- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ് ശ്രീറാം വിളിക്കണം, മുസ്ലിം യുവാവിന് മർദനം; വിഡിയോ വൈറലായതോടെ അറസ്റ്റ് ; സംഭവം മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിൽ മുസ്ലിം യുവാവിനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീറാം' ഉരുവിടാൻ നിർബന്ധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.കുറ്റാരോപിതരായ കമൽ സിങ് (22), ഈശ്വർ സിങ് (27) എന്നിവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സാമുദായിക ഐക്യത്തിന് ഭംഗം വരുത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.
സംഭവത്തെക്കുറിച്ച് മഹിദ്പുറിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആർ.കെ.റായ് പറയുന്നതിങ്ങനെ: മഹിദ്പുർ നഗരത്തിൽ താമസിക്കുന്ന അബ്ദുൾ റഷീദ് കാലങ്ങളായി അവിടെ ആക്രിക്കച്ചവടം നടത്തുന്ന ആളാണ്. ശനിയാഴ്ച സ്വന്തം വാഹനത്തിൽ പാഴ്വസ്തുക്കൾ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്. പ്രതികൾ റഷീദിനെ ഗ്രാമം വിട്ടു പോകാൻ നിർബന്ധിച്ചു. ഇനി കച്ചവടം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തിൽ നിന്ന് പോകും വഴി പിപ്ലിയാ ധൂമ എന്ന സ്ഥലത്തു വച്ചാണ് രണ്ടാളുകൾ അദ്ദേഹത്തെ തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും 'ജയ് ശ്രീറാം' ഉരുവിടാൻ നിർബന്ധിക്കുകയും ചെയ്തു. ഇവരുടെ നിർദ്ദേശം അനുസരിച്ച റഷീദ് പുന്നീട് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വീഡിയോകളിൽ റഷീദിന്റെ വാഹനത്തിൽ നിന്നും പ്രതികൾ ആക്രി സാധനങ്ങൾ വലിച്ചെറിയുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. നിർബന്ധത്തിനു വഴങ്ങി റഷീദ് 'ജയ് ശ്രീറാം' ഉരുവിടുന്നതും വീഡിയോയിലുണ്ട്.മുൻപും സംസ്ഥാനത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ്സ് അദ്ധ്യക്ഷൻ കമൽ നാഥ് ആരോപിച്ചു.
ഇതൊരു പ്രത്യേക അജണ്ട പ്രകാരം നടക്കുന്ന കാര്യമാണോ ? ഒരു നോക്കുകുത്തിയെപ്പോലെ സർക്കാർ എല്ലാം കണ്ടു നിൽക്കുകയാണ്. സംസ്ഥാനത്തുടനീളം അരാജകത്വം നിലനിൽക്കുകയും നിയമത്തെ പരിഹസിക്കുകയുമാണ്. സമാധാനം ഇല്ലാതാക്കുന്നവരക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും കമൽ നാഥ് കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഇത്തരം സംഭവങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോകൾ എങ്ങനെയാണ് കോൺഗ്രസിന്റെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നതെന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവങ്ങൾ ആസൂത്രിതമാണോ അല്ലയോ എന്നത് അന്വേഷിക്കപ്പെടേണ്ട കാര്യമാണെന്നും സാരംഗ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ