ഹൈദരാബാദ്: മുസ്ലീങ്ങൾ ചെമ്മീൻ കഴിക്കരുതെന്ന് മതപാഠശാലയുടെ ഫത്വ. ബാങ്ക് ജീവനക്കാരെ ജീവിതപങ്കാളിയാക്കരുതെന്ന ഫത്വക്ക് പിറകെയാണ് ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന സർവകലാശാല ഫത്വ ഇറക്കിയത്.

ചെമ്മീൻ ഒരു തരം പ്രാണി വർഗത്തിൽ ഉൾപ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളിൽപ്പെട്ടതല്ലെന്നും ജനുവരി ഒന്നിന് ഇറങ്ങിയിട്ടുള്ള ഫത്വയിൽ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാൽ മുസ്ലിങ്ങൾ ഇത് ഭക്ഷണത്തിൽ നിന്ന് മാറ്റിനിർത്തണമെന്നുമാണ് നിർദ്ദേശം.

കഴിഞ്ഞ ദിവസമായിരുന്നു പലിശപ്പണത്തിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളിലെ ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്നു ഫത്വ ഇറക്കിയത് യു.പിയിലെ സഹാരൻപുരിൽ പ്രവർത്തിക്കുന്ന മുസ്ലിം മതപഠന സ്ഥാപനമായ ദാറുൽ ഉലും ദേവ്ബന്ദാണ്.

ബാങ്ക് ജീവനക്കാർ പറ്റുന്ന ശമ്പളം 'ഹറാം' ഗണത്തിൽപ്പെടുന്നതായതിനാലാണ് അത്തരക്കാരെ ജീവിതപങ്കാളിയാക്കരുതെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ പലിശ ഈടാക്കുന്നതും ലാഭത്തിൽ കണ്ണുവച്ച് നിക്ഷേപം നടത്തുന്നതും ഇസ്ലാം വിശ്വാസപ്രകാരം തെറ്റാണ്. പലിശയിൽ അധിഷ്ഠിതമായാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. അവിടെനിന്നുള്ള ശമ്പളം അതിനാൽത്തന്നെ 'ഹറാം' ആണെന്നാണ് ലഖ്നൗവിലെ മതപഠന സ്ഥാപനത്തിന്റെ നിരീക്ഷണം.