ന്യൂഡൽഹി: സ്ത്രീകൾക്ക് മുഖംമറയ്ക്കാതെ തനിച്ച് പുറത്തിറങ്ങാൻ അനുമതിയില്ലാത്ത സൗദിയിലേക്ക് ഹജ്ജിന് ഇന്ത്യൻ സ്ത്രീകളെ ഒറ്റയ്ക്കയക്കാൻ പ്രധാനമന്ത്രിയുടെ തീരുമാനം. ഉത്തർപ്രദേശിൽ ബിജെപിക്ക് ഗുണം ചെയ്ത മുത്തലാഖ് നിയമം പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ ഹ്ജ്ജ് വിഷയത്തിലും മോദി കൈവെച്ചത് മുസ്ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടാണ്.

പുരുഷന്റെ തുണയില്ലാതെ മുസ്ലിംസ്ത്രീകൾക്ക് ഹജ്ജ് തീർത്ഥാടനം നടത്താനുള്ള അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഹജ്ജിന് പുരുഷരക്ഷാകർത്താവില്ലാത്ത 1300 സ്ത്രീകൾ അപേക്ഷിച്ചിട്ടുണ്ടെന്നും ഇവർക്ക് മുൻഗണന നൽകുമെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും വ്യക്തമാക്കി.

വിവാഹബന്ധം നിഷിദ്ധമായ ഉറ്റബന്ധുക്കൾക്കോ (മെഹ്റം) ഭർത്താവിനോ ഒപ്പമല്ലാതെ 45 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള അനുമതി ഇതുവരെ നൽകിയിരുന്നില്ല. ഇതിനാണ് മാറ്റംവരുത്തുന്നത്. 'പുരുഷന്റെ തുണയില്ലാതെ സ്ത്രീകൾക്ക് ഹജ്ജ് തീർത്ഥാടനം പാടില്ലെന്ന നിയന്ത്രണം കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപതുവർഷത്തിനുശേഷവും ഇത്തരം നിയന്ത്രണങ്ങൾ അടിച്ചേൽപിക്കുകയാണ്. ദശകങ്ങളായി മുസ്ലിംസ്ത്രീകൾ വിവേചനം അനുഭവിക്കുകയാണ്. എന്നാൽ, അതേക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരത്തിൽ ഒരു നടപടി നിലവിലില്ല. സർക്കാരിന്റെ ശ്രദ്ധയിൽ ഈ വിഷയം എത്തിയപ്പോൾത്തന്നെ നടപടിയെടുത്തു. സ്ത്രീകൾക്ക് പുരുഷതുണയില്ലാതെത്തന്നെ ഇനിമുതൽ ഹജ്ജ് അനുഷ്ഠിക്കാം'- പ്രധാനമന്ത്രി പറഞ്ഞു.

'ഈ വർഷം ഒറ്റയ്ക്ക് ഹജ്ജിന് പോകുന്നതിനായി ആയിരത്തിമുന്നൂറോളം സ്ത്രീകൾ അപേക്ഷ നൽകിയിട്ടുണ്ട്. കേരളം മുതൽ വടക്കേ ഇന്ത്യ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അപേക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ അപേക്ഷിച്ച എല്ലാവരെയും ഹജ്ജ്കർമത്തിന് അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. സാധാരണനിലയിൽ നറുക്കെടുത്താണ് തീർത്ഥാടകരെ നിശ്ചയിക്കുക. എന്നാൽ, ഒറ്റയ്ക്ക് പോകാനാഗ്രഹിക്കുന്ന വനിതകളെ ഈ നറുക്കെടുപ്പിൽ നിന്നൊഴിവാക്കി പ്രത്യേകവിഭാഗം എന്ന നിലയിൽ പരിഗണന നൽകും. സ്ത്രീശാക്തീകരണത്തിലൂടെയാണ് രാജ്യം പുരോഗമിക്കുകയുള്ളൂവെന്നാണ് സർക്കാർ ഉറച്ചുവിശ്വസിക്കുന്നത്'- പ്രധാനമന്ത്രി പറഞ്ഞു.

ഭർത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്റം) ഹജ്ജിനു പോകാൻ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചതോടെ മറ്റൊരു വിപ്ലവകരമായ തീരുമാനമായി ഇത് മാറും. പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാർ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകൾക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകൾ തനിച്ച് ഹജ്ജിനു പോകുന്നത് അനുവദനീയമായിരുന്നില്ല.

സാധാരണയായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയാണ് ഹജ്ജിനു പോകാൻ അപേക്ഷിച്ചിട്ടുള്ളവരിൽനിന്ന് നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. 170000 ആണ് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട.