ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ വിജയം ഇസ്ലാമിക സമൂഹത്തിൽ, പ്രത്യേകിച്ച് അറബ് ലോകത്ത് വിതചച്ചത് ആശങ്കയാണ്. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും എല്ലാ രാജ്യങ്ങളോടും സൗഹൃദം പുലർത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് പറഞ്ഞെങ്കിലും അത് അറബ് ലോകത്തിന് സമാധാനം കൊടുക്കുന്നില്ല. കടുത്ത ഇസ്ലാം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമായ ട്രംപ് പ്രസിഡന്റാകുമ്പോൾ അതിന്റെ പ്രത്യാഘാതം എന്തൊക്കെയാവും എന്നാണ് ഈ സമൂഹത്തിന്റെ ചിന്ത.

കഴിഞ്ഞവർഷം ഡിസംബറിലാണ് ഇസ്ലാമിനെക്കുറിച്ച് കടുത്ത ഭാഷയിൽ ട്രംപ് സംസാരിച്ചത്. മുസ്ലീങ്ങൾ അമേരിക്കയിൽ കടക്കുന്നത് വിലക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വ്യാപകമായ പ്രതിഷേധമുണ്ടാക്കി. മുസ്ലിം ലോകത്തുമാത്രമല്ല, ബ്രിട്ടീഷ് പാർലമെന്റിലും അതിന്റെ അലയൊലികളുണ്ടായി. ട്രംപിനെ ബ്രിട്ടനിൽ കടത്തരുതെന്ന് ആവശ്യപ്പെട്ട് ചർച്ച പോലും നടന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെയും പലപ്പോഴും ട്രംപ് തള്ളിപ്പറഞ്ഞിരുന്നു.

പക്ഷേ, ഇത്രയ്ക്ക് ഇസ്ലാം വിരുദ്ധതയുണ്ടായിട്ടും ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതാണ് അറബ് ലോകത്തെ അതിശയിപ്പിക്കുന്നത്. ഇസ്ലാം സമൂഹത്തിന് അതുൾക്കൊള്ളാനാവില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സന്തോഷിക്കുക ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ മാത്രമാകുമെന്നും അവർ കരുതുന്നു. മുസ്ലിം ലോകത്ത് അമേരിക്കൻ വിരുദ്ധത ശക്തമാക്കാൻ ട്രംപിന്റെ ഭരണം വഴിയൊരുക്കുമെന്നാണ് ഐസിസിന്റെ പ്രതീക്ഷ.

അമേരിക്കക്കാർ ലോകത്തെ വീണ്ടും വഞ്ചിച്ചുവെന്നാണ് ബംഗ്ലാദേശുകാരനായ തഷ്ഫിൻ ചൗധരി അഭിപ്രായപ്പെട്ടത്. ലോകം വീണ്ടു ംകൂടുതൽ യുദ്ധങ്ങളിലേക്ക് പോകുമെന്നായിരുന്നു ഇന്തോനേഷ്യക്കാരനായ അലിയ ഡിയേറ്റിന്റെ അഭിപ്രായം. ലോകമെമ്പാടുമുള്ള ഭീകര സംഘടനകളുടെ ശക്തിപ്രകടനമാകും ഇനി വരാൻ പോകുന്നതെന്ന് ഇന്തോനേഷ്യൻ മുസ്ലിം സംഘടനയായ നഹ്ദലത്തുൽ ഉലമയുടെ പണ്ഡിതനായ സുഹൈരി മിസ്രാവി പറഞ്ഞു.

അമേരിക്കയുട ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങൾക്കും ട്രംപിന്റെ വിജയം അത്രയ്ക്ക് ആഹ്ലാദം പകരുന്നില്ല. മേഖല വീണ്ടും യുദ്ധഭൂമിയാകുമോ എന്ന ആശങ്കയാണ് ഇവർക്കുള്ളത്. കുവൈത്ത് യുദ്ധവും ഇറാഖ് അധിനിവേശവും ഇപ്പോഴത്തെ സിറയൻ പ്രതിസന്ധിയുമൊക്കെ അറബ് ലോകത്ത് സൃഷ്ടിച്ച അസ്ഥിരതയും തിരിച്ചടികളും അവർക്ക് മറക്കാനാവില്ല. ഇസ്ലാം വിരുദ്ധതയാണ് ട്രംപിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് വിശ്വസിക്കുന്നവരുമേറെയാണ്.

അറബ് ലോകത്തിനുമാത്രമല്ല ആശങ്ക. ട്രംപിന്റെ വരവ് ഭീകര സംഘടനകളെ കൂടുതൽ ഉത്തേജിപ്പിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങളും ഭയക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷികൾ എന്ന നിലയ്ക്ക് ഭീകരരുടെ ആക്രമണത്തിന് യൂറോപ്പും വേദിയാകും. കഴിഞ്ഞ രണ്ടുവർഷങ്ങളായി പെരുകിവരുന്ന ഭീകരാക്രമണങ്ങൾ ഇനിയുമേറുമെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഭയക്കുന്നത്.