കോഴിക്കോട്: കേരളത്തിലെ ഇസ്ലാമികസമൂഹം നേരിടുന്ന അടിയന്തരപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നോ? പെരുന്നാളിന് കൂടുതൽ അവധി അനുവദിക്കുക,പള്ളിനിർമ്മാണ ചട്ടങ്ങൾ ലഘൂകരിക്കുക, സർക്കാർ ഉദ്യോഗസ്ഥർക്ക് മതസംഘടനകളിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കുക തുടങ്ങിയിവയാണത്രേ.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ആഭിമുഖ്യത്തിൽ കോഴിക്കോട് വിളിച്ചുചേർത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെയോഗമാണ്, കാതലായ പ്രശ്‌നങ്ങളൊന്നും ചർച്ചചെയ്യാതെ പിരിഞ്ഞത്.സമുദായത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ഗാർഹിക പീഡനം, വിവിധ സംഘടനകൾ തമ്മിലുള്ള ബദ്ധശത്രുത തുടങ്ങിയവയിലൊന്നും ഒരു കാര്യവും പുറത്തുപയാതെയാണ് യോഗം അവസാനിച്ചത്.

രണ്ട് പെരുന്നാളുകൾക്കും മൂന്നു ദിവസം അവധിവേണമെന്നാണ് ആവശ്യം. മൂന്ന് ദിവസം അവധി ലഭിക്കാത്തത് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വഖഫ്‌ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. പള്ളിനിർമ്മാണത്തിന് നിലവിലുള്ള കർക്കശമായ നിയമങ്ങൾ ലഘൂകരിച്ച് നിർമ്മാണാനുമതി നൽകാനുള്ള അധികാരം തദ്ദശേ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം.

മതസംഘടനകളിലും പള്ളിക്കമ്മിറ്റിയിലും പ്രവർത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്ക് കൽപിക്കുന്ന ഉത്തരവ് പിൻവലിക്കണം. അറബി ഭാഷയുടെ വികസനത്തിനായി കേരളത്തിൽ അറബി സർവകലാശാല സ്ഥാപിക്കണം. വഖഫ് സ്വത്തുക്കളുടെ സർവേക്കായി രൂപവത്കരിച്ച സർവേ കമീഷന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.വഖഫ് ബോർഡിൽനിന്നുള്ള ബജറ്റ് വിഹിതമായ വഖഫ് ഗ്രാന്റ് മറ്റ് സംസ്ഥാനങ്ങളിലേതുപോലെ വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വഖഫ് ബോർഡ് മെംബർമാരായ എം.സി. മായിൻഹാജി, അഡ്വ പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, ടി.പി. അബ്ദുല്ലക്കോയ മദനി, ഷമീമ ഇസ്ലാഹിയ, വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിൻകുട്ടി മാസ്റ്റർ, പ്രഫ. എ.കെ. അബ്ദുൽഹമീദ്, പ്രഫ. കെ.എം.എ. റഹിം, അബ്ദുൽ സമദ് സുല്ലമി, സി.പി. ഉമ്മർ സുല്ലമി, എ. അസ്‌കർ അലി, അബ്ദുൽ റഹിമാൻ പെരിങ്ങാടി, എൻ.എം. അബ്ദുൽ റഹിമാൻ, പി.കെ. അബ്ദുൽ ലത്തീഫ്, എൻജിനീയർ മുഹമ്മദ്‌കോയ, ഉമ്മർ വെള്ളലശ്ശേരി, അഡ. എം. മുഹമ്മദ്, ടി.കെ. പരീക്കുട്ടി ഹാജി എന്നിവർ ചർച്ചയിൽ പങ്കടെുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ബി.എം. ജമാർ സ്വാഗതം പറഞ്ഞു.