ആലപ്പുഴ: മൂത്തലാഖിലൂടെ മൊഴി ചൊല്ലിയ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും നഷ്പരിഹാരം നൽകാൻ ഒടുവിൽ സമ്മതിച്ചു. കോടതി വിധി വന്നിട്ടും കളക്ടർ വരെ ഇടപെട്ടിട്ടും തീരാത്ത പ്രശ്‌നത്തിനാണ് ഇന്നലെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളും മഹല്ല് ഭാരവാഹികളും നടത്തിയ ചർച്ചയിൽ തീരുമാനമായത്. വെള്ളിയാഴ്ച മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിലാണ് ചർച്ച നടന്നത്.

പരാതിക്കാരിയായ തുറവൂർ പാട്ടുപുരയ്ക്കൽ ഷെരീഫ മൻസിൽ നിഷയും ബന്ധുക്കളും ഭർത്താവ് ഷിഹാബും പങ്കെടുത്ത ചർച്ചയിലാണ് ധാരണയായത്. ഭർത്താവിൽ നിന്നും നീതി ആവശ്യപ്പെട്ട് മഹല്ലിന് മുമ്പിൽ രണ്ടാം വട്ടവും നിഷ സമരത്തിന് എത്തിയതോടെയാണ് സമരം ഒത്തു തീർപ്പിലായത്. നിഷയ്ക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും കുട്ടികൾക്ക് ചെലവിനായി പ്രതിമാസം നാലായിരം രൂപയും നൽകാനാണ് ധാരണയായത്.

20 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ മാർച്ച് 22-ന് നൽകും. ബാക്കി പത്തുലക്ഷം പത്തു മാസത്തിനുള്ളിൽ നൽകും. ഇതിനായി ചെക്കു നൽകും. നിഷയും കുട്ടികളും വടക്കനാര്യാട് മഹല്ലിനു മുന്നിൽ രണ്ടാം പ്രാവശ്യവും സമരത്തിനിരിക്കുന്നതിനെത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്തംഗം പി.എ. ജുമൈലത്തിന്റെ നേതൃത്വത്തിൽ പ്രശ്നത്തിലിടപെട്ടത്.

നിഷയെ മുത്തലാഖ് ചൊല്ലിയ ഷിഹാബ് മറ്റൊരു വിവാഹം ചെയ്തു. ഇതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്ന നിഷയുടെ ജീവിതം വഴിമുട്ടി. ഭർ്തതാവിൽ നിന്നും നഷ്ടപരിഹാരവും നിഷയ്ക്ക് ലഭിച്ചില്ല. ഇതേ തുടർന്ന് നിഷ കുടുംബ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. എന്നാൽ, ഷിഹാബ് ഹൈക്കോടതിയിൽനിന്ന് ഇതിന് സ്റ്റേ വാങ്ങി. നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് വടക്കനാര്യാട് മഹല്ലിന് മുന്നിൽ സമരം നടത്തിയത്.

ആദ്യഘട്ടത്തിൽ ജില്ലാ കളക്ടർ ടി.വി.അനുപമ ഇടപെട്ടാണ് സമരത്തിൽനിന്ന് ഇവരെ പിന്തിരിപ്പിച്ചത്. കോടതി വിധിച്ച നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കളക്ടർ ഉത്തരവിടുകയും ചെയ്തു. എന്നാൽ, പണം നൽകാൻ ഷിഹാബ് കൂട്ടാക്കിയില്ല. ഇതിനെത്തുടർന്ന് നിഷ വീണ്ടും സമരത്തിനിറങ്ങുകയായിരുന്നു.

വെള്ളിയാഴ്ച നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത്, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.ജി.രാജേശ്വരി വടക്കനാര്യാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് എൻ.എച്ച്.ഷുക്കൂർ, മുൻപഞ്ചായത്ത് പ്രസിഡന്റ് എ.എൻ.ഹനീഫ എന്നിവർ പങ്കെടുത്തു.