മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിൽ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി വിധി പ്രഖ്യാപിച്ച മുസ്തഫ ദോസ്സ അന്തരിച്ചു.മുംബൈ അർതർ ജയിലിൽ കഴിയവേ പുലർച്ചെ മൂന്നു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ദോസ്സയെ ജെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.അമിതമായ രക്തസമ്മർദ്ദവും പ്രമേഹവും അണുബാധയുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കേസിൽ നേരത്തെ തൂക്കിലേറ്റിയ യാക്കൂബ് മേമനേക്കാൾ ഗുരുതരമായ കുറ്റകൃത്യമാണ് സ്ഫോടനം നടത്തിയ ദോസ്സ ചെയ്തതെന്നും അതിനാൽ വധശിക്ഷ നൽകണമെന്നും കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയ്ക്കു പിന്നിലുള്ള ബുദ്ധികേന്ദ്രം ദോസ്സയാണെന്നും അതുകൊണ്ടുതന്നെ കേസിൽ ഗൗരവമേറിയ പങ്കുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം.

കേസിൽ ദോസ്സ, അബു സലീം തുടങ്ങീ അഞ്ചുപേർ കൊലപാതകം, ഗൂഢാലോചന, ടാഡ നിയമപ്രകാരം കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ആറാമൻ റിയാസ് സിദ്ദിഖിക്കെതിരെ ടാഡ നിയമപ്രകാരവും കുറ്റം ചുമത്തിയിരുന്നു. 1993 മാർച്ച് 12ന് നടന്ന സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ടിരുന്നു.