ഡൽഹി: മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സായി. 12നെതിരെ 238 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. മുത്തലാഖ് ബിൽ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലിംപുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോൺഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു. മുത്തലാഖ് എന്ന പ്രാകൃത സംവിധാനം അവസാനിപ്പിക്കണം എന്നത് നീണ്ട കാലമായി മുസ്ലിം യുവതികൾ ഉന്നയിക്കുന്ന ആവശ്യമാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്നതിനെതിരെ ഇപ്പോഴും ്ചർച്ചകൾ തുടരുന്നു.

മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ 'മുത്തലാഖ്' ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയോടെയാണ് നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചപ്പോൾ, മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ആ പ്രതീക്ഷയാണ് മുത്തലാഖ് ബില്ലിലൂടെ ഇന്ന് യാഥാർഥ്യമായിരിക്കുന്നത്. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് എപ്പോഴും ഉയർന്ന് കേൾക്കുന്ന പേരാണ് ഷബാനുവിന്റേത്. ഒപ്പം തന്നെ തലാഖ് മുത്തലാഖ് എന്നിവ തമ്മിലുള്ള വ്യത്യാസവും പൊതു സമൂഹത്തിന് ഇന്നും അറിയാത്ത ഒന്നാണ്.

എന്തായിരുന്നു ഷാബാനു കേസ്

എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (1985 അകഞ 945, 1985 ടഇഇ (2) 556). 1932ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ജനിക്കുകയുണ്ടായി. 1975 മുതൽ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്ന് ആരോപിച്ച് 1978 ഏപ്രിൽ മാസത്തിൽ അവർ ഇൻഡോർ മജിസ്‌ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു. സി.ആർ. പി.സി 125 പ്രകാരം ഭർത്താവിൽ നിന്നും അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ 1978 നവംബർ മാസം 6-ന് ഭർത്താവ് അവരെ ഏകപക്ഷീയമായി വിവാഹമോചനം നടത്തി. കഴിഞ്ഞ 2 വർഷക്കാലത്തോളം 200 രൂപ വീതം ഭാര്യക്ക് പ്രതിമാസം നൽകിയിരുന്നുവെന്നും, കൂടാതെ ഇദ്ദ കാല സംരക്ഷണ ചെലവായും, ബാക്കിയുള്ള മഹർ സംഖ്യയും കൂടി മൊത്തം, 3000/ രൂപ, ബഹു: കോടതിയിൽ കെട്ടി വെച്ചിട്ടുണ്ടെന്നും, അതിനാൽ 'ത്വലാഖ്' ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകാൻ തനിക്കു ബാദ്ധ്യതയില്ല എന്നും ഖാൻ വാദിച്ചു.

ഈ വാദങ്ങൾ തള്ളിയ കോടതി, ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നൽകണമെന്ന് വിധിച്ചു. ഈ തുക നൽകാൻ കൂട്ടാക്കാതിരുന്ന ഭർത്താവ്, കോടതി മതവിശ്വാസത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തി നിയമ ബോർഡും ചില പ്രധാന മുസ്ലിം സംഘടനകളും പണ്ഡിതന്മാരും കേസിൽ കക്ഷി ചേർന്നു.

എന്താണ് തലാഖ് ?

തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.

എന്നാൽ തലാഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ത്വലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് ത്വലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്ബോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്ബതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്ബതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്ബാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)
'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.

വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241).

എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.

എന്താണ് മുത്തലാഖ്?

തലൈഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്ന4ാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്‌ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനയും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.

അതേസമയം മുത്തലാഖ് എന്നൊരു സമ്ബ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്. ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ ഒരാൾ ഇത്തരത്തിൽ മുത്തലാഖ് ചൊല്ലി ഒരാളെ ചമ്മട്ടിക്ക് അടിച്ച കഥയും ഉണ്ട്.