കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രതിനിധ്യം നൽകികൊണ്ടുള്ള സ്ഥാനാർത്ഥി നിർണയമായിരിക്കും ഇത്തവണ ഉണ്ടാകുകയെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും യൂത്ത് ലീഗിന്റെ ആശങ്ക ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. സീറ്റുകൾ അരക്കിട്ടുറപ്പിക്കുന്നതിനായി സിറ്റിംങ് എംഎ‍ൽഎമാരും മണ്ഡലങ്ങളിലെ പ്രമുഖരും ചരടുവലി ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു യൂത്ത് ലീഗിന്റെയും ആശങ്ക പ്രകടമാക്കിയിരിക്കുന്നത്. മുതിർന്നവർ മാത്രം മത്സരിച്ചിരുന്ന കീഴ് വഴക്കമായിരുന്നു ലീഗിൽ എക്കാലത്തും നിലനിന്നിരുന്നത്. ഇതിന് ഒരുപരിതി വരെ മാറ്റം സംഭവിച്ചത് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായിരുന്നു. 2011ൽ യൂത്ത് ലീഗ് സെക്രട്ടറി, പ്രസിഡന്റ് (എൻ ഷംസുദ്ധീൻ, കെ.എം ഷാജി) എന്നിവർക്ക് സീറ്റ് നൽകിയിരുന്നു. എന്നാൽ ഇത്തവണ മത്സരിക്കാൻ യോഗ്യരായവരുടെ തിക്കുംതിരക്കും യൂത്ത് ലീഗിന് സീറ്റ് നഷ്ടമാകുമോ എന്നതാണ് ആശങ്ക ഇടയാക്കിയിട്ടുള്ളത്.

ആശങ്ക പങ്കുവെയ്ക്കുന്നതിനും യൂവ പ്രാതിനിധ്യം കൂടുതൽ ഉറപ്പാക്കുന്നതിനും സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളിൽ ചിലർ കഴിഞ്ഞ ദിവസം ലീഗ് നേതാക്കളെ കണ്ടിരുന്നു. ഹൈദരലി തങ്ങൾ അടക്കമുള്ള ലീഗ് നേതൃത്വത്തെ വിഷയം ധരിപ്പിക്കുകയും നാലിൽ കുറയാത്ത സീറ്റ് യൂത്ത് ലീഗിന് വേണമെന്ന ആവശ്യം മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യൂത്ത് ലീഗിന്റെ ആവശ്യം ഇപ്പോൾ തള്ളാനും ഉൾകൊള്ളാനും ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. നേതാക്കൾ കൂടിയാലോചിച്ച ശേഷം സീറ്റ് നിർണയ ചർച്ചയിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. അതേസമയം ഇപ്പോൾ സീറ്റ് ധാരണയാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ ലീഗിനുള്ളിൽ ശക്തിയായി നടക്കുന്നുണ്ട്. ഏതാനും ചില സീറ്റുകളിൽ മാത്രമാണ് ആരെ മത്സരിപ്പിക്കണമെന്ന ചർച്ചയും അഭിപ്രായങ്ങളും നിലനിൽക്കുന്നത്. യു.ഡി.എഫ് ചർച്ച പൂർത്തിയായാലുടൻ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ ഇപ്പോൾ നിടക്കുന്ന രഹസ്യ ചർച്ചകളിൽ യൂത്ത് ലീഗ് പ്രതിനിധികളെ പങ്കെടുപ്പിക്കാത്തതിൽ അമർഷം നിലനിൽക്കുന്നുണ്ട്. യൂത്ത് ലീഗ് പ്രതിനിധികൾ മത്സരിക്കേണ്ട വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ മറ്റുപലർക്കും പകുത്ത് നൽകുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് നേതാക്കൾ ഇടപെട്ട് നേതാക്കളോട് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

യൂത്ത് ലീഗ് അഖിലേന്ത്യാ കൺവീനർ പികെ ഫിറോസ്, സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി, സെക്രട്ടറി സി.കെ സുബൈർ, വൈസ് പ്രസിഡന്റ് സിപിഎ അസീസ് എന്നിവിവരുടെ പേരുകളാണ് യൂത്ത് ലീഗിന്റെ ഭാഗത്ത് നിന്നും മുന്നോട്ടു വച്ചിട്ടുള്ളത്. ഇതിൽ നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി യൂത്ത് ലീഗ് വിട്ടിരിക്കുകയാണ്. ഇത്തവണ ഒന്നോ രണ്ടോ സീറ്റ് യൂത്ത് ലീഗിന് നൽകിയാൽ മതിയെന്ന ചർച്ച ലീഗ് നേതാക്കൾ നടക്കുന്നതിനിടെയാണ് യൂത്ത് ലീഗ് ആവശ്യം വ്യക്തമാക്കിയത്. മാത്രമല്ല സിറ്റിംങ് എംഎൽഎമാരായ കെ.എം ഷാജി, എൻ ഷംസുദ്ധീൻ എന്നിവരെ ഇത്തവണയും യൂത്ത് ലീഗിന്റെ പേരിൽ മത്സരിപ്പിച്ച് യൂത്ത് ലീഗിൽ നിന്നും ആർക്കും സീറ്റ് നൽകേണ്ടെന്ന ചർച്ചയും ലീഗിനുള്ളിൽ നടന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ യുവാക്കൾക്ക് വ്യക്തമായ പ്രാതിനിധ്യം കൊടുക്കുമെന്നാണ് അറിയുന്നത്. അതേസമയം പാർലമെന്റ് മോഹമാണ് സംഘടനാ പുനഃസംഘടന വൈകിപ്പിക്കുന്നതിനു പിന്നിലെന്ന ആക്ഷേപം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ഉയർന്നിട്ടുണ്ട്.

മൂന്ന് വർഷം കൂടുമ്പോൾ നടക്കേണ്ട യൂത്ത് ലീഗ് അംഗത്വ വിതരണവും പുനഃസംഘടനയും അഞ്ച് വർഷം വരെ നീട്ടികൊണ്ടു പോകുന്ന അവസ്ഥയാണിപ്പോൾ. ഇതിനെതിരെ സംസ്ഥാന നേതാക്കൾക്കെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ സീറ്റിനു വേണ്ടിയാണ് പു:നസംഘടന തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടു പോകുന്നതെന്ന ആക്ഷേപമാണ് ഈ സാഹചര്യത്തിൽ വീണ്ടും ശക്തിയായിരിക്കുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പും മുസ്ലിലീഗിന്റെ കേരളയാത്രയും വന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനു ശേഷം നടത്തിയാൽ മതിയെന്ന ലീഗ് നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പു:നസംഘടന നീട്ടികൊണ്ടു പോയതെന്ന് യൂത്ത് ലീഗ് നേതാക്കൾ മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഇതിനു പിന്നിൽ സീറ്റ് വ്യാമോഹമില്ലെന്നും അവർ പറഞ്ഞു.

എന്നാൽ യൂത്ത് ലീഗിന് വ്യക്തമായ പ്രാതിനിധ്യം വേണമെന്ന കാര്യത്തിൽ നേതാക്കൾ ഉറച്ചു നിൽക്കുകയാണ്. ഹൈദരലി തങ്ങളുടെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണിവർ. നിലവിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, അഖിലേന്ത്യാ കൺവീനർ പികെ ഫിറോസ് എന്നിവരുടെ പേരുകളാണ് ഏറെ സാധ്യത കൽപിക്കപ്പെടുന്നത്. കോഴിക്കോട് കുന്നമംഗലത്ത് നിന്നും പികെ ഫിറോസ് മത്സരിച്ചാൽ വിജയക്കൊടി പാറിക്കാന് സാധിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. എന്നാൽ യു.സി രാമന് ഇത്തവണയും കുന്നമംഗലം നൽകുകയാണെങ്കിൽ മറ്റൊരു സീറ്റ് കണ്ടെത്തേണ്ടിവരും. പി.എം സാദിഖലിക്ക് സ്വന്തം ജില്ലയായ തൃശൂരിൽ നിന്നാണ് സാധ്യത. ഗുരുവായൂരിലെ സീറ്റിൽ സി.എച്ച് റശീദ്, അഷ്‌റഫ് കോക്കൂർ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും സാദിഖലി പരിഗണനയിലുണ്ട്. കുറ്റ്യാടി മണ്ഡലത്തിലാണ് സി.കെ സുബൈറിന് സാധ്യത.

എന്നാൽ സാദിഖലി, സുബൈർ എന്നിവർക്ക് പരിഗണിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ മലപ്പുറം ജില്ലയിൽ നിന്നും സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നും സൂചനയുണ്ട്. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സിപിഎ അസീസിന് കോഴിക്കോട് ജില്ലയിലെ വിജയ സാധ്യതയുള്ള സീറ്റ് നൽകിയേക്കും. എത്ര സീറ്റുകൾ യൂത്ത് ലീഗിന് നൽകണമെന്ന അന്തിമ ചർച്ചയിലായിരിക്കും തീരുമാനം. എന്നാൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരമൊരുക്കുമെന്ന ഹൈദരലി തങ്ങളുടെ വാക്കുകളാണ് യൂത്തിലീഗിന് പ്രതീക്ഷ നൽകുന്നത്.