ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഒറ്റപ്പെട്ടുപോയ ബധിരയും മൂകയുമായ ഗീത എന്ന പെൺകുട്ടിയെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഗീതയുടെ കുടുംബത്തെ കണ്ടെത്തിയതായും ഡിഎൻഎ പരിശോധന നടത്തി കുടുംബത്തിനു ഗീതയെ കൈമാറുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പിതാവിനെയും രണ്ടാനമ്മയെയും സഹോദരങ്ങളെയും ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷിന് അയച്ചുകൊടുത്ത ചിത്രങ്ങളിൽ നിന്നു ഗീത തിരിച്ചറിഞ്ഞതായി മന്ത്രാലയത്തോടു അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ബിഹാറിലാണ് കുടുംബം ജീവിക്കുന്നത്. ഗീതയ്ക്ക് തിരിച്ചുവരുന്നതിനാവശ്യമായ ഔദ്യോഗിക രേഖകൾ എത്രയും പെട്ടെന്ന് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഗീതയെ 13 വർഷം മുമ്പാണ് പാക്കിസ്ഥാൻ അതിർത്തിരക്ഷാസേന കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയ ഗീതയ്ക്ക് ഇപ്പോൾ 23 വയസ്സായി. പാക്ക് പഞ്ചാബിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷനു കൈമാറുകയായിരുന്നു. രണ്ടു രാജ്യങ്ങളിലും തരംഗമായി മാറിയ 'ബജ്രംഗി ഭായ്ജാൻ' സിനിമയുടെ പശ്ചാത്തലത്തിൽ ഗീത വീണ്ടും വാർത്തകളിൽ നിറഞ്ഞു. തുടർന്നു ഇരു രാജ്യങ്ങളിലെയും സന്നദ്ധ പ്രവർത്തകരും സർക്കാരും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് ഗീതയെ ഇന്ത്യയിലെത്തിക്കുന്നത്.

പതിനഞ്ച് വർഷമായി പാക്കിസ്ഥാനിൽ കഴിയുന്ന മൂകയും ബധിരയുമായ പെൺകുട്ടി ഗീതയെ പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസിനൊപ്പം തിരികെ ഇന്ത്യയിലെത്തിക്കാൻ നീക്കമുണ്ടായിരുന്നുവെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയതോടെ നാട്ടിൽ മടങ്ങിയെത്താനുള്ള ഗീതയുടെ മോഹവും പൊലിഞ്ഞു എന്നതരത്തിൽ പാക്കിസ്ഥാൻ വാർത്തകൾ പ്രചരിപ്പിച്ചു. തുടർന്ന് വിദേശ കാര്യമന്ത്രാലയം പ്രശ്‌നത്തിൽ സജീവമായി ഇടപെട്ടു. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയെ 15 വർഷം മുമ്പാണ് പാക്കിസ്ഥാൻ അതിർത്തിരക്ഷാസേന കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയ ഗീത ഇപ്പോൾ 23 വയസ്സുള്ള യുവതിയാണ്.

സൽമാൻ ഖാന്റെ  ബജരംഗ്ബലിയെന്ന സിനിമയും ഗീതയുടേതിന് സമാനമായ കഥയാണ് പറഞ്ഞത്. പാക്കിസ്ഥാനിൽ നിന്ന്  ഇന്ത്യയിലെത്തിപ്പെട്ട ബധിരയും മൂകയുമായ ബാലികയെ ഹനുമാൻ ഭക്തനായ ബ്രാഹ്മണയുവാവ് 'ബജ്രംഗി' (സൽമാൻ ഖാൻ ) ഏറെക്കാലം സംരക്ഷിക്കുന്നതും പിന്നീട് അവളുടെ നാട് പാകിസ്ഹാനിലാണെന്ന് മനസ്സിലാക്കുമ്പോൾ ബന്ധുക്കളെ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കബീർ ഖാൻ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഗീതയുടേത്. ഈ സിനിമ പുറത്തുവന്നതോടെയാണ് ഗീതയുടെ ദുരിതവും വാർത്തകളിൽ നിറയുന്നത്. ഈ സാഹചര്യത്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ പാക്കിസ്ഥാനും ശ്രമം തുടങ്ങിയത്.

പാക് പഞ്ചാബിലെ അതിർത്തിഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തിൽ സംഘടനയുടെ അധ്യക്ഷ ബിൽക്കീസ് എദി അവൾക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈന്ദവ പെൺകുട്ടിയെ പോലെയാണ് ഗീതയെ അവർ വളർത്തിയതും. സംസാരശേഷിയില്ലാത്ത ഗീതയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതായിരുന്നു വെല്ലുവിളി.

അവൾ ഇടയ്ക്കിടെ എഴുതിക്കാണിക്കുന്ന 193 എന്ന നമ്പർ വീടിന്റെ നമ്പർ ആണെന്നും ഇന്ത്യയുടെ മാപ്പിൽ തൊട്ടുകാണിക്കുന്നതിൽ നിന്ന് തെലങ്കാനയിലോ ഛത്തീസ്‌ഗഢിലോ ആവാം അവളുടെ വീടെന്നും ഊഹിച്ചിരുന്നു. മതാപിതാക്കളെ കണ്ടെത്തിയതോടെ ഇതെല്ലാം മാറുകയാണ്. എന്നാൽ, അവിടെ നിന്നെങ്ങനെ പാക്കിസ്ഥാൻ അതിർത്തിയിലെത്തി എന്നതിന് വ്യക്തതയില്ല. ഏഴു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്നാണ് ആംഗ്യത്തിലൂടെ അവൾ പറഞ്ഞിരുന്നത്.