നെയ്‌റോബി: ഭൂമിയിൽ മുസ്ലീങ്ങളല്ലാത്തവർ ജീവിച്ചിരിക്കാൻ പാടില്ല...അതാണ് ഇവിടുത്തെ ഓരോ മുസ്ലിം ഭീകരസംഘടനകളുടെയും അടിസ്ഥാന ആശയം. അതിന് വേണ്ടി കഴിയുന്നിടത്തോളം അവിശ്വാസികളെ കൊന്നൊടുക്കാൻ അവർ അവസരം കിട്ടുമ്പോഴൊക്കെ അത് ചെയ്യാറുമുണ്ട്. കുറച്ച് കാലമായി ഇറാഖിലും സിറിയയിലും ഐസിസ് ചെയ്യുന്ന കൂട്ട വംശഹത്യയുടെ കാരണവുമതാണ്. ഇപ്പോഴിതാ കെനിയയിലെ അൽഷബാബ് മുസ്ലിം ഭീകരർ ശ്രമിച്ചതും അതിന് വേണ്ടിയായിരുന്നു.

ഓടുന്ന ഒരു ബസ് തടഞ്ഞ് നിർത്തി അതിലെ മുസ്ലീങ്ങളോട് മാറി നിൽക്കാനായിരുന്നു അവർ ആവശ്യപ്പെട്ടിരുന്നത്. ശേഷിക്കുന്ന ക്രിസ്ത്യാനികളെ വെടിവച്ച് കൊല്ലുകയായിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ക്രിസ്ത്യാനികളെ തോക്കിന് മുന്നിലേക്ക് തള്ളിവിടാൻ മുസ്ലീങ്ങൾ തയ്യാറാവാതിരുന്നതോടെ രക്ഷപ്പെട്ടത് അനേകം നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനുകളാണ്. കെനിയൻ മുസ്ലീങ്ങളുടെ ഈ സഹജീവി സ്‌നേഹവും ഉദാരതയും ഇപ്പോൾ ലോകം പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്.

കെനിയയുടെ വടക്ക് ഭാഗത്തായിരുന്നു സംഭവം്. അൽഖ്വയ്ദയുടെ ബ്രാഞ്ചെന്നോണം കിഴക്കൻ ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണ് അൽ ഷബാബ്. ഇവർ കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് നിന്നും നയ്‌റോബിയിലേക്ക് പോകുന്ന ഒരു ബസ് തടഞ്ഞ് നിർത്തി 28 അമുസ്ലീങ്ങളെ വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ ദിവസം വെടിവച്ച് കൊണ്ട് ഭീകരർ ബസിനകത്തേക്ക് ഇരച്ച് കയറിയതിനെ തുടർന്ന് രണ്ടു പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരരുടെ വരവ് കണ്ട് ബസിലുള്ള മുസ്ലീങ്ങളിൽ ചിലർ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ വസ്ത്രങ്ങൾ പെട്ടെന്ന് കൈമാറിയതിനാൽ ഭീകരർക്ക് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരുകയും അവർ മടങ്ങിപ്പോവുകയുമായിരുന്നു.

ഭീകരർ എത്ര നിർബന്ധിച്ചിട്ടും മുസ്ലീങ്ങൾ മാറിയിരിക്കാൻതായ്യാറായില്ലെന്നതാണ് മഹത്തായ കാര്യം. തുടർന്ന് തങ്ങൾ വീണ്ടും വരും എന്ന ഭീഷണിയോടെ ഭീകരർ തിരിച്ച് പോവുകയായിരുന്നു. എന്നാൽ തങ്ങൾ ബസിൽ വെടിവച്ചിട്ടുണ്ടെന്നാണ് അൽ ഷബാബ് മിലിട്ടറി വക്താവായ ഷെയ്ഖ് അബ്ദിയായിസി അബു മുസാബ് പറയുന്നത്. കഴിഞ്ഞ വർഷം കെനിയയിൽ ഭീകരർ നടത്തിയ ബസ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് അത് കെനിയയെയും സർവോപരി ലോകത്തെയും ഞെട്ടലിലാഴ്‌ത്തിയിരുന്നു.

തങ്ങൾക്കൊപ്പമുള്ള മറ്റ് മതവിഭാഗക്കാരെ കൊല്ലണമെങ്കിൽ ആദ്യം തങ്ങളെ കൊല്ലണമെന്ന് മുസ്ലിം സഹോദരങ്ങൾ ഒന്നടങ്കം ശഠിച്ചതോടെ തീവ്രവാദിക്ക് നിരാശരായി പിന്തിരിയേണ്ടിവന്നു. ബസിൽ മുസ്ലിങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽനിന്നും പാപ്പാ സിറ്റിയിലേക്ക് 60 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് യാത്രാമദ്ധ്യേ തീവ്രവാദികൾ തടഞ്ഞത്. ബസിന്റെ ചില്ലിന് നേരെ തീവ്രവാദികൾ നിറയൊഴിച്ചതോടെ ബസ് നിർത്തേണ്ടിവന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ബസിൽ കടന്ന തീവ്രവാദികൾ യാത്രക്കാരോട് ഇസ്ലാമികൾ, അനിസ്ലാമികൾ എന്നിങ്ങനെ വേർതിരിഞ്ഞ് നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ എല്ലാവരും മനുഷ്യരാണെന്ന് വാദിച്ച മുസ്ലിം സഹോദരങ്ങൾ തങ്ങൾ ജീവനോടെയിരിക്കെ മറ്റുള്ളവരെ വധിക്കാൻ അനുവദിക്കില്ലെന്ന് ശഠിച്ചു. ഇതോടെ തീവ്രവാദികൾ ആശയക്കുഴപ്പത്തിലായി. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒരാൾ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.

ഒരു ട്രക്ക് നിറച്ച് പൊലീസുകാർ തങ്ങളെ പിന്തുടരുന്നുണ്ടെന്ന യാത്രക്കാരിൽ ഒരാളുടെ വെളിപ്പെടുത്തലാണ് സംഭവത്തിൽ നിർണായകമായത്. ഇതോടെ ബസും യാത്രക്കാരും ഒരു കുടുക്കാണോയെന്ന സംശയം ഭീകരരിൽ ഉയർന്നു. സഹയാത്രികരെ ബലിയാടാക്കാൻ തയ്യാറല്ലെന്ന നിലപാട് മുസ്ലിങ്ങൾ കടുപ്പിച്ചതോടെ തീവ്രവാദികൾ ബസിന് പോകാനുള്ള അനുമതി നൽകി. ബസിന് പിന്നാലെവന്ന ഒരു ട്രക്ക് ഭീകരർ തടഞ്ഞതായും റിപ്പോർട്ടുണ്ട്.

ഈ മേഖലയിലെ ബസുകൾക്ക് പൊലീസ് അകമ്പടിയേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ യാതൊരു സാധ്യതയുമുണ്ടാവില്ലായിരുന്നുവെന്നും പൊലീസ് സുരക്ഷ അവഗണിച്ച് ബസ് ഓടിയതിനാലാണ് ഇത് ഉണ്ടായതെന്നും പൊലീസ് വക്താവ് പറയുന്നു. സോമാലിയയിൽ തങ്ങളുമായി പോരടിക്കുന്ന ആഫ്രിക്കൻ യൂണിയൻ സേനയിൽ നിന്നും നയ്‌റോബി ട്രൂപ്പുകളെ പിൻവലിക്കുന്നത് വരെ തങ്ങൾ കെനിയയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുമെന്നാണ് അൽ ശബാബ് ഭീഷണി മുഴക്കിയിരിക്കുന്നത്. നോർത്ത് ഈസ്‌റ്റേൺ കെനിയ സോമാലിയയുടെ ഭാഗമാണെന്നും ഭീകരർ അവകാശപ്പെടുന്നു.