങ്ങൾ ഇന്നലെ ആരോപിച്ചിരുന്നു. പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ലീഗിന്റെ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.
40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പലതവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചിരുന്നു.
പാർട്ടി രക്ഷപ്പെടണമെങ്കിൽ കാതലായ പുനർവിചിന്തനം ആവശ്യമാണ്. പഴയ അവസ്ഥയിലേക്ക് പാർട്ടിയെ തിരികെ കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് ആരും മുന്നിട്ടിറങ്ങിയില്ലെങ്കിൽ പിതാവി!!െന്റ അവസ്ഥയാവും ഉണ്ടാവുക. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇത്തരം സാമ്പത്തിക ആരോപണത്തിനു മുന്നിൽ നിൽക്കേണ്ടി വന്നിട്ടില്ലെന്നും മുഈനലി ചൂണ്ടിക്കാട്ടിയിരുന്നു.
ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മുഈനലിക്ക് പിതാവ് ചുമതല നൽകിയതോടെയാണ് ഇവിടത്തെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കിയതെന്നാണ് വിവരം. ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കവെ റാഫി പുതിയകടവ് എന്നയാൾ മുഈനലിക്കെതിരെ അസഭ്യവർഷം നടത്തിയിരുന്നു. ചന്ദ്രികയുടെ കാര്യത്തിൽ മുഈനലിക്ക് ഇടപെടാൻ എന്താണ് അധികാരമെന്നുള്ള ആക്ഷേപവും ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവന്ന കത്ത്.
അതേസമയം തന്റെ വാർത്താ സമ്മേളനത്തിൽ മുഈനലി അനാവശ്യമായി ഇടപെടുകയായിരുന്നെന്നാണ് മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനാ നേതാവ് അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കിയത്. കിട്ടിയ അവസരം അദ്ദേഹം വ്യക്തിവിരോധം തീർക്കാൻ ഉപയോഗിച്ചുവെന്നും ഷാ പറഞ്ഞു. വ്യക്തിപരമായ വിരോധം തീർക്കാൻ വേണ്ടി അദ്ദേഹം പത്ര സമ്മേളനം ഉപയോഗിച്ചു. വിഷയത്തെക്കുറിച്ച് പഠനം നടത്തിയല്ല സംസാരിക്കുന്നതെന്നും ആരെയെക്കൊയോ കുറിച്ച് എന്തൊക്കെയോ പറയാനുള്ളതെല്ലാം ഒരു മൈക്ക് കിട്ടിയപ്പോൾ അത് പറഞ്ഞെന്നും ഷാ ആരോപിച്ചു.
അദ്ദേഹം എങ്ങനെ എത്തി എന്നറിയില്ല. വാർത്താ സമ്മേളനം നടക്കുമ്പോൾ അവിടെ വന്ന് ചെറിയ കസേരയിൽ ഇരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തി. അല്ലാതെ ആ വാർത്താ സമ്മേളനവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ചെയ്തതും പറഞ്ഞതും ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെ. അവിടെ വന്ന് അദ്ദേഹത്തിന് വിരോധമുള്ളവരെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്നതാണ് സത്യം,' മുഹമ്മദ് ഷാ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ