കോഴിക്കോട്: നാദാപുരം തൂണേരിയിൽ വെള്ളിയാഴ്ച യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്താൻ അക്രമിസംഘം ഉപയോഗിച്ച വാഹനം കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്. കാറിൽ നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെത്തി. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അസ്ലമിനെ ഇടിച്ചു വീഴ്‌ത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്നാണ് അറിയുന്നത്.

പ്രദേശത്തെ ഏഴു പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നിരോധനാജ്ഞ തുടരുകയാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയുടെ പേരിലുള്ള കാറിലാണ് കൊലയാളികൾ എത്തിയത്. പക്ഷേ, രണ്ടു വർഷം മുൻപ് കാർ വിറ്റതാണെന്ന് ബേപ്പൂർ സ്വദേശി മൊഴി നൽകി. മൂന്നു തവണ കാർ മറിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് വിവരം. അവസാനം കാർ വാങ്ങിയ ആളെ കണ്ടെത്തിയാൽ മാത്രമെ പ്രതികളെ കൃത്യമായി തിരിച്ചറിയാൻ കഴിയൂ.

കാറിന്റെ ഉടമയെ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ബേപ്പൂർ സ്വദേശിയാണ് വാഹനത്തിന്റെ ആർ സി ഉടമ. വാഹനം രണ്ടുവർഷം മുൻപ് മറിച്ചുവിറ്റെന്നാണ് ഉടമയുടെ മൊഴിയിൽ വ്യക്തമാക്കുന്നത്. ഇതോടെ കൊലയാളികളെ കുറിച്ച് അന്വേഷണം വാഹനം വാങ്ങിയവരിലേക്ക് നീങ്ങുകയാണ്. അതേസമയം നാദാപുരത്ത് ഇന്നലെ രാത്രി സിപിഐ(എം) പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് അസ്‌ലമിന്റെ കൊലയാളികളെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്ന ആറംഗ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. നാദാപുരം എ.എസ്‌പി കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘർഷം തടയാൻ പൊലീസിന്റെ നിരോധനാജ്ഞ തുടരുന്നുണ്ട്.

കൊലയാളികൾ പുറമെ നിന്ന് വന്നവരല്ലെന്നാണ് സൂചന. പ്രതികളെക്കുറിച്ച് ഊഹാപോഹങ്ങളുണ്ടെങ്കിലും പൊലീസ് ഉറപ്പിച്ചുപറയുന്നില്ല. ഡ്രൈവർ ഉൾപ്പെടെ ആറു പേർ സംഘത്തിലുണ്ട്. ടി.പി.ചന്ദ്രശേഖരൻ വധം ആസൂത്രണം ചെയ്ത മാതൃകയിലാണ് അസ്‌ലമിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം നാദാപുരത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഒട്ടേറെ വീടുകൾ ആക്രമിക്കപ്പെട്ടു. കനത്ത പൊലീസ് കാവലുണ്ടായിട്ടും ബോംബേറും തീവയ്‌പ്പും തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വടകര, നാദാപുരം മേഖലകളുലെ ഏഴു പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൊലപാതകത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ക്രൂരമായി കൊലചെയ്യപ്പെട്ട അസ്ലമിന്റെ ദേഹംനിറയെ വെട്ടുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദേഹമാകെ 70 വെട്ടുകളടക്കം 76 മുറിവുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഇതിൽ 13 വെട്ടുകളും മുഖത്താണ് ഏറ്റിട്ടുള്ളത്. ഇതാണ് മരണത്തിനു കാരണമായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൊടുവള്ളി സി.ഐ എൻ. വിശ്വാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. രാവിലെ 11ന് തുടങ്ങിയ പോസ്റ്റ്‌മോർട്ടം രണ്ടുമണിക്കൂർ നീണ്ടു. കയ്യിലും നാഭിയിലും കഴുത്തിലും മുറിവുകളുണ്ട്. അസ്ലമിന്റെ കൈപ്പത്തി വെട്ടിമാറ്റിയിരുന്നു.

അസ്ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികൾ. ഷിബിൻ വധക്കേസിൽ കോടതി വെറുതെവിട്ടതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതിനാൽ അസ്ലം തനിച്ച് യാത്രചെയ്യാറുണ്ടായിരുന്നില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്ലമിന് തൂണേരി ചാലപ്പുറത്ത് വച്ചാണ് വെട്ടേറ്റത്. ഇന്നോവയിലെത്തിയ സംഘം വെട്ടുകയായിരുന്നു. അസ്ലമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, കൊല്ലപ്പെട്ട ലീഗ് പ്രവർത്തകന്റെ മൃതദേഹവുമായുള്ള വിലാപയാത്രക്കിടെ നാദാപുരം കുമ്മങ്കോട്ട് സംഘർഷമുണ്ടായി. വിലാപയാത്രയെ ബൈക്കുകളിൽ അനുഗമിച്ച സംഘം ഒരു വീടിന് തീയിട്ടു.

രണ്ട് വീടുകൾക്കുനേരെ കല്ലേറുണ്ടായി. ഒരു ബൈക്ക് കത്തിച്ചു. ഒരു പിക്അപ് വാനിന്റെയും കാറിന്റെയും ചില്ലുകൾ തകർത്തു.കളമുള്ളതിൽ മനോജന്റെ വീടിനാണ് തീവച്ചത്. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് പൂർണമായും കത്തിപ്പോയി. പെട്രോളൊഴിച്ചാണ് തീയിട്ടതെന്ന് കരുതുന്നു. കളമുള്ളതിൽ ദാമു, കളമുള്ളതിൽ വിനോദൻ എന്നിവരുടെ വീടുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. ജനൽ ഗ്ലാസുകൾ തകർന്നു. നാദാപുരം മേഖലയിൽ വർഗീയ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ സോഷ്യൽ മീഡിയ അടക്കം കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ എഡിറ്റർ 

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ