കോഴിക്കോട്: എൺപതുകളിൽ ഷാബാനു ബീഗം കേസിനെ ചൊല്ലി രാജ്യത്തെ മുസ്ലിം രാഷ്ട്രീയം ഇളകിമറിഞ്ഞതിന് സമാനമായ അന്തരീക്ഷം വീണ്ടും വരുമോ? കേന്ദ്രം എക സിവിൽകോഡിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയപ്പോൾതന്നെ അതിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാനാണ് അധികൃതരുടെ തീരുമാനും.

ഏക സിവിൽ കോഡ് വിഷയത്തിൽ ഷാബാനു ബീഗം കേസിനെ അനുസ്മരിപ്പിക്കും വിധം ശക്തമായ കാമ്പയിൻ സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് തീരുമാനിച്ചതായി ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം 29ന് രാവിലെ 11ന് കോഴിക്കോട് മെറിന ഹോട്ടലിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ യോഗം ചേരും. മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രതിനിധികളും പങ്കെടുക്കും. സംഘടനകളുടെ കൂട്ടായ്മയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും.

അടുത്ത ഘട്ടത്തിൽ ഏക സിവിൽ കോഡിന്റെ പരിണതി അനുഭവിക്കുന്ന എല്ലാ മതവിഭാഗങ്ങളുമായും മതേതര രാഷ്ട്രീയ കക്ഷികളുമായും ഒത്തുചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. മുത്തലാഖ് വിഷയം പണ്ഡിതന്മാർ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ഇതിൽ രാഷ്ട്രീയ കൈകടത്തൽ അംഗീകരിക്കില്‌ളെന്നും നേതാക്കൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം മതേതരത്വത്തിന്റെ അടിസ്ഥാനശില ഇളക്കുന്ന പ്രവർത്തനമാണ്. ഇതിനെതിരെ ബഹുജനാഭിപ്രായം രൂപപ്പെടുത്തും. സ്ത്രീത്വത്തെ ഏറ്റവും ആദരിക്കുന്ന മതമാണ് ഇസ്ലാമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ലാഘവപൂർവം യു.എ.പി.എ ചുമത്തുന്ന നടപടി അവസാനിപ്പിക്കണം. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ മുജാഹിദ് നേതാവ് ശംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയ സർക്കാർ മറ്റു പലരുടെയും പ്രകോപന പ്രസംഗങ്ങൾ കണ്ടില്‌ളെന്ന് നടിക്കുന്നതായും ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം തലാക്ക് അടക്കമുള്ള വിഷയങ്ങൾ പരാമവധി കുറക്കുന്നതിലുള്ള നടപടികളുമായി സമൂഹത്തിൽ ഇടപെടാൻ വഖഫ് ബോർഡ് തീരുമാനിച്ചു.ഫാമിലി കൗൺസലിങ് സിസ്റ്റം മഹല്ലുകളിൽ നടപ്പാക്കിയും, പള്ളി ഇമാമുമാരെ പരിശീലനം കൊടുത്ത് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫിസർമാരായി ഉയർത്തിയും ഈ അവസ്ഥ നേരിടാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പൊതുവിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനും ഫലപ്രദമായ നടപടികൾ ആവിഷ്‌കരിക്കാനും വഖഫ് ബോർഡ് കോഴിക്കോട്ട് വിളിച്ചുചേർത്ത സമുദായ സംഘടനാ നേതാക്കന്മാരുടെ സംസ്ഥാനതല കൂട്ടായ്മ തീരുമാനിച്ചു. ബോർഡ് അംഗം എം.ഐ. ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

വഖഫ് ബോർഡ് മുഖേന കൗൺസിലർമാരെ ഉപയോഗപ്പെടുത്തിയാണ് ഫാമിലി കൗൺസലിങ് സിസ്റ്റം മഹല്ലുകളിൽ നടപ്പാക്കുന്നത്. പള്ളി ഇമാമുമാരെ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിച്ച് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഓഫിസർമാരായി പദവി ഉയർത്തുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു. ഇന്ത്യയിൽ പൊതുസിവിൽ നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും വ്യത്യസ്ത മതവിഭാഗങ്ങൾ അധിവസിക്കുന്ന രാജ്യത്ത് ഇത് നടപ്പാക്കുന്നത് മതേതരത്വം ഹനിക്കാനിടവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു.