കോഴിക്കോട്: ഇന്നലെ പ്രഖ്യാപിച്ച യുഡിഎഫ് സ്ഥാനാർത്ഥി പട്ടികക്കെതിരെ പരസ്യപ്രതിഷേധവുമായി പ്രാദേശിക നേതാക്കൾ പാണക്കാട്ടേക്ക്. തിരൂരങ്ങാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് പ്രധാനമായും സ്ഥാനാർത്ഥികൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരൂരങ്ങാടിയിൽ കെപിഎ മജീദിനെയും കൊടുവള്ളിയിൽ എംകെ മുനീറിനെയും മത്സരിപ്പിക്കാൻ തന്നെയാണ് തീരുമാനമെങ്കിൽ ഇരുവരെയും തോൽപിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്ന് ഇരു മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും അറിയിച്ചു. തിരൂരങ്ങാടിയിൽ നിന്നുള്ള പ്രവർത്തകരും പ്രാദേശിക നേതാക്കളും ഇന്ന് രാവിലെ പാണക്കാട് തറവാട്ടിലെത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി തങ്ങളെയും മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡണ്ട് പാണക്കാട് സാദിക്കലി തങ്ങളെയും കണ്ട് കെപിഎ മജീദിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

പകരം മണ്ഡലത്തിൽ നിന്ന് തന്നെയുള്ള പിഎംഎ സലാമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നാളെ വൈകീട്ട് വരെ നേതൃത്വത്തിന് സമയം നൽകുമെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ ലീഗിൽ തന്നെ നിന്നുകൊണ്ട് കെപിഎ മജീദിനെ പരാജയപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുമെന്നും തിരൂരങ്ങാടിയിൽ നിന്നുള്ള പ്രവർത്തകർ പാണക്കാടെത്തി ബോധിപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തിരൂരങ്ങാടിയിൽ എത്തിയ കെപിഎ മജീദിനെ സ്വീകരിക്കാൻ വിരലിലെണ്ണാവുന്ന ചില പ്രവർത്തകർ മാത്രമാണ് മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ തിരൂരങ്ങാടിയിൽ ഇന്നലെയുണ്ടായിരുന്നത്. വർഷങ്ങളായി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് മന്ത്രിമാരാകുന്നവരുടെ പേരിൽ സുഖിച്ച് ജീവിക്കുന്ന ചിലരാണ് കെപിഎ മജീദിന്റെ പേര് മണ്ഡലത്തിൽ നിർദ്ദേശിച്ചതെന്നും കെപിഎ മജീദ് പാർലമെന്ററി രംഗത്തേക്ക് അനുയോജ്യനായ വ്യക്തിയല്ലെന്നും തിരൂരങ്ങാടിയിൽ നിന്നുള്ള മുസ്ലിം ലീഗ് പ്രവർത്തകർ പാണക്കാടെത്തി പറഞ്ഞു.

കൊടുവള്ളി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിനെതിരെയും മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമാണ്. ഡോ. എംകെ മുനീറിനെയാണ് കൊടുവള്ളിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മുനീർ തന്നെയാണ് കൊടുവള്ളിയിൽ മത്സരിക്കുന്നതെങ്കിൽ തങ്ങൾ വോട്ട് ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ മുനീറിന്റെ വീട്ടിലെത്തി അറിയിച്ചതായാണ് വിവരം.കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടായെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. കൊടുവള്ളിയിൽ നിന്നുള്ള സ്ഥാനാർത്ഥികൾ തന്നെ വരണം. എം.എ റസാഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രധാനമായും ഇവർ ആവശ്യപ്പെടുന്നത്. എം.കെ മുനീർ തന്നെ കൊടുവള്ളിയിൽ മത്സരിക്കുകയാണെങ്കിൽ വോട്ട് ചെയ്യില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവർത്തകർ മുനീറിന്റെ വീട്ടിൽ പ്രതിഷേധവുമായി എത്തിയത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിലെ ഏക വനിത സ്ഥാനാർത്ഥിക്കെതിരെയും പ്രതിഷേധം ശക്തമായി. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നൂർബിന റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ്. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികൾ നൂർബിനയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇന്ന് പ്രവർത്തക സമിതി യോഗം ചേർന്ന് ഇക്കാര്യം ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കമ്മറ്റികൾ ചർച്ച നടത്തുകയാണ്.