കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് നയിക്കുന്ന ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 5.41 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. ആദ്യ പാദമായ ഏപ്രിൽ- ജൂൺ കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 30 ശതമാനം വർദ്ധിച്ച് 45.20 കോടി രൂപയായി. മുൻ വർഷത്തെ സമാന കാലയളവിൽ വരുമാനം 34.85 കോടി രൂപ ആയിരുന്നു. ഇക്കുറി ആദ്യ പാദത്തിൽ കമ്പനിയുടെ ധനച്ചെലവ് മുൻ വർഷത്തെ 12.37 കോടി രൂപയിൽ നിന്ന് 55 ശതമാനം വർദ്ധിച്ച് 19.21 കോടി രൂപയായി. ധന ഇതര ചെലവിൽ 33 ശതമാനം വർദ്ധനയുണ്ടായി. മുൻ വർഷത്തെ 13.39 കോടി രൂപയിൽ നിന്ന് 17.84 കോടി രൂപയായാണ് ഇത്തവണ ധനകാര്യേതര ചെലവ് വർദ്ധിച്ചത്. വരുമാനത്തേക്കാൾ ചെലവ് വർദ്ധിച്ചതിനെ തുടർന്ന് ഇത്തവണ പത്ത് ശതമാനം ഇടിവ് അറ്റാദായത്തിലുണ്ടായി. ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലമാണ് കമ്പനി പ്രഖ്യാപിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ ജൂൺ കാലയളവിൽ 5.98 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇത്തവണ ആദ്യ പാദത്തിൽ 122.56 കോടി രൂപ മൂല്യമുള്ള 29,902 വായ്പകൾ കമ്പനി വിതരണം ചെയ്തു. മുൻ വർഷം ഏപ്രിൽ ജൂണിൽ ഇത് 28,952 വായ്പകൾ ആയിരുന്നു. അക്കാലയളവിൽ വിതരണം ചെയ്തത് 120.95 കോടി രൂപയാണ്. കമ്പനി നിലവിൽ അനുവദിക്കുന്ന മൊത്തം വായ്പ 36 ശതമാനം വർദ്ധിച്ച് 692 കോടി രൂപയിലെത്തി. 2013 ജൂൺ 30ന് ഇത് 509 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മൊത്തം വായ്പ 678 കോടി രൂപയായിരുന്നത് രണ്ട് ശതമാനം വർദ്ധിച്ചാണ് നടപ്പു വർഷത്തെ ആദ്യ ത്രെ#െമാസത്തിൽ 692 കോടി രൂപയിലെത്തിയത്. ഇക്കാലയളവിൽ കമ്പനിയിൽ നിന്ന് വായ്പ സ്വീകരിച്ചവരുടെ എണ്ണം ആറ് ശതമാനം വർദ്ധിച്ച് 2.43 ലക്ഷമായി.